പത്തനംതിട്ട: മാധ്യമ പ്രവർത്തകനും ചരിത്രകാരനുമായ ബാബു തോമസിന്റെ പമ്പാതടത്തിലെ പാട്ടുകൾ എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം നടന്നു. മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാ അദ്ധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പൊലീത്ത പ്രകാശനം നിർവ്വഹിച്ചു.

ആറന്മുളയിലും പരിസരപ്രദേശങ്ങളിലുമടക്കം പരമ്പരാഗതമായി പാടി കേട്ടതും പുതിയ തലമുറക്ക് പരിചിതമല്ലാത്തതുമായ നൂറ്റാണ്ടുകൾ പഴക്കമുള്ള നാടൻ പാട്ടുകൾ ഭാവി തലമുറക്കായി കരുതി വയ്ക്കാനുള്ള ശ്രമമാണ് ഗ്രന്ഥകാരൻ പമ്പാ തടത്തിലെ പാട്ടുകൾ എന്ന ഗ്രന്ഥത്തിലൂടെ യാഥാർത്ഥ്യമാക്കിയത്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പ്രസാധകർ. ബാബൂ തോമസ് എഴുതിയ ഏഴാമത്തെ പുസ്തകമാണിത്. ആറന്മുളയിലെ സാമൂഹ്യ പരിഷ്‌കർത്താവായ കുറുമ്പൻ ദൈവത്താന്റെ ജീവിതവുമടക്കം പ്രതിപാദിക്കുന്ന ഇദ്ദേഹത്തിന്റെ രചനകൾ മുൻപ് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.

മെഴുവേലി സെന്റ് തെരേസാസ് മലങ്കര കാതലിക് ചർച്ച് ഹാളിൽ നടന്ന ചടങ്ങിൽ കേരളാ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം സത്യൻ അദ്ധ്യക്ഷത വഹിച്ചു ചടങ്ങിൽ കേരളാ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. ജിനേഷ് കുമാർ എരമം പുസ്തകം പരിചയപ്പെടുത്തി. ആരോഗ്യ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ഫാ. സിജോ പന്തപ്പള്ളി, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ , ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി, ജില്ലാ പഞ്ചായത്തംഗം ആർ അജയകുമാർ, ഏപത്മകുമാർ എക്സ് എം എൽ എ, കെ സി രാജഗോപാലൻ എക്സ് എം എൽ എ എന്നിവർ പ്രസംഗിച്ചു. കിടങ്ങന്നൂർ യുവജന സാംസ്കാരിക വേദിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.