ലണ്ടൻ: 2023-ലെഅന്താരാഷ്ട്ര ബുക്കർ പ്രൈസ് ജോർജി ഗോസ്പിഡനോയുടെ ടൈം ഷെൽട്ടറിന്. ബൾഗേറിയൻ എഴുത്തുകാരനും അനവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ സാഹിത്യകാരനും വിവർത്തകനുമാണ് ജോർജി ഗോസ്പിഡനോ. ബൾഗേറിയൻ സംഗീതജ്ഞയും വിവർത്തകയുമായ ആഞ്ജല റോഡൽ ആണ് 'ടൈം ഷെൽട്ടർ' വിവർത്തനം ചെയ്തിരിക്കുന്നത്.

മെക്സിക്കൻ എഴുത്തുകാരിയും 'The Body Where I was Born' എന്ന പ്രശസ്ത നോവലിന്റെ രചയിതാവുമായ ഗോഡലൂപി നേതൽ എഴുതിയ 'സ്റ്റിൽ ബോൺ' (വിവ: റോസാലിന്റ് ഹാർവേ), ദക്ഷിണ കൊറിയൻ നോവലിസ്റ്റും തിരക്കഥാകൃത്തും സംവിധായകനുമായ മിയോൻ ക്വാൻ ചിയോന്റെ പ്രഥമകൃതിയായ 'വെയ്ൽ', (പ്രശസ്ത വിവർത്തകയും എഡിറ്ററുമായ ചി-യുങ് കിം ആണ് 'വെയ്ൽ' വിവർത്തനം ചെയ്തിരിക്കുന്നത്), സ്പാനിഷ് കവിയും എഴുത്തുകാരിയുമായ ഇവ ബാൽതാസറിന്റെ 'ബോൾഡർ', (പോർച്ചുഗീസ്, സ്പാനിഷ്, കറ്റാലൻ എന്നീഭാഷകളിൽ പ്രാവീണ്യമുള്ള ജൂലിയ സാൻചസ് ആണ് ബോൾഡർ വിവർത്തനം ചെയ്തിരിക്കുന്നത്), കരീബിയൻ സാഹിത്യത്തിലെ വിശിഷ്ട എഴുത്തുകാരിയായി അറിയപ്പെടുന്ന മെറീസ് കോൺടിന്റെ 'ദ ഗോസ്പൽ എക്കോഡിങ് റ്റു ദ ന്യൂ വേൾഡ്', (ഇന്നോളം പ്രസിദ്ധപ്പെടുത്തിയ ബുക്കർ പ്രൈസ് അന്തിമപ്പട്ടികയിലെ ഏറ്റവും പ്രായം കൂടിയ എഴുത്തുകാരി, 2015-ൽ മാൻ ബുക്കർ പ്രൈസ് അന്തിമപ്പട്ടികയിൽ ഇടം പിടിച്ച എഴുത്തുകാരി), ഐവേറിയൻ എഴുത്തുകാരനും തിരക്കഥാകൃത്തും ജേണലിസ്റ്റുമായ ഗോസിന്റെ പ്രഥമ നോവലായ 'സ്റ്റാൻഡിങ് ഹെവി' എന്നിവയാണ് അന്താരാഷ്ട്ര ബുക്കർ പ്രൈസിൽ അവസാന ആറിൽ ഇടം നേടിയ രചനകൾ.