സിംഗപ്പൂർ: ലിറ്റിൽ ഇന്ത്യാ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 25 പേരിൽ അവസാനത്തെയാളുടെ വിചാരണ ആരംഭിച്ചു. 2013 ഡിസംബറിൽ അരങ്ങേറിയ കലാപത്തെ തുടർന്ന് അറസ്റ്റിലായ അരുൺ കലിയമൂർത്തി എന്ന ഇരുപത്തൊമ്പതുകാരന്റെ വിചാരണയാണ് ആരംഭിച്ചത്. പൊലീസിന്റെ നിർദ്ദേശം ലഭിച്ചിട്ടും കലാപ മേഖലയിൽ നിന്നും ഒഴിഞ്ഞുപോകാൻ അരുൺ വിസമ്മതിച്ചുവെന്നാണ് ആരോപണം. എന്നാൽ അരുണിനെ അറസ്റ്റ് ചെയ്തത് അന്യായമാണെന്നും വംശീയ സ്വഭാവമുള്ളതാണെന്നും അരുണിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

ഡിസംബർ എട്ടിന് ലിറ്റിൽ ഇന്ത്യ മേഖലയിൽ നടന്ന സംഘർഷത്തിൽ നിരവധി പേർക്ക് പരുക്കേറ്റിരുന്നു. സംഭവത്തിൽ 25 ഇന്ത്യക്കാരാണ് അറസ്റ്റിലായത്. മറ്റുള്ളവരുടെ വിചാരണ പൂർത്തിയായി ശിക്ഷയും വിധിച്ചിരുന്നു. നാല്പതു വർഷത്തിനിടെ സിംഗപ്പൂരിൽ നടന്ന ഏറ്റവും രൂക്ഷമായ തെരുവ് സംഘർഷമായിരുന്നു അത്. 23 സർക്കാർ വാഹനങ്ങൾ തകർക്കുകയും 43 എൻഫോഴ്‌സ്‌മെന്റ് ഓഫീസർമാർക്ക് പരുക്കേൽക്കുയും ചെയ്തിരുന്നു. ഒരു ഇന്ത്യക്കാരനെ ബസ് ഇടിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കലാപത്തിന് കാരണമായത്.

ഇൻഫർമേഷൻ സിസ്റ്റത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ആളാണ് അരുൺ കാലിയമൂർത്തി. കലാപ പ്രദേശത്തുനിന്ന് പൊലീസ് നിർദേശമുണ്ടായിട്ടും ഒഴിഞ്ഞുപോകാൻ കൂട്ടാക്കാതിരുന്നത് പൊലീസിന് അവരുടെ ഡ്യൂട്ടിക്ക് തടസമായി എന്നും അരുണിന്റെ ആരോപിക്കുന്നു. ഇന്നലെ ആരംഭിച്ച വിചാരണയിൽ ആറു ദൃക്‌സാക്ഷികളെയാണ് ഹാജരാക്കിയത്. ഇതിൽ അഞ്ചു പൊലീസുകാരും അരുണിന്റെ സുഹൃത്തും ഉൾപ്പെടുന്നു.