തിരുവനന്തപുരം: ഗൃഹലക്ഷ്മിയുടെ 'തുറിച്ച് നോക്കരുത് ഞങ്ങൾക്ക് മുലയൂട്ടണം' എന്ന കവർ ചിത്രം മലയാളത്തിലെ എന്നല്ല, ഇന്ത്യയിലെ തന്നെ എക്കാലത്തേയും മികച്ച മുഖച്ചിത്രമെന്ന പേരിൽ ഇത് ചരിത്രത്തിൽ ഇടംനേടുമെന്ന് ലിസി ലക്ഷ്മി. ഇത്രയും ധീരമായ ചുവടുവയ്പ് നടത്തിയ ഗൃഹലക്ഷ്മിയിലെ എല്ലാവർക്കും അഭിനന്ദനം അറിയിക്കുന്നുവെന്നും താരം പറഞ്ഞു. മുഖ ചിത്രത്തിന്റെ മോഡലായ ജിലു ജോസഫിനെ അഭിനന്ദിക്കുകയും ലിസി ചെയ്തു, നിങ്ങൾ വിസ്മയിപ്പിച്ചു എന്നും താങ്കൾ ഏറെ തിളങ്ങുന്നു എന്നും താരം പറഞ്ഞു ഫേസ്‌ബുക്ക് വഴിയായിരുന്നു താരത്തിന്റെ പ്രതികരണം.

ലിസിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ

'ഒരു ഇന്ത്യൻ മാസികയുടെ മുഖച്ചിത്രമായി ഇത്രയും ധീരവും ചിന്തയുണർത്തുന്നതുമായ ചിത്രം ഞാൻ കണ്ടിട്ടില്ല. ഇതേ പശ്ചാത്തലത്തിൽ 2012ൽ ടൈം മാഗസിൻ മുഖച്ചിത്രം ഒരുക്കിയിരുന്നെങ്കിലും അതിൽ നിന്നൊക്കെ ഈ മുഖച്ചിത്രം മികവ് പുലർത്തുന്നു. 1968ലാണ് കറുത്ത നിറമുള്ള സ്ത്രീയെ മുഖച്ചിത്രത്തിൽ ഉൾപ്പെടുത്തി ഗ്ലാമർ മാഗസിൻ മാതൃകയായത്. അതേ ഫലമാണ് ഈ മുഖച്ചിത്രവും ഉണ്ടാക്കുന്നത്. മലയാളത്തിലെ എന്നല്ല, ഇന്ത്യയിലെ തന്നെ എക്കാലത്തേയും മികച്ച മുഖച്ചിത്രമെന്ന പേരിൽ ഇത് ചരിത്രത്തിൽ ഇടംനേടും. ഇത്രയും ധീരമായ ചുവടുവയ്പ് നടത്തിയ ഗൃഹലക്ഷ്മിയിലെ എല്ലാവർക്കും അഭിനന്ദനം അറിയിക്കുന്നു. ജിലു ജോസഫ്, നിങ്ങൾ വിസ്മയിപ്പിച്ചു. നിങ്ങൾ ഏറെ തിളങ്ങുന്നു'

ചിത്രത്തെ അനുകൂലിച്ചും പ്രതിരോധിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ഗൃഹലക്ഷ്മിയുടെ കവർ മാറ്റത്തിന്റെ തുടക്കത്തിലേക്കുള്ള ചവിട്ടു പടിയെന്നും ബിസിനസ് തന്ത്രമാണെന്നുമുള്ള നിരവധി അഭിപ്രായമാണ് ജനങ്ങളിൽ നിന്ന് ഉയരുന്നത്.

കുഞ്ഞിനെ മുലയൂട്ടുക എന്നത് അമ്മയ്ക്ക് മാത്രം കിട്ടുന്ന പ്രിവിലേജ് ആയാണ് താൻ മനസിലാക്കിയിരിക്കുന്നതെന്നും അതിനെ സമൂഹം വൾഗറായി ചിത്രീകരിക്കുമ്പോൾ മാത്രമാണ് അതിൽ അസ്വാഭാവികത വരുന്നതെന്നുമായിരുന്നു മോഡലായ ജിലു ജോസഫ് പ്രതികരിച്ചത്.