സ്റ്റോക്ഹോം: 2022ലെ സാഹിത്യ നൊബേൽ പുരസ്‌കാരം ഫ്രഞ്ച് എഴുത്തുകാരി ആനി എർനോയ്ക്ക്. വ്യക്തിപരമായ ഓർമകളുടെ ധീരവും സൂക്ഷ്മവുമായ ആവിഷ്‌കാരങ്ങളാണ് അവരുടെ കൃതികളെന്ന് നൊബേൽ പുരസ്‌കാര സമിതി വിലയിരുത്തി.

സാഹിത്യ അദ്ധ്യാപികയായ അനീ എർനുവിന്റെ മിക്കവാറും കൃതികൾ ആത്മകഥാപരമാണ്. സ്വന്തം ഓർമ്മകളെ അവിശ്വസിക്കുന്ന ഓർമ്മക്കുറിപ്പുകാരി എന്നാണ് അനീ എർനു വിശേഷിപ്പിക്കപ്പെടുന്നത്. ക്ലീൻഡ് ഔട്ട്, എ മാൻസ് പ്ലേസ്, സിംപിൾ പാഷൻ, ദ് ഇയേഴ്‌സ് എന്നിവയാണ് പ്രശസ്ത കൃതികൾ. സ്ത്രീത്വത്തിന്റെ സന്ദിഗ്ദ്ധതകളാണ് അവരുടെ എഴുത്തിനെ അടയാളപ്പെടുത്തുന്നതും വേറിട്ടതാക്കുന്നതും.

1974-ൽ പ്രസിദ്ധീകരിക്കപ്പെട്ട ആത്മകഥാപരമായ നോവൽ ക്ലീൻഡ് ഔട്ട് ആണ് ആദ്യ കൃതി. എ മാൻസ് പ്ലേയ്സ്, എ വുമൺസ് സ്റ്റോറി, സിംപിൾ പാഷൻ തുടങ്ങിയ കൃതികൾ ഏറെ പ്രശംസ പിടിച്ചുപറ്റി. അനീ എർനുവിന്റെ നിരവധി കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

ടാൻസാനിയൻ വംശജനായ യുകെ ആസ്ഥാനമായുള്ള എഴുത്തുകാരൻ അബ്ദുൾ റസാക്കിനാണ് കഴിഞ്ഞ തവണ നൊബേൽ പുരസ്‌ക്കാരം ലഭിച്ചത്. 2020 ൽ അമേരിക്കൻ കവി ലൂയിസ് ഗ്ലക്കിനായിരുന്നു പുരസ്‌ക്കാരം.

ഈ വർഷത്തെ രസതന്ത്ര നോബേൽ പുരസ്‌കാരം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഒരു വനിത അടക്കം 3 പേർക്കാണ് പുരസ്‌കാരം. ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണങ്ങൾക്കാണ് അംഗീകാരം. രസതന്ത്രത്തെ കൂടുതൽ പ്രായോഗിക വത്കരിച്ചതിനാണ് ഇത്തവണത്തെ നോബേൽ പുരസ്‌കാരം. അമേരിക്കയിൽ നിന്നുള്ള കരോളിൻ ബെർട്ടോസി, ബാരി ഷാർപ്ലെസ്, ഡെന്മാർക്കുകാരനായ മോർട്ടൻ മെർദാൽ എന്നിവർ അംഗീകാരം പങ്കിടും.

ക്ലിക് കെമിസ്ട്രി എന്ന രസതന്ത്ര ശാഖയെ കൂടുതൽ പ്രയോഗവത്കരിക്കുന്നതിൽ ഇവർ മുഖ്യ പങ്കുവഹിച്ചെന്ന് നൊബേൽ സമിതി വിലയിരുത്തി. ഇവരുടെ ഗവേഷണങ്ങൾ കാൻസർ ചികിത്സയ്ക്കും മരുന്ന് നിർമ്മാണത്തിലും ഏറെ ഉപകാരപ്പെടും.