തിരുവനന്തപുരം: കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ വിജ്ഞാനോത്സവത്തിന് നിശാഗന്ധിയിൽ തുടക്കമായി. എസ്സൻസ് ഗ്ലോബൽ എന്ന ശാസ്ത്ര-സ്വതന്ത്രചിന്താ കൂട്ടായ്മ ഒക്ടോബർ 2, 3 തീയതികളിൽ നടത്തുന്ന 'ലിറ്റ്മസ് 18' എന്ന് പേരിട്ട വാർഷിക സമ്മേളനത്തിനും അന്താരാഷ്ട്ര സെമിനാറിനും നാളിതുവരെ ഒതു സ്വതന്ത്ര ചിന്താ പ്രസ്ഥാനത്തിനും കിട്ടാത്ത സ്വീകാര്യതയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇതുവരെയായി ആയിരത്തി മുന്നൂറിലേറെപ്പേർ പരിപാടിക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്തിരുന്നു. സ്‌പോട്ട് രജിസ്ട്രഷനായും നിരവധിയാളുകളാണ് എത്തിയത്

അടച്ചിട്ട മുറയിൽ അഞ്ചാറുപേർ എന്നാണ് സാധാരണ യുക്തിവാദികളുടെയും സ്വതന്ത്രചിന്തകരുടെയും പരിപാടിയെക്കുറിച്ച് ചിലർ വിമർശിക്കാറുള്ളതെന്നും ഇത്തവണ അതെല്ലാം തിരുത്തിക്കുറിച്ച ആൾകൂട്ടമാമ് നിശാഗന്ധിയിൽ കണ്ടത്.എസ്സൻസ് ഗ്ലോബലിന്റെ നേത്വത്വത്തിൽ അതി വിപുലമായ പ്രചാരണമാണ് ലിറ്റ്മസിനായി നടത്തിയത്.

യൂറോപ്യൻ രാജ്യങ്ങളിലേതുപോലെ നവ നാസ്തികയുടെ വേലിയേറ്റം കേരളത്തിലും എത്തിയെന്നതിന്റെ വ്യക്തമായ സൂചനകൾ കാണാൻ കഴിയുന്ന രീതിയിലാണ് ലിറ്റ്മസിന്റെ പ്രചാരണം മുന്നേറിയത്. പ്രമുഖ എഴുത്തുകാരനും ശാസ്ത്ര പ്രഭാഷകനും, ചിന്തകനുമായ സി രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള ടീം നടത്തുന്ന പ്രചാരണ പരിപാടികൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.സിനിമാ പരസ്യങ്ങളോട് കിടപിടിക്കുന്ന വലിയ ഫ്‌ളക്‌സുകളും ഹോർഡിങ്ങുകളും സമ്മേളനത്തിന്റെ പ്രചാരണാർഥം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നു കഴിഞ്ഞു.

ഇന്ത്യയിലും വിദേശത്തുമുള്ള ഇരുപതിലധികം പ്രഭാഷകരാണ് വിവിധ വിഷയങ്ങളിൽ ലിറ്റ്മസിൽ സംസാരിക്കുന്നത്. ഗാന്ധിജയന്തി ദിനമായഇന്ന് രാവിലെയാണ് അന്തർദേശീയ സെമിനാർ അരങ്ങേറുന്നത്. രാവിലെ 9.30 മുതൽ രാത്രി 8 മണി വരെയാണ് സമയം. ഒക്ടോബർ മൂന്നാം തീയതി സെമിനാർ പ്രഭാഷകരോടൊപ്പം തിരുവനന്തപുരം ജില്ലയിലെ പ്രസിദ്ധ വിനോദ-വൈജ്ഞാനിക കേന്ദ്രങ്ങളിലേക്ക് പഠനയാത്ര നടത്താനുള്ള അവസരം ലഭിക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന യാത്ര വൈകിട്ട് 6 മണിക്ക് തിരുവനന്തപുരത്ത് സമാപിക്കും. വിനോദ കേന്ദ്രങ്ങളിൽ മീന്മുട്ടി, പൊന്മുടി തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.