- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതപ്രാസംഗികർക്കും സിനിമാ നടന്മാർക്കും മാത്രമല്ല ശാസ്ത്ര പ്രചാരകർക്കും വലിയ വേദികൾ നിറയ്ക്കാൻ കഴിയും; കാലം ആവശ്യപ്പെടുന്ന സ്വതന്ത്ര ചിന്തകൾക്കായി ഇതുപോലെ കൂടുതൽ വേദികൾ ഉണ്ടാകണമെന്ന് വി ടി ബൽറാം; പരിണാമവും കൃഷിയും ഓട്ടിസവും ആൾക്കൂട്ടകൊലയും തൊട്ട് ആനകളെ കുറിച്ചുവരെ പുതിയ അറിവുകൾ തന്ന 20 പ്രഭാഷകർ; മൂവായിരത്തോളംപേർ പങ്കെടുത്ത ലിറ്റ്മസ് 18 കേരളത്തിലെ സ്വതന്ത്ര ചിന്തകരുടെ ഏറ്റവും വലിയ സമ്മേളനം; 'തെളിവുകൾ നയിക്കട്ടെ' എന്ന മുദ്രാവാക്യം പുറത്തേക്ക് ഒഴുകുന്നു
തിരുവനന്തപുരം: ശാസ്ത്ര സ്വതന്ത്രചിന്താപ്രസ്ഥാനമായ എസ്സൻസ് ഗ്ലോബൽ കഴിഞ്ഞ രണ്ടു ദിവസമായി നടത്തിയ വാർഷിക സമ്മേളനത്തിനും അന്താരാഷ്ട്ര സെമിനാറിനും -ലിറ്റ്മസ് 18- തിരശ്ശീല വീണത് കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ സ്വതന്ത്രചിന്തകരുടെ കൂട്ടായ്മയെന്ന ഖ്യാതിയോടെ. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2ന് രാവിലെ 9.30 മുതൽ രാത്രി എട്ടുമണിവരെ നടന്ന സെമിനാറിന് തിരുവനന്തപുരം നിശാഗന്ധിയിൽ അവസാന നിമിഷം വരെ നിറഞ്ഞ സദസ്സായിരുന്നു. മൂവായിരത്തിലേറെ പേർ പങ്കെടുത്ത പരിപാടി, സ്വതന്ത്ര ചിന്തകളുടെ കേരളത്തിലെ ഏറ്റവും വലിയ സമ്മേളനമായാണ് അറിയപ്പെടുന്നത്. 'മതപ്രാസംഗികർക്കും സിനിമാ നടന്മാർക്കും മാത്രമല്ല ശാസ്ത്ര പ്രചാരകർക്കും നിശാഗന്ധി പോലുള്ള വലിയ ഹാളുകൾ നിറയ്ക്കാൻ കഴിയുമെന്നത് കേരളത്തിൽ കണ്ടുവരുന്ന പുതിയ മാറ്റമാണെന്ന് പരിപാടിയിലെ മുഖ്യസംഘാടകനും പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ സി രവിചന്ദ്രൻ പറഞ്ഞു. അറിവിന്റെ പൂക്കൾ വിടർന്ന് നിശാഗന്ധി ഗാന്ധിജയന്തി ദിനമായ ചൊവ്വാഴ്ച രാവിലെ മുതൽക്കുതന്നെ നിശാഗന്ധിയിലേക്ക് സ്വതന്ത്രചിന്തകരുടെ പ്ര
തിരുവനന്തപുരം: ശാസ്ത്ര സ്വതന്ത്രചിന്താപ്രസ്ഥാനമായ എസ്സൻസ് ഗ്ലോബൽ കഴിഞ്ഞ രണ്ടു ദിവസമായി നടത്തിയ വാർഷിക സമ്മേളനത്തിനും അന്താരാഷ്ട്ര സെമിനാറിനും -ലിറ്റ്മസ് 18- തിരശ്ശീല വീണത് കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ സ്വതന്ത്രചിന്തകരുടെ കൂട്ടായ്മയെന്ന ഖ്യാതിയോടെ. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2ന് രാവിലെ 9.30 മുതൽ രാത്രി എട്ടുമണിവരെ നടന്ന സെമിനാറിന് തിരുവനന്തപുരം നിശാഗന്ധിയിൽ അവസാന നിമിഷം വരെ നിറഞ്ഞ സദസ്സായിരുന്നു. മൂവായിരത്തിലേറെ പേർ പങ്കെടുത്ത പരിപാടി, സ്വതന്ത്ര ചിന്തകളുടെ കേരളത്തിലെ ഏറ്റവും വലിയ സമ്മേളനമായാണ് അറിയപ്പെടുന്നത്. 'മതപ്രാസംഗികർക്കും സിനിമാ നടന്മാർക്കും മാത്രമല്ല ശാസ്ത്ര പ്രചാരകർക്കും നിശാഗന്ധി പോലുള്ള വലിയ ഹാളുകൾ നിറയ്ക്കാൻ കഴിയുമെന്നത് കേരളത്തിൽ കണ്ടുവരുന്ന പുതിയ മാറ്റമാണെന്ന് പരിപാടിയിലെ മുഖ്യസംഘാടകനും പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ സി രവിചന്ദ്രൻ പറഞ്ഞു.
അറിവിന്റെ പൂക്കൾ വിടർന്ന് നിശാഗന്ധി
ഗാന്ധിജയന്തി ദിനമായ ചൊവ്വാഴ്ച രാവിലെ മുതൽക്കുതന്നെ നിശാഗന്ധിയിലേക്ക് സ്വതന്ത്രചിന്തകരുടെ പ്രവാഹം തുടങ്ങിയിരുന്നു. അന്താരാഷട്ര സെമിനാറുകളിൽ കാണുന്നതുപോലുള്ള എല്ലാവിധ ആധുനിക സംവിധാനങ്ങളോടും കൂടിയായിരുന്നു വേദി ഡിസൈൻ ചെയ്തിരുന്നത്. രാവിലെ 9.30 ന് തുടങ്ങിയ ആദ്യ സെഷനിൽ ഡോ. അഗസ്റ്റ്സ് മോറിസ് 'റോഡിലെ കരി' എന്ന വിഷയം ശ്രദ്ധേയമായി അവതരിപ്പിച്ചുകൊണ്ടാണ് തുടങ്ങിയത്. കരി എന്ന അപരനാമധേയത്തിൽ അറിയപ്പെടുന്ന ആനയ്ക്ക് ജൈവ പരിണാമത്തിന്റെ ഭാഗമായി ഉണ്ടായ പ്രതികൂല അവസ്ഥകളും, ഇതുപോലെ ഒരു മൃഗത്തെ ഉൽസവത്തിന്റെ പേരിൽ പീഡിപ്പിക്കാൻ അനുവദിക്കരുതെന്നുമായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്. വൈശാഖൻ തമ്പിയുടെ 'പ്രബുദ്ധ നവോർസ്‌കിമാർ' എന്ന വിഷയം ഫോക്കസ് ചെയ്ത് ശാസ്ത്രവും മതവും തമ്മിലുള്ള സംവാദങ്ങൾ എന്തുകൊണ്ട് ഫലപ്രദമാവുന്നില്ല എന്നതാണ്. യുക്തിവാദം അല്ലെങ്കിൽ സ്വതന്ത്ര ചിന്ത ലക്ഷ്യംവെക്കേണ്ടത് വിശ്വാസികളെയാണെന്നും അവരുമായുള്ള സംവാദ സാധ്യതകൾ ഒരിക്കലും അടയ്ക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.'നാം എവിടെയാണ്' എന്ന വിഷയത്തിലൂടെ ബൈജു രാജും 'ദൈവത്തിന്റെ മനസ്' എന്ന വിഷയത്തിലൂടെ ഡോ. സാബു ജോസും ചൂണ്ടിക്കാട്ടിയത് പ്രപഞ്ചത്തിന്റെ രഹസ്യങ്ങളും അനന്തതയുമായിരുന്നു.
കേരളത്തിലടക്കം വ്യാപകമായിരുക്കുന്ന സീറോ ബഡ്ജറ്റ് ഫാമിങ്ങിനെ പൊളിച്ചടുക്കിക്കൊണ്ടായിരുന്നു ഡോ. ശ്രീകുമാറിന്റെ പ്രഭാഷണം. ഒരു ആധുനിക അന്ധവിശ്വാസം മാത്രമാണ് സുഭാഷ് പർലേക്കറുടെ ഈ കൃഷിരീതിയെന്നും ആധുനിക കാർഷിക ശാസ്ത്രം ഇവ തള്ളിക്കളയുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അയ്യൂബ് മൗലവിയുടെ രാഷ്ട്രീയ ഇസ്ലാം വിരൽ ചൂണ്ടിയത് ഇസ്ലാമിൽ മതവും രാഷ്ട്രീയവും ഒന്നുതന്നെയാണെന്നും ഇത് മുഹമ്മദിന്റെ കാലത്തുതന്നെ ഉള്ളതാണെന്നും ആയിരുന്നു. ഇസ്ലാമിന്റെ ശുദ്ധമായ രൂപം ഭീകരതയാണെന്നും അയൂബ് മൗലവല ചൂണ്ടിക്കാട്ടി. തുടർന്ന് മികച്ച ശാസ്ത്ര പ്രചാരകർക്കുള്ള എസ്സൻസ് അവാർഡുകൾ ഡോ.വൈശാഖൻ തമ്പിക്കും, ഡോ.അഗസ്റ്റ്സ് മോറിസിനും വി ടി ബൽറാം എംഎൽഎ സമ്മാനിച്ചു. മികച്ച യുവ ശാസ്ത്ര പ്രചാരകയ്ക്കുള്ള അവാർഡ് മനുജാ മൈത്രിയും ഏറ്റുവാങ്ങി. ഏസ്സൻസ് കസ്റ്റോഡിയൻ ഓഫ് ഹ്യുമാനിറ്റി അവാർഡ് പ്രളയകാലത്ത് നിരവധിപേരെ രക്ഷിച്ച ജോബിഷ് ജോസഫിനും സമ്മാനിച്ചു. വിശ്വാസത്തിന്റെയും മതത്തിന്റെയും പേരിലുള്ള പ്രശ്നങ്ങൾ ഇപ്പോഴും വിട്ടുമാറാത്ത കേരളീയ സമൂഹത്തിൽ ഇത്തരം സമ്മേളനങ്ങളിലെ ജനം വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്ര ചിന്ത കാലം ആവശ്യപ്പെടുന്നതാണെന്നും ഇതുപോലുള്ള കൂടുതൽ വേദികൾ ഉണ്ടാകണമെന്നും വി ടി ബൽറാം ആശംസിച്ചു.
തുടർന്നു നടന്ന പരിണാമം സംബന്ധിച്ച പൊതുസമ്പർക്ക ചോദ്യത്തര പരിപാടിയായ ജീൻ ഓൺ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു. ഡോ. മനോജ് ബ്രൈറ്റ്, കൃഷ്ണപ്രസാദ്, ഡോ. ദിലീപ് മാമ്പള്ളിൽ, ഡോ. പ്രവീൺ ഗോപിനാഥ് എന്നിവർ സദസ്യരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു.
ആഫ്റ്റർ ഡിങ്കൻ ബിഫോർ ചുണ്ടെലി!
ഉച്ചക്ക് മൂന്നു മണി മുതലുള്ള സെഷനിൽ ഡോ സുനിൽകുമാർ (മൈൽസ്റ്റോൺ ഇൻ മെഡിസിൻ) മനുജ മൈത്രി (ആഫ്റ്റർ ഡിങ്കൻ ബിഫോർ ചുണ്ടെലി) ,രമേശ് രാജശേഖരൻ (സിംഗുലാരിറ്റി) മഞ്ചു മനുമോഹൻ ( ആൾക്കൂട്ടത്തിൽ തനിയെ), ഉമേഷ് അമ്പാടി ( ബഹിരാകാശ ഗവേഷണത്തിന്റെ ഭാവി), ഡോ. ആൽബി ഏലിയാസ് (മസ്തിഷ്‌ക്കത്തിലെ മിന്നുന്ന കുറുക്കുവഴികൾ) ജോസ് കണ്ടത്തിൽ ( കുമ്പസാര രഹസ്യം) തങ്കച്ചൻ പന്തളം( വഴിമുട്ടുകൾ) എന്നിവർ സംസാരിച്ചു. എഡി, ബിസി എന്നീ കാലഗണനകളെ ക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെടുത്തി ആഫ്റ്റർ ഡെത്ത്, ബിഫോർ ക്രൈസ്ററ് എന്ന രീതിയിൽ വ്യാഖ്യാനിക്കുന്നത് വെറും മുത്തശ്ശി കഥ മാത്രമാണെന്നും, അതിലും നല്ലത് ആഫ്റ്റർ ഡിങ്കൻ, ബിഫോർ ചൂണ്ടെലി എന്ന് വ്യാഖ്യാനിക്കുന്നതുമാണെന്ന് വിശദീകരിക്കുന്ന മനൂജാ മൈത്രിയുടെ പ്രസന്റേഷൻ കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. ഫ്രാങ്കോക്ക് വേണ്ടി ഇപ്പോഴും പ്രാർത്ഥിക്കാൻ ആവശ്യപ്പെടുന്ന സഭയെ പൊളിച്ചടുക്കി ജോസ് കണ്ടത്തിലും പ്രേക്ഷകരെ കൈയിലെടുത്തു. മഞ്ചു മനുമോഹന്റെ ഓട്ടിസം ബാധിച്ച സ്വന്തം കുട്ടിയുടെ അവസ്ഥ പറഞ്ഞുകൊണ്ട് ്ഈ വിഷയത്തിൽ നടത്തിയ പ്രഭാഷണം പലപ്പോഴും സദസ്സിന്റെയും നൊമ്പരമായി.
രാവിലെ നിറഞ്ഞ നിശാഗന്ധിയിൽ സി രവിചന്ദ്രൻ അവസാന സെഷനായ 'മോബ് ലിഞ്ചിങ്ങ്' എന്ന വിഷയത്തിൽ സംസാരിക്കാൻ വരുമ്പോഴും അതേ ആൾക്കൂട്ടം ഉണ്ടായിരുന്നു. സദസ്സിന്റെ നിറഞ്ഞ കൈയടികളോടെ വേദിയിലെത്തിയ സി രവിചന്ദ്രൻ, ഇത്രയും വലിയ ഒരു സമ്മേളനം കേരളത്തിന്റെ നാസ്തിക ചരിത്രത്തിലെ പുതിയ അധ്യായമാണെന്ന് പറഞ്ഞാണ് തുടങ്ങിയത്. ഒരു ആൾക്കൂട്ടം എങ്ങനെയാണ് അക്രമാസക്തമാവുന്നത് എന്നതിന്റെ ശാസ്ത്രീയ വിശദീകരണവും മത-രാഷ്ട്രീയ സംഘടനകൾ എങ്ങനെ ആൾക്കൂട്ടങ്ങളെ തന്ത്രപൂർവം ഉപയോഗിക്കുന്നുവെന്നു അദ്ദേഹം വിശദീകരിച്ചു. മോബ് ലിഞ്ചിങ്ങിലൂടെ കിട്ടുന്ന ഹിംസയുടെ അതേ ക്രൂരമായ സുഖം തന്നെയാണ് സൈബർ ലിഞ്ചിങ്ങിലൂടെ പലർക്കും കിട്ടുന്നതെന്നും രവിചന്ദ്രൻ വിശദീകരിച്ചു. ഈ ഒരു മഹാസമ്മേളനം ശാസ്ത്ര പ്രചാരണത്തിലും സ്വതന്ത്ര ചിന്തയിലും പുതിയ തരംഗങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും ഈ പരിപാടിക്ക് എത്തിയ ഓരോരുത്തരും പുറത്തേക്ക് ഒഴുകാൻ ശ്രമിക്കണമെന്നും പറഞ്ഞ് അദ്ദേഹം പ്രഭാഷണം അവസാനിപ്പിക്കുമ്പോഴും സദസ്സിൽ നിറഞ്ഞ കൈയടികളായിരുന്നു.
രണ്ടാം ദിനമായ ബുധനാഴ്ച നടന്ന പഠനയാത്രയിലും മുന്നൂറിലേറെ പേരാണ് പങ്കെടുത്തത്. പൊന്മുടി, മീന്മുട്ടി, കല്ലാർ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച സംഘം മതരഹിതമായ ഒരു ലോകം സാധ്യമാവും എന്ന ആശ പങ്കുവെച്ചു. 'തെളിവുകൾ നയിക്കട്ടെ' എന്ന മുദ്രാവാക്യം ഈ സമൂഹം എറ്റെടുക്കുന്ന രീതിയിൽ പ്രവർത്തനം എല്ലായിടത്തും എത്തിക്കുമെന്ന് ഉറപ്പുപറഞ്ഞാണ് പ്രതിനിധികൾ മടങ്ങിയത്. അടുത്ത എസ്സൻസ് വാർഷിക സമ്മേളനവും സെമിനാറും -ലിറ്റ്മസ് 19- ഒക്ടോബറിൽ കോഴിക്കോട്ട് നടക്കുമെന്നും സംഘാടകർ അറിയിച്ചു.
നവനാസ്തികതയുടെ വേലിയേറ്റം കേരളത്തിലും
യൂറോപ്യൻ രാജ്യങ്ങളിലേതു പോലെ നവ നാസ്തികയുടെ വേലിയേറ്റം കേരളത്തിലും എത്തിയെന്നതിന്റെ വ്യക്തമായ സൂചനകളാണ് ലിറ്റ്മസിന് കിട്ടിയ സ്വീകാര്യത വ്യക്താമാക്കുന്നത്. നേരത്തെ ലിറ്റ്മസിന്റെ പ്രചാരണ പരിപാടികൾ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പ്രമുഖ എഴുത്തുകാരനും ശാസ്ത്ര പ്രഭാഷകനും, ചിന്തകനുമായ സി രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള ടീം നടത്തുന്ന പ്രചാരണ പരിപാടികൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. സിനിമാ പരസ്യങ്ങളോട് കിടപിടിക്കുന്ന വലിയ ഫ്ളക്സുകളും ഹോർഡിങ്ങുകളും സമ്മേളനത്തിന്റെ പ്രചാരണാർഥം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നത്. നാടെമ്പാടും ലിറ്റ്മസിന്റെ ചുവരെഴുത്തും പോസ്റ്ററും നിറഞ്ഞിരുന്നു. ട്രോളുകളും കിടിലൻ സൈബർ പ്രമോയുമായി എസ്സൻസിന്റെ സൈബർ വിങ്ങും സജീവമായിരുന്നു. ഇതോടെ രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം വർധിച്ചതോടെ തിരുവനന്തപുരം കോർപ്പറേഷൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന പരിപാടി, നിശാഗന്ധിയിലെ വിശാലമായ വേദിയിലേക്ക് മാറ്റുകയാണ് ഉണ്ടായത്.
അത്രയൊന്നും ജനകീയമല്ലാതെ വെറും പത്തു അമ്പതും പേര് അടങ്ങുന്ന ചെറിയ വേദികളിൽ ഒതുങ്ങിയിരുന്ന, കേരളത്തിന്റെ യുക്തിവാദ പ്രവർത്തനത്തിന്റെ ഗതി മാറിയത് പ്രശസ്ത എഴുത്തുകാരനും ചിന്തകനും പരിണാമ ശാസ്ത്രജ്ഞനുമായ റിച്ചാർഡ് ഡോക്കിൻസിന്റെ 'ഗോഡ് ഡെല്യൂഷൻ' എന്ന ലോക പ്രശസ്തമായ പുസ്തകത്തിന്റെ സ്വതന്ത്ര വിവർത്തമായ 'നാസ്തികനായ ദൈവവുമായി' സി രവിചന്ദ്രൻ രംഗത്ത് എത്തിയതോടെ അയിരുന്നു. എട്ടുവർഷംമുമ്പ് കോഴിക്കോട് നളന്ദ ഹോട്ടൽ ഓഡിറ്റോറിയത്തിൽ രവിചന്ദ്രന്റെ ആദ്യ പ്രഭാഷണം, യൂറോപ്യൻ രീതിയിലുള്ള നവ നാസ്തികതയിലേക്കുള്ള കേരളത്തിന്റെ ചുവടുവെപ്പായി. മതങ്ങളെയും മതേതര പ്രത്യയശാസ്ത്രങ്ങളെയും അവയുടെ ആഭ്യന്തര വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യുന്ന പരമ്പരാഗത യുക്തിവാദ രീതിയിൽ നിന്ന് മാറി, തീർത്തും സയൻസിന്റെ മാനദണ്ഡങ്ങളിലൂടെ അവതരിപ്പിക്കുന്ന രീതിയായിരുന്നു സി രവിചന്ദ്രൻ സ്വീകരിച്ചത്. വളരെ പെട്ടെന്നുതന്നെ ഇത് ഒരു പുതിയ തരംഗമായി മാറുകയും യുവാക്കൾ അടക്കമുള്ള വലിയ സംഘം ഇതിലേക്ക് ആകൃഷ്ടരാവുകയും ചെയ്തു.
ഇതോടൊപ്പം ഡോ അഗസ്റ്റ്സ് മോറിസ്, വൈശാഖൻ തമ്പി, തുടങ്ങിയ ഒട്ടനവധി പ്രഭാഷകരും ശാസ്ത്രപ്രചാരകരും ഈ മേഖലയിലേക്ക് കടന്നുവരികയും ചെയതു. നവാസ്ജാനെ, ജേക്കബ് വടക്കൻചേരി, സന്ദീപാനന്ദഗിരി, ചിദാന്ദപുരി തൊട്ട് കെ വേണുവരെയുള്ളവരുമായുള്ള രവിചന്ദ്രന്റെ സംവാദങ്ങൾ യൂ ട്യൂബിൽ വൈറൽ ആവുകയും ചെയ്തു. ലോകത്തിന്റെ നാനാഭാഗങ്ങളിലായി ചിതറിത്തെറിച്ച് കിടക്കുന്ന ശാസ്ത്രകുതുകികളുടെ ചുവടുപിടിച്ചാണ് 2016 ഒക്ടോബർ രണ്ടാം തീയതി esSENSE എന്ന സംഘടന ഉദ്ഘാടനം ചെയ്യപ്പെട്ടത്.
ലോകമെമ്പാടുമുള്ള മലയാളി മസ്തിഷ്‌ക്കങ്ങളിൽ യുക്തിചിന്തയുടെയും ശാസ്ത്രീയ മനോവൃത്തിയുടെയും തീപ്പൊരി വിതറാൻ കഴിഞ്ഞ 23 മാസത്തെ പ്രവർത്തനത്തിലൂടെ ഈ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ എസ്സൻസ് ഗ്ലോബലായി മാറിയ സംഘടനയുടെ രണ്ടാംവാർഷികം ആയാണ്, തിരുവനന്തപുരത്ത് ലിറ്റ്മസ് എന്ന് പേരിട്ട അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചത്.'തെളിവുകൾ നയിക്കട്ടെ' എന്ന തലക്കെട്ടു ഇപ്പോൾ ഹിറ്റായി കഴിഞ്ഞു.
ഇപ്പോൾ എസ്സൻസ് ഗ്ലോബലിനു പുറമെ ന്യൂറോൺസ് എന്ന പുതിയ യൂട്യൂബ് ചാനലും സംഘടന തുടങ്ങിയിട്ടുണ്ട്. നാസ്തികതയും, ശാസ്ത്രവും പ്രചരിപ്പിക്കുന്ന ഇതിലെ വീഡിയോകൾക്ക് ലക്ഷങ്ങളാണ് പ്രേക്ഷകരായിട്ട് ഉള്ളത്. ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും ബാംഗ്ലൂരിനും പുറമേ, യുകെ, യുഎസ്എ, അയർലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ പല വിദേശരാജ്യങ്ങളിലും ഏസ്സൻസിന് യൂണിറ്റുകൾ ഉണ്ട്.