ദോഹ: പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിന് പൊതുശുചിത്വ നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണെങ്കിലും ഇത്തരം സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയാൻ പാടില്ല. പൊതുസ്ഥലങ്ങളും വീടുകളുടെ ബാൽക്കണിയുമെല്ലാം വൃത്തിയായി സുക്ഷിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം. 1974-ലെ പൊതുശുചിത്വ നിയമം പരിഷ്‌ക്കരിച്ചാണ് കരടു നിയമത്തിന് മന്ത്രിസഭ രൂപം നൽകിയത്. നിയമം ഇനി ശൂറാ കൗൺസിലിന്റെ പരിഗണനയ്ക്ക് വിടും.

പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നത് ഉറപ്പാക്കാൻ
മുനിസിപ്പാലിറ്റികൾക്ക് ഒന്നോ അതിലധികമോ കരാറുകാരെ നിയമിക്കാനും കരടുനിയമം അനുവാദം നൽകുന്നു. മനുഷ്യർക്ക് ഭക്ഷണയോഗ്യമായ സാധനങ്ങൾ സംബന്ധിച്ച 1990ലെ എട്ടാം നമ്പർ നിയമത്തിലെ ഏതാനും വകുപ്പുകൾ ഭേദഗതി ചെയ്യാനുള്ള നിർദേശവും പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചു.

മുനിസിപ്പാലിറ്റിക്കു കീഴിലുള്ള പബ്ലിക് സ്ഥലങ്ങൾ, ബീച്ചുകൾ, വീടുകളുടെ മട്ടുപ്പാവുകൾ, ബാൽക്കണി, നടപ്പാതകൾ എന്നിവിടങ്ങളിൽ മാലിന്യം തള്ളുന്നത് വിലക്കിക്കൊണ്ടാണ് പുതിയ കരടുനിയമം ആവിഷ്‌ക്കരിച്ചിരിക്കുന്നത്. മാലിന്യങ്ങളുടെ സംസ്‌ക്കരണവും പുനരുപയോഗവും നഗരസഭകളുടെ ഉത്തരവാദിത്വത്തിൽ പെടുമെന്നും മന്ത്രിസഭ വ്യക്തമാക്കിയിട്ടുണ്ട്.