- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈബർ തട്ടിപ്പ് വ്യാപകം; സൈബർ കുരുക്കഴിക്കുന്ന പുസ്തകവുമായി അഡ്വ. ജിയാസ് ജമാൽ; നിയമപരമായി നീങ്ങേണ്ട വഴികളടക്കം ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ; 'അൺലോക്ക്' എന്ന പുസ്തകം ചർച്ചയാകുന്നു
കൊച്ചി: എന്തിനും ഏതിനും ഇന്റർനെറ്റിനെ ആശ്രയിക്കുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ ഏതുനിമിഷവും സൈബർ തട്ടിപ്പിനിരയായേക്കാവുന്ന സാധ്യതയും മുന്നിലുണ്ട്. അറിഞ്ഞും അറിയാതെയും ഇത്തരം തട്ടിപ്പുകൾക്കിരയാകുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടിവരുന്നു. കൃത്യമായ അവബോധമില്ലാതെയുള്ള ഇന്റർനെറ്റ് ഉപയോഗമാണ് മിക്കവരെയും ചതിക്കുഴിയിൽപ്പെടുത്തുന്നത്. വിവരസാങ്കേതികവിദ്യ ലോകജനതയുടെ ജീവിതവേഗത വർധിപ്പിക്കുന്നതിനൊപ്പം ഇത്തരം ചതിക്കുഴികളിൽ വീഴുന്നവരുടെ എണ്ണവും പെരുകുകയാണ്.
സൈബർ ലോകത്തെ ഇത്തരം കുരുക്കിൽ നിന്ന് രക്ഷപ്പെടാനുള്ള വഴിയുമായി രംഗത്തെത്തിയിരിക്കുകയാണ് കൊച്ചിയിലെ ഒരു അഭിഭാഷകൻ. സൈബർ സുരക്ഷാ വിദഗ്ധൻ കൂടിയായ അഡ്വ. ജിയാസ് ജമാൽ രചിച്ച 'അൺലോക്ക്' എന്ന പുസ്തകം ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. വിവിധ രീതിയിലുള്ള തട്ടിപ്പുകൾ, തട്ടിപ്പിലേക്ക് ഇരയെ ആകർഷിക്കുന്ന രീതികൾ, തട്ടിപ്പിന് ഇരയായാൽ ഉടനടി ചെയ്യേണ്ട കാര്യങ്ങൾ, ഭീതിയില്ലാതെ തട്ടിപ്പുകാരെ നേരിടേണ്ടതെങ്ങനെ, നിയമപരമായി നീങ്ങേണ്ട വഴികൾ, ബന്ധപ്പെട്ട അധികാരികളുടെയും ഫോൺ നമ്പറുകളും ഇമെയിൽ വിലാസവുമടക്കം പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ മൊബൈൽ ഫോണുകളുടെ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മൊബൈൽ ഹാക്ക് ചെയ്യപ്പെട്ടാൽ എന്ത് ചെയ്യണം, സോഷ്യൽ മീഡിയ ഹാക്ക് ചെയ്യപ്പെടുകയോ ദുരുപയോഗം ചെയ്യപ്പെടുകയോ ചെയ്താൽ എന്തു ചെയ്യണം, സൈബർ ബുള്ളിയിങ് നേരിട്ടാൽ എന്ത് ചെയ്യണം, ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം, യു.പി.ഐ ആപ്പുകൾ ഉപയോഗിച്ച് തട്ടിപ്പിനിരയായാൽ എന്ത് ചെയ്യണം, ലോൺ ആപ്പുകളിൽ നിന്ന് ഭീഷണി നേരിട്ടാൽ എന്ത് ചെയ്യണം, അശ്ലീല ചിത്രങ്ങൾ പ്രചരിച്ചാൽ എന്ത് ചെയ്യണം തുടങ്ങി സൈബർ ഇടങ്ങളിൽ നിന്ന് നേരിട്ടേക്കാവുന്ന ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരവും 'അൺലോക്കി'ലുണ്ട്.
സൈബർ സുരക്ഷാ ഫൗണ്ടേഷൻ എന്ന സംഘടനയുടെ സ്ഥാപനകൻ കൂടിയായ അഡ്വ. ജിയാസ് ജമാൽ ഏതാനും വർഷങ്ങളായി സൈബർ സുരക്ഷാ ബോധവൽക്കരണമടക്കം നടത്തിവരുന്നു. തട്ടിപ്പുകളുടെ എണ്ണവും രീതിയും ഓരോ ദിവസവും വർധിക്കുന്ന സാഹചര്യത്തിൽ ബോധവൽക്കരണം കൊണ്ട് മാത്രം തനിക്ക് ചുറ്റുമുള്ളവരെ തട്ടിപ്പുകാരിൽ നിന്ന് രക്ഷിക്കാനാവില്ലെന്ന തിരിച്ചറിവാണ് ഇത്തരമൊരു പുസ്തകമെഴുതാൻ ജിയാസിനെ പ്രേരിപ്പിച്ചത്. ഓരോരുത്തരെയും നേരിട്ട് ബോധവൽക്കരിക്കുന്നതിനേക്കാൾ എല്ലാവരിലും അത്യാവശ്യം അവബോധവും തട്ടിപ്പിനെ ചെറുക്കാനുള്ള ധൈര്യവും സൃഷ്ടിക്കുകയുമാണ് എളുപ്പമെന്നും ആ ചിന്തയിൽ നിന്നാണ് അൺലോക്ക് പിറവിയെടുത്തതെന്നും അഡ്വ. ജിയാസ് പറയുന്നു.
അഭിഭാഷകനായതുകൊണ്ടുതന്നെ നിരവധി സൈബർ കേസുകൾ ജിയാസിന്റെ പക്കലെത്താറുണ്ട്. തട്ടിപ്പിലകപ്പെട്ടവരിൽ പ്രശസ്തരും അപ്രശസ്തരുമുണ്ടായിരുന്നു. നല്ല വിദ്യാഭ്യാസവും ഉയർന്ന ജോലിയുമുള്ളവർ പോലും തട്ടിപ്പിനിരയാകുന്ന സാഹചര്യമാണുള്ളത്. ഈ കേസുകളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനവും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുമായും ടെക്നിക്കൽ വിദഗ്ധരുമായും നിരന്തരം നടത്തിയ ആശയവിനിമയത്തിലൂടെയുമാണ് പുസ്‌കത്തിന്റെ രൂപരേഖ തയ്യാറാക്കിയത്.
അതിന് ശേഷം ഏത് സാധാരണക്കാരനും എളുപ്പത്തിൽ മനസിലാകുന്ന രീതിയിൽ പുസ്തകം എഴുതി തയ്യാറാക്കി. ക്യൂ ആർ കോഡ് അടക്കമുള്ള നൂതന സംവിധാനങ്ങളും അൺലോക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ വായനക്കാർക്ക് വേഗത്തിൽ കാര്യങ്ങൾ മനസിലാക്കിയെടുക്കാനാകും. കൃത്യമായ പഠനത്തിലൂടെ ഉദാഹരണം സഹിതം ഓരോ തട്ടിപ്പുകളെയും പുസ്തകത്തിൽ അവതരിപ്പിക്കാനായിയെന്ന് അഡ്വ. ജിയാസ് ജമാൽ പറയുന്നു. കൈപ്പട പബ്ലീഷിങ് ഗ്രൂപ്പ് പ്രസിദ്ധീകരിച്ച പുസ്തകം രണ്ട് മാസത്തിനുള്ളിൽ തന്നെ രണ്ടാംപതിപ്പിലേക്കെത്തിയത് ജനങ്ങൾക്ക് അൺലോക്ക് അത്രത്തോളും ഉപകാരപ്രദമാണെന്നതിന്റെ തെളിവാണ്.
മറുനാടന് ഡെസ്ക്