ലണ്ടൻ: ലിവർ പൂളിൽ വച്ച് നടക്കുന്ന നിർണായക ആരോഗ്യ കോൺഫറൻസിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ ലോകോത്തര ആരോഗ്യ വിദഗ്ധൻ സാബു. കെ.യുവിന് ബ്രിട്ടൻ വിസ നിഷേധിച്ച സംഭവം അന്താരാഷ്ട്ര തലത്തിൽ വൻ വിവാദത്തിന് വഴിയൊരുക്കുന്നു. മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റിൽ ആവശ്യത്തിന് പണമില്ലെന്ന പേര് പറഞ്ഞാണ് അദ്ദേഹത്തിന് ബ്രിട്ടൻ വിസ നൽകാതിരിക്കുന്നത്. കോൺഫറൻസിൽ പങ്കെടുക്കുന്നതിന് സാബുവിന് സ്‌കോളർഷിപ്പ് ലഭിച്ചിട്ടും വിസ നിഷേധിച്ചതാണ് കടുത്ത പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.

ഇതിനെ തുടർന്ന് ഇന്ത്യയിലും യുകെയിലും വൻ വിവാദം ഉയർന്നിട്ടുണ്ട്. മറ്റ് നിരവധി രാജ്യങ്ങളിലെ ദേശീയ പത്രങ്ങൾ ഈ പ്രശ്നം അതി പ്രാധാന്യത്തോടെയാണ് കൈകാര്യം ചെയ്യാൻ തുടങ്ങിയിരിക്കുന്നത്. യുകെയിലെ കടുത്ത നിയമങ്ങൾ മൂലം നോൺ യൂറോപ്യൻ യൂണിയൻ എക്സ്പർട്ടുകൾക്ക് യുകെയിലെ ഇത്തരം ഇവന്റുകളിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന ആശങ്കയാണ് ഇതോടെ ശക്തമായിരിക്കുന്നത്. ഗ്ലോബർ സിംബോസിയം ഓൺ ഹെൽത്ത് സിസ്റ്റംസ് റിസർച്ചിൽ പങ്കെടുക്കുന്നതിനായിരുന്നു സാബുവിന് ഒരു സ്‌കോളർഷിപ്പ് ലഭിച്ചിരുന്നത്.

ധനിക രാജ്യങ്ങൾ ദരിദ്ര രാജ്യങ്ങളിൽ നിന്നുള്ളവരെ നിയമവിരുദ്ധ കുടിയേറ്റക്കാരായാണ് കാണുന്നതെന്നും അതിനാൽ അവർ ധനിക രാജ്യങ്ങളിലെത്തിയാൽ അനുവദിച്ചതിലും അധികം കഴിയുമെന്നുമുള്ള യാഥാസ്ഥിതിക കാഴ്ചപ്പാട് യുകെ പുലർത്തുന്നതിനാലാണ് തനിക്ക് വിസ നിഷേധിച്ചിരിക്കുന്നതെന്ന് സാബു ഒരു ബ്ലോഗിൽ എഴുതിയിട്ടുണ്ട്. ഈ കോൺഫറൻസിലേക്ക് ഇത്തരത്തിൽ സാബു അടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ള ചുരുങ്ങിയ പത്ത് ഡെലിഗേറ്റുകൾക്കെങ്കിലും വിസ നിഷേധിച്ചിട്ടുണ്ട്.

ഇവരുടെ അക്കൗണ്ടുകളിൽ ഇതിന് മുമ്പത്തെ മൂന്ന് മാസങ്ങളിൽ മതിയായ ബാലൻസില്ലെന്ന കുടിയേറ്റ നിയമത്തിലെ കടുത്ത വ്യവസ്ഥ ഉയർത്തിക്കാട്ടിയാണ് ബ്രിട്ടൻ സാബുവടക്കം ചിലർക്ക് വിസ നിഷേധിച്ചത്. ഇത്തരത്തിലുള്ള ഇന്റർനാഷണൽ ഇവന്റുകളിലേക്ക് ക്ഷണിക്കപ്പെടുന്നവർക്ക് അവയിൽ കൂടുതൽ അനായാസമായി പങ്കെടുക്കാൻ എത്തിച്ചേരാൻ അവസരമൊരുക്കണമെന്നാണ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷനിലെ കമ്മ്യൂണിക്കബിൾ ഡിസീസ് കോ ഓഡിനേറ്ററായ മസൗദ് ഡാറ പ്രതികരിച്ചിരിക്കുന്നത്. ഇത്തരം കടുത്ത കുടിയേറ്റ നിയമങ്ങൾ അക്കാദമിക് സഹകരണത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

സർക്കാരിന്റെ കടുത്ത കുടിയേറ്റ നയം മൂലം അക്കാദമിക് രംഗത്തെ സഹകരിച്ചുള്ള പ്രവർത്തനത്തിന് തിരിച്ചടിയായിരിക്കുന്നുവെന്നാണ് ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ പ്രഫസറായ മാർട്ടിൻ മാക് കീ പ്രതികരിച്ചിരിക്കുന്നത്. സാബുവിന് വിസ നിഷേധിച്ചതിനെ കുറിച്ച് ഹോം ഓഫീസ് വ്യക്തമായി പ്രതികരിച്ചിട്ടില്ല. എല്ലാ യുകെ വിസ അപേക്ഷകരെയും അവരുടെ വ്യക്തിപരമായ യോഗ്യതകളുടെയും യുകെയിലെ ഇമിഗ്രേഷൻ നിയമങ്ങളുടെയും മാർഗനിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് പരിഗണിക്കുന്നതെന്ന് ഹോം ഓഫീസ് പറയുന്നു.