ന്യൂഡല്‍ഹി: അഗസ്ത്യ മഹര്‍ഷി രചിച്ച പുരാതന തമിഴ് ഗ്രന്ഥം 'മര്‍മക്കണ്ണാടി'യുടെ ഇംഗ്ലീഷ് പരിഭാഷ ഡല്‍ഹിയില്‍ പ്രകാശനം ചെയ്തു.കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച അഖിലഭാരത ശിക്ഷാ സംഗമത്തിലാണ് പുസ്തകം പ്രകാശിപ്പിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യന്‍ നോളജ് സിസ്റ്റത്തിന്റെ പിന്തുണയോടെ തയ്യാറാക്കിയ പുസ്തകം പരിഭാഷപ്പെടുത്തിയത് ഗുരുക്കള്‍ ഡോ എസ് മഹേഷാണ്. തിരുവനന്തപുരത്തെ അഗസ്ത്യം ഫൗണ്ടേഷനാണ് പ്രസാധകര്‍.

2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. മനേക് ഷാ സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കേന്ദ്ര വിദ്യാഭ്യാസവകുപ്പ് സഹമന്ത്രിമാരായ ജയന്ത് ചൗധരി, ഡോ.സുകാന്താ മജുംദാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പുസ്തകം പ്രകാശിപ്പിച്ചു. കേന്ദ്ര ഉന്നതവിദ്യാഭ്യാസ. സെക്രട്ടറി കെ. സഞ്ജയ് മൂര്‍ത്തി, സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാര്‍ , സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍മാര്‍, വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു. ചാണക്യ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ വിനായക് രജത് ഭട്ട് രചിച്ച 'കൗടില്യന്റെ അര്‍ത്ഥ ശാസ്ത്രം-ആധുനിക കാലത്തെ ഭരണനിര്‍വഹണത്തിനുള്ള കാലാതീതമായ തന്ത്രങ്ങള്‍',ഡോ മനോരമ ആര്‍ എന്‍ എഡിറ്റു ചെയ്ത 'ശോധ വിജയ' എന്നീ പുസ്തകങ്ങളും ചടങ്ങില്‍: പ്രകാശനം ചെയ്തു

മനുഷ്യ ശരീരത്തെയും പ്രകൃതത്തെയും കുറിച്ച് അത്യത്ഭുതകരമായ അറിവു പ്രദാനം ചെയ്യുന്ന കൃതിയാണ് തമിഴ് ഭാഷയിലെ പുരാതന കാവ്യങ്ങളിലൊന്നായ മര്‍മക്കണ്ണാടി. 500 പാടലുകള്‍ ഉള്‍ക്കൊള്ളുന്ന കൃതിയാണിത്. മര്‍മം,ജന്മം,ശരീര ശാസ്ത്രം, ഉല്പത്തി, ഭ്രൂണ വളര്‍ച്ച, മര്‍മാഘാതങ്ങള്‍, ചികിത്സാ പദ്ധതി, ഔഷധങ്ങള്‍ എന്നിവയെക്കുറിച്ച് സമഗ്രമായി വിവരിക്കുന്ന അമൂല്യഗ്രന്ഥവുമാണിത്. ദശവായുക്കള്‍, 72,000 നാഡീ ഞരമ്പുകള്‍, ത്രിഗുണങ്ങള്‍, മനുഷ്യന്റെ ശാരീരികവും വൈകാരികവും മാനസികവും.ആത്മീയവുമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം അഗസ്ത്യര്‍ ഈ ഗ്രന്ഥത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു.

ഭ്രൂണാവസ്ഥയില്‍ നിന്ന് മൂര്‍ത്തരൂപത്തിലേക്കുള്ള മനുഷ്യജീവന്റെ ക്രമാനുഗത വികാസ പരിണാമങ്ങള്‍ ശാസ്ത്രീയ കൃത്യതയോടെ, ആധുനിക ശാസ്ത്രത്തിന്റെ ആരംഭത്തിനും മുമ്പ്,അഗസ്ത്യര്‍ മര്‍മക്കണ്ണാടിയിലെ 'കരുവുത്ഭവം' എന്ന അധ്യായത്തില്‍ പറഞ്ഞു വയ്ക്കുന്നത് അത്ഭുതത്തോടെ മാത്രമേ വായിക്കാനാവൂ മര്‍മക്കണ്ണാടിയുടെ സമഗ്രമായ ഇംഗ്ലീഷ് പരിഭാഷ ഇതാദ്യമായാണ് പുറത്തിറങ്ങുന്നത്. പ്രാചീന തമിഴ് ഭാഷയില്‍ എഴുതപ്പെട്ട കൃതിയുടെ വാഗര്‍ത്ഥവും ആശയങ്ങളുടെ ആഴവും ചോരാതെ രണ്ടര വര്‍ഷത്തെ കഠിന പ്രയത്‌നത്തിലൂടെയാണ് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. കളരി, വാസ്തു, സിദ്ധ പാരമ്പര്യത്തില്‍ നിരന്തര ഗവേഷകനാണ് ഗുരുക്കള്‍ ഡോ എസ് മഹേഷ്

തമിഴ് ഭാഷാ പിതാവായാണ് അഗസ്ത്യര്‍ ആദരിക്കപ്പെടുന്നത്.മഹത്തായ സിദ്ധപാരമ്പര്യത്തില്‍ നിന്ന് വികാസം പ്രാപിച്ച അഗസ്ത്യരുടെ അമൂല്യ ഗ്രന്ഥമായ മര്‍മക്കണ്ണാടിക്ക് ആരാധകരേറെയാണ്. 550 രൂപയാണ് പുസ്തകത്തിന്റെ മുഖവില.