ലണ്ടൻ: റോബർട്ട് ഹാർഡ്മാൻ രചിച്ച, ചാൾസ് രാജാവിന്റെ ജീവചരിത്രമായ "കിങ് ചാൾസ് തേർഡ്, ന്യു കിങ്, ന്യു കോർട്ട്, ദി ഇൻസൈഡ് സ്റ്റോറിയിൽ രാജ്ഞിയുടെ അവസാന നാളുകൾ ഹൃദയസ്പർക്കായ രീതിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിൽ രാജ്ഞിയെ ഏറെ വേദനിപ്പിക്കുകയും ഒപ്പം കോപാകുലയുമാക്കിയത് ഹാരിയും മേഗനും രാജ്ഞിയുടെ ഓമനപ്പേരായ ലിലിബെറ്റ് എന്നത് തങ്ങളുടെ മകൾക്കായി ഉപയോഗിക്കാനുള്ള അനുമതി ചോദിച്ച് അഭിഭാഷകർ മുഖേന നോട്ടീസ് അയച്ച സംഭവമാണെന്ന് അതിൽ പറയുന്നു.

രാജ്ഞിയുടെ അവസാന നാളുകളിൽ അവരുടെ യശസ്സിന് മേൽ നിഴൽ വിരിച്ചത് ഹാരിയുടെയും മേഗന്റെയും പ്രശസ്തിയോടുള്ള അടങ്ങാത്ത മോഹമായിരുന്നു എന്ന് പുസ്തകത്തിൽ പറയുന്നു. ടെലിവിഷനിലൂടെയും എഴുത്തിലൂടെയുമൊക്ക് അവർ കളം നിറഞ്ഞു നിന്നപ്പോൾ രാജ്ഞിയുടെ ഉള്ള് ഉരുകുകയായിരുന്നു. അവർ ഇരുവർക്കും ഇല്ലാതെപോയ പല നന്മകളും രാജ്ഞിക്ക് ഉണ്ടായിരുന്നു എന്നും പുസ്തകത്തിൽ പറയുന്നു.

രാജ്ഞി തന്റെ പദവിയോട് ഏറെ ആത്മാർത്ഥത കാണിച്ചിരുന്നു. സമർപ്പണ ബോധത്തോടെ കഠിനാദ്ധ്വാനം ചെയ്തിരുന്ന വ്യക്തിയായിരുന്നു അവർ. സ്വന്തം സന്തോഷത്തെയും കുടുംബത്തെയും കാൾ പ്രാധാന്യം അവർ എന്നും രാജ്യത്തിന് നൽകിയിരുന്നതായും പുസ്തകത്തിൽ പറയുന്നു.

ലിലിബെറ്റ് എന്ന പേരിന്റെ അവകാശത്തിനായി അഭിഭാഷകർ മുഖേന ഹാരിയും മേഗനും നോട്ടീസ് അയച്ചത് രാജ്ഞിയെ അതിയായി അസ്വസ്ഥയാക്കിയിരുന്നതായി പുസ്തകത്തിൽ പറയുന്നു. കുട്ടിക്കാലത്ത്, തന്റെ എലിസബത്ത് എന്ന പേര് രാജ്ഞി തന്നെ തെറ്റായി ഉച്ചരിച്ചായിരുന്നു ലിലിബെറ്റ് എന്ന പേര്. പിന്നീട് അത് രാജ്ഞിയുടെ ഓമനപ്പേരായി മാറുകയായിരുന്നു. രാജ്ഞിയുടെ ഏറ്റവും പ്രിയപ്പെട്ട ഫിലിപ്പ് രാജകുമാരൻ ആ പേരിലായിരുന്നു രാജ്ഞിയെ വിളിച്ചിരുന്നത്.

"ഈ കൊട്ടാരങ്ങൾ ഒന്നും തന്നെ എന്റെ സ്വന്തമല്ല, ഈ പെയിന്റിംഗുകളും അലങ്കാര വിളക്കുകളുമൊന്നും എനിക്ക് സ്വന്തമല്ല, സ്വന്തമായി ഉണ്ടായിരുന്നത് എന്റെ ഓമനപ്പേര് മാത്രമായിരുന്നു,ഇപ്പോൾ അതും അവരെടുത്തു." നോട്ടീസ് ലഭിച്ചപ്പോൾ രാജ്ഞി പറഞ്ഞത് അതായിരുന്നു എന്ന് രാജ്ഞിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അതിൽ പറയുന്നു. ദുഃഖത്തോടൊപ്പം ഏറെ കോപവും കൊച്ചുമകന്റെ പ്രവൃത്തിയിൽ രാജ്ഞിക്കുണ്ടായതായി രാജ്ഞിയുമായി അടുത്ത വൃത്തങ്ങളിൽ ഒരാൾ തന്നോട് പറഞ്ഞതായി ഹാർഡ്മാൻ വെളിപ്പെടുത്തുന്നു.

എന്നാൽ, അങ്ങനെ പേര് ഉപയോഗിക്കാനുള്ള അവകാശം ഹാരിയും മേഗനും ചോദിച്ചിട്ടില്ലെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ഈ റിപ്പോർട്ടുകളെ ഖണ്ഡിക്കുന്നതാണ് പുസ്തകത്തിലെ പരാമർശം.