- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാക്ഷരത മിഷൻ അഥോറിറ്റി പ്രവർത്തിക്കുന്നത് രജിസ്ട്രേഷൻ ഇല്ലാതെയെന്ന് രേഖ; സാക്ഷരതാ സമിതി പിരിച്ചുവിട്ട് സാക്ഷരതാ മിഷൻ അഥോറിറ്റിയായപ്പോൾ രജിസ്റ്റർ ചെയ്തില്ല; സർക്കാരിന്റെ ഗ്രാൻഡ് മുടങ്ങാതെ ലഭിക്കുന്നത് അനധികൃത സ്ഥാപനത്തിനോ? പഠിതാക്കൾ ത്രിശങ്കുവിൽ
തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരത മിഷൻ അഥോറിറ്റി എന്ന പേരിൽ ഒരു സ്ഥാപനം രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് രജിസ്ട്രേഷൻ വകുപ്പ്. ജില്ലാ രജിസ്ട്രാർ (ജനറൽ) ഓഫീസിൽ നിന്നും വിവരാവകാശ പ്രകാരം ലഭ്യമായതാണ് ഈ ഞെട്ടിക്കുന്ന മറുപടി. ഒരു ക്ലാസ് പോലും നൽകാതെയുള്ള തുല്യത പരീക്ഷ നടത്തിപ്പും സർട്ടിഫിക്കറ്റ് വിതരണവും വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് സ്ഥാപനത്തിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന പുതിയ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്.
1998 ൽ കേരള സംസ്ഥാന സാക്ഷരത മിഷൻ അഥോറിറ്റി എന്ന പേരിൽ ഒരു സ്ഥാപനം രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് 1990ൽ സാക്ഷരത സമിതി എന്ന സംഘം രജിസ്റ്റർ ചെയ്ത ശേഷം നാളിതുവരെ യാതൊരു രേഖയും ഫയൽ ചെയ്തിട്ടില്ലെന്നാണ് രജിസ്ട്രേഷൻ വകുപ്പ് നൽകുന്ന മറുപടി. ഇതിന് മുമ്പ് കേരള സാക്ഷരതാ മിഷൻ അഥോറിറ്റി എന്ന സംഘം രജിസ്റ്റർ ചെയ്തിട്ടുള്ളതായി കമ്പ്യൂട്ടർ രേഖകളിൽ കാണുന്നില്ലെന്ന ഒരു മറുപടിയും ജില്ലാ രജിസ്ട്രാർ (ജനറൽ) നൽകിയിരുന്നു,
കേരള സംസ്ഥാന സാക്ഷരത മിഷൻ അഥോറിറ്റി എന്ന പേരിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിച്ചു വരുന്നത് വെറും കടലാസ് സ്ഥാപനം ആണെന്ന് ഇതിൽ നിന്നും വ്യക്തം. സാക്ഷരത മിഷൻ ഇറക്കുന്ന ഉത്തരവുകൾ, സാക്ഷരത, തുല്യത കോഴ്സ് സർട്ടിഫിക്കറ്റുകൾ അങ്ങനെ ഒന്നിലും തന്നെ സ്ഥാപനത്തിന്റെ രജിസ്റ്റർ നമ്പർ ഇല്ലാത്തതും രജിസ്ട്രേഷൻ വകുപ്പിന്റെ മറുപടിയെ സാധൂകരിക്കുന്നതാണ്.
അംഗീകാരം ഇല്ലാത്ത സ്ഥാപനത്തിലെ 74 ജീവനക്കാരെ സാക്ഷരത മിഷൻ ഡയറക്ടർ മുൻകൈയെടുത്തു സ്ഥിരപ്പെടുത്തിയതിനും ഇതോടെ നിയമസാധുത ഇല്ലാതാകും. സ്ഥിരപ്പെടുത്തലുമായി ബന്ധപ്പെട്ടു സാക്ഷരത മിഷൻ ഡയറക്ടർ പിഎസ് ശ്രീകല, പിഎ എസ്ആർ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ കോടികൾ പിരിച്ചെന്ന ആരോപണവും നേരത്തെ ഉയർന്നിരുന്നു. അനധികൃതമായി പ്രവർത്തിച്ചു വരുന്ന സ്ഥാപനത്തിന് പ്രതിവർഷം 17 കോടി രൂപയാണ് സർക്കാർ ഗ്രാൻഡ് അനുവദിക്കുന്നത്.
നിയമ വിധേയം അല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നാല് പേരെ നിയമിച്ചത് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ആണ്. കഴിഞ്ഞ അഞ്ച് വർഷമായി അംഗീകൃതമല്ലാത്ത സ്ഥാപനത്തിൽ ഇവർ തുടരുകയാണ്. സ്ഥാപനത്തിന് അംഗീകാരം ഇല്ലാത്തതുകൊണ്ട് തന്നെ ഈ കാലയളവിലെ വേതനം, പ്രൊമോഷൻ എന്നിങ്ങനെയെല്ലാം നിയമകുരുക്കിൽ ആകാനാണ് സാധ്യത. രജിസ്ട്രേഷൻ ഇല്ലാത്ത സ്ഥാപനം എന്ന നിലയിൽ കേരള സംസ്ഥാന സാക്ഷരത മിഷൻ അഥോറിറ്റി എന്ന പേരിൽ വിതരണം ചെയ്ത സാക്ഷരത - തുല്യതാ കോഴ്സ് സർട്ടിഫിക്കറ്റുകളുടെ അംഗീകാരത്തെ സംബന്ധിച്ചും ചോദ്യമുയരുകയാണ്.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം എന്ന നിലയിൽ സാക്ഷരത മിഷന്റെ ഏഴാംതരം തുല്യത സർട്ടിഫിക്കറ്റ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്യാം. കൂടാതെ ഏഴാം ക്ലാസ് യോഗ്യത മാനദണ്ഡം ആക്കിയിട്ടുള്ള പിഎസ്‌സി പരീക്ഷകൾക്കും അപേക്ഷിക്കാം. പുതിയ തൊഴിൽ സംരംഭം തുടങ്ങാൻ ബാങ്കുകളിൽ നിന്നും വായ്പയും ലഭ്യമാകുന്നുണ്ട്. സാക്ഷരത മിഷൻ നടത്തുന്ന പത്താംതരം തുല്യത കോഴ്‌സിൽ ചേർന്ന് പഠിക്കുകയും ചെയ്യാം.
സാക്ഷരത മിഷന്റെ പത്താംതരം തുല്യത വിജയിക്കുന്നവർക്ക് പിഎസ്‌സി വഴിയുള്ള ജോലികൾക്ക് അപേക്ഷിക്കാം. ഹയർ സെക്കന്ററി തുല്യത വിജയിക്കുന്നവർക്ക് ഉയർന്ന തലങ്ങളിൽ ചേർന്ന് പഠിക്കാനുള്ള അവസരവും ഉണ്ട്. ഉദ്യോഗകയറ്റത്തിനും തുല്യതാ സർട്ടിഫിക്കറ്റ് പരിഗണിക്കും. എന്നാൽ രജിസ്ട്രേഷൻ ഇല്ലാത്ത സ്ഥാപനത്തിൽ നിന്നും ലഭ്യമായ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം ഇല്ലാത്ത സാഹചര്യം ആണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. എന്തായാലും സാക്ഷരത മിഷൻ അധികൃതരുടെ അനാസ്ഥ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാക്കിയിരിക്കുന്നത് തീരാ കളങ്കം തന്നെയാണ്.