- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിന്ദുരാജകുടുംബമായിരുന്ന നേപ്പാളിലെ 'ഷാ' രാജവംശത്തിനെ ഒന്നടങ്കം ഇല്ലാതാക്കിയ കൂട്ടക്കൊലപാതകം; ലോകത്തെ മുഴുവൻ ഞെട്ടിച്ച സംഭവം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി; ജയ് എൻ.കെ യുടെ 'റോയൽ മാസെക്കർ' റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ വെച്ച് പ്രകാശനം ചെയ്യുന്നു
റിയാദ്: ജയ് എൻ.കെ യുടെ 'റോയൽ മാസെക്കർ' എന്ന ഏറ്റവും പുതിയ പുസ്തകം റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ വെച്ച് പ്രകാശനം ചെയ്യുന്നു. ഒക്ടോബർ ഒന്നിന് ഉച്ചക്ക് 1 മണിക്ക് ഡി സി ബുക്ക്‌സ് സ്റ്റാൾ E41ൽ നടക്കുന്ന ചടങ്ങിൽ സൗദി ലുലു ഗ്രൂപ്പിന്റെ ഡയറക്ടറായ ഷെഹിം മുഹമ്മദിൽ നിന്നും മുഹമ്മദ് ഷബീർ ഐ എഫ് എസ് പുസ്തകം സ്വീകരിക്കും. രവി . ഡി സി യും പങ്കെടുക്കുന്നു
ഒക്ടോബർ 8 വരെയാണ് റിയാദ് സാംസ്‌കാരിക മന്ത്രാലയം ഒരുക്കുന്ന റിയാദ് അന്താരാഷ്ട്ര പുസ്തകമേള നടക്കുന്നത്. പുസ്തകമേളയിൽ വൈവിധ്യമാർന്ന പുസ്തക ശേഖരവുമായി ഈ വർഷവും ഡി സി ബുക്‌സ് പങ്കെടുക്കുന്നുണ്ട്.
യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി എഴുതിയ 'ഹിസ്റ്റോറിക്കൽ ക്രൈം ഫിക്ഷണൽ സ്റ്റോറി' ആണ് 'റോയൽ മാസെക്കർ'. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലും ഭരണാധികാരം നിലനിർത്തിയിരുന്ന ഏക ഹിന്ദുരാജകുടുംബമായിരുന്ന നേപ്പാളിലെ 'ഷാ' രാജവംശത്തിനെ ഒന്നടങ്കം ഇല്ലാതാക്കിയ കൂട്ടക്കൊലപാതകം തെക്ക് കിഴക്കൻ ഏഷ്യയെ മാത്രമല്ല ലോകത്തെ മുഴുവൻ ഞെട്ടിച്ച സംഭവമാണ്.
ഒരു പ്രണയത്തിന്റെ ബാക്കിപത്രമെന്ന് പിന്നീട് വിശേഷിക്കപ്പെട്ട ആ ദുരന്തം നേപ്പാളിന്റെ സവിശേഷമായ രാഷ്ട്രീയസാമൂഹിക ഭൂമികയിൽ നിന്ന് കൊണ്ട് ഭാവനാത്മകമായി ചിത്രീകരിക്കുന്ന ഈ നോവൽ നോക്കിക്കാണുന്നത് നേപ്പാളിന്റെ ചരിത്ര,സാമൂഹിക, രാഷ്ട്രീയ യാഥാർത്ഥ്യങ്ങളാണ്. ഇന്ത്യയും നേപ്പാളും തമ്മിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ നിറഞ്ഞ ബന്ധങ്ങളും, നേപ്പാളിലെ മാവോയിസത്തിന്റെ വളർച്ച താഴ്ചകളും, കലാപങ്ങളും, വിപ്ലവവുമെല്ലാം ഈ പുസ്തകം ചർച്ച ചെയ്യുന്നു. വ്യക്തിജീവിതത്തിലെ താളപ്പിഴകൾ ഒരു രാജ്യത്തിന്റെ ചലനത്തെത്തന്നെ ഏങ്ങനെ ബാധിക്കുന്നുവെന്ന അതിവിചിത്രമായ യാഥാർത്ഥ്യങ്ങൾ ഈ നോവലിൽ കാണാം. ചരിത്രവും ഭാവനയും മിത്തും ഫാന്റസിയും ഇട കലരുന്ന ഒരു വായനാനുഭവമാണ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ഈ നോവൽ വാഗ്ദാനം ചെയ്യുന്നത്.
ലോകത്തെ ഞെട്ടിച്ച സംഭവം
ലോകത്താകമാനമുള്ള റോയൽ ഫാമിലികളിൽ പ്രധാന സ്ഥാനമായിരുന്നു നേപ്പാളിലെ രാജകുടുംബമായ 'ഷാ ' വംശത്തിനുണ്ടായിരുന്നത്. അധികാരം നിലനിർത്തിയിരുന്ന ഏക ഹിന്ദു രാജകുടുംബം. പക്ഷേ 2001 ജൂൺ ഒന്നിന് രാത്രി നേപ്പാൾ രാജാവ് ബീരേന്ദ്ര രാജാവും കുടുംബവും തങ്ങളുടെ ഒരു ഫാമിലി ഫംഗ്ഷനിൽ വച്ച് കൂട്ടക്കൊല ചെയ്യപ്പെട്ടു. അത് നേപ്പാളിനെയും ഇന്ത്യയെയും മാത്രമല്ല ലോകത്തെ തന്നെ ഞെട്ടിച്ച സംഭവമാണ്. അതിസുരക്ഷയുള്ള നേപ്പാളിന്റെ രാജകുടുംബത്തിലെ പ്രമുഖരെല്ലാം മിനിറ്റുകൾക്കിടയിൽ തുടച്ച് നീക്കപ്പട്ടു. യുവരാജാവാണ് അത് ചെയ്തതെന്ന് കേട്ടപ്പോൾ നേപ്പാളികൾ മാത്രമല്ല ലോകമെമ്പാടുമുള്ള റോയൽ ഫാമിലികൾക്കും വിശ്വസിക്കാനായില്ല. തങ്ങൾക്കിടയിൽ ഒരു 'ക്രൗൺ പ്രിൻസ് ' സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും കൊന്ന ശേഷം ആത്മഹതൃ ചെയ്തുവെന്ന ഭാഷ്യം ഇന്നോളം നേപ്പാളികൾക്കാർക്കും വിശ്വസനീയവുമല്ല.
ആ കൂട്ടക്കൊലയെ നേപ്പാളിന്റെ സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളിലും, ഇന്ത്യയ്ക്ക് അവരുമായുള്ള ചരിത്രപരമായ ബന്ധത്തിന്റെയും വെളിച്ചത്തിൽ അന്വേഷിക്കുന്ന ഒരു 'ഹിസ്റ്റോറിക്കൽ ഇൻവെസ്റ്റിഗേഷൻ ഫിക്ഷൻ' നോവലാണ് റോയൽ മാസെക്കർ, ഒരു യഥാർത്ഥ സംഭവത്തെ ഭാവനയുമായി ഇഴുക്കിച്ചേർത്തുകൊണ്ട് സൃഷ്ടിച്ച ഒരു നോവൽ. ത്രില്ലറും , ഫാന്റസിയും , ചരിത്രവും , രാഷ്ട്രീയവും , വ്യക്തി, കുടുംബബന്ധങ്ങളും , പ്രണയവും , ചാരപ്രവർത്തനങ്ങളും , മാവോയിസവും ഇടകലരുന്ന ഈ 'ഹിസ്റ്റോറിക്കൽ ക്രൈം ത്രില്ലർ ' വിഭാഗത്തിൽ പെടുത്താവുന്ന ഈ നോവൽ 2020 ജനുവരി മുതൽ ഏകദേശം ഒരു കൊല്ലത്തോളം ഫേസ്‌ബുക്കിൽ പ്രസിദ്ധീകരിച്ചതാണ്.
അടുത്ത ആഴ്ചയോടെ ഡിസിയുടെ എല്ലാ ഔട്ട്ലെറ്റുകളിലും ഓൺലൈനിലും ഈ നോവൽ ലഭിക്കും.സെപ്റ്റംബർ 29 ന് തുടങ്ങി ഒക്ടോബർ 8 വരെ റിയാദ് എയർപോർട്ടിലെ റിയാദ് ഫ്രണ്ടിൽ അരങ്ങേറുന്ന അന്താരാഷ്ട്ര പുസ്തകമേളയിൽ ലോകമെമ്പാടുമുള്ള പ്രസാധകർ പങ്കെടുക്കുന്നു. മലയാളത്തിൽ നിന്ന് ഡിസി ബുക്‌സും ഹരിതം ബുക്‌സുമടക്കം ആറോളം പ്രസാധകർ പങ്കെടുക്കുന്നു. ഡി സി ബുക്‌സ് എണ്ണൂറോളം ടൈറ്റിലുകളിലായി പതിനായിരക്കണക്കിന് പുസ്തകങ്ങളുമായാണ് മേളയിൽ പങ്കെടുക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ