സ്വീഡനിൽ തട്ടിക്കൊണ്ട് പോയ യുവതിയെ പ്രതികൾ കൂട്ടബലാത്സംഗത്തിനിരയാക്കുകയും അത് ഫേസ്‌ബുക്കിലൂടെ ലൈവ് ബ്രോഡ്കാസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു ഫ്ലാറ്റിൽ വച്ച് നടന്ന ആക്രമണം ഫേസ്‌ബുക്ക് ലൈവിലൂടെ നിരവധി പേർ കണ്ടിരുന്നു. ഇതറിഞ്ഞ പൊലീസ് കെട്ടിടം വളയുന്നത് വരെ ആക്രമികൾ മാനഭംഗം തുടർന്നിരുന്നുവെന്നാണ് റിപ്പോർട്ട്. മൂന്ന് പേർ പിടിയിലായിട്ടുണ്ട്.

ഇന്നലെ രാവിലെ 8.30ന നടന്ന സംഭവം ഫേസ്‌ബുക്കിലൂടെ കണ്ട ഒരാൾ വിവരമറിയിച്ചതിനെ തുടർന്നായിരുന്നു പൊലീസ് കുതിച്ചെത്തിയത്. അപ്പ്സാല നഗരത്തിലെ ഫ്ലാറ്റിൽ വച്ചാണ് പീഡനം അരങ്ങേറിയത്. സായുധരായ ഓഫീസർമാർ കെട്ടിടം നിൽക്കുന്ന സ്ഥലമാകെ വളഞ്ഞിരുന്നു. തുടർന്ന് തന്ത്രപരമായ നീക്കത്തിലൂടെ കെട്ടിടത്തിനകത്ത് കടന്ന് പ്രതികളെ പൊക്കുകയായിരുന്നു. ഈ സംഭവത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ പൊലീസ് തയ്യാറായിട്ടില്ല. എന്നാൽ മൂന്ന് പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

1992,1996,1998 എന്നീ വർഷങ്ങളിൽ ജനിച്ചവരാണ് സംഭവത്തെ തുടർന്ന് അറസ്റ്റിലായതെന്ന് വെളിപ്പെട്ടിട്ടുണ്ട്. ഈ അവസരത്തിൽ ഈ കേസിനെ കുറിച്ച് എന്തെങ്കിലും പറയാൻ സാധ്യമല്ലെന്നാണ് അന്വേഷണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനായ ഇവാൻ അസ്ലുൻഡ് പ്രതികരിച്ചിരിക്കുന്നത്. പ്രാഥമികാന്വേഷണം മാത്രമേ കഴിഞ്ഞിട്ടുള്ളുവെന്നും കൂടുതൽ നിഗൂഢതകൾ ചുരുളഴിയാനുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്ന ലൈവ് ബ്രോഡ്കാസ്റ്റിങ് ഫേസ്‌ബുക്കിൽ കണ്ട് തങ്ങൾ ഞെട്ടിപ്പോയെന്നാണ് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നത്. രണ്ട് പേർ ഒരു യുവതിയെ ബെഡിലേക്ക് തള്ളിയിടുന്നതും അവരുടെ എതിർപ്പിനെ വക വയ്ക്കാതെ ലൈംഗികമായി പീഡിപ്പിക്കുന്നതാണ് ഫേസ്‌ബുക്ക് ലൈവിലൂടെ കണ്ടിരുന്നതെന്നും സാക്ഷികൾ പറയുന്നു.

ഈ വീഡിയോ ഒരു തമാശയാണെന്നാണ് അവർ കരുതിയിരുന്നതെന്നും റിപ്പോർട്ടുണ്ട്. ഈ ലൈവ് 200ൽ അധികം പേർ കണ്ടിരുന്നുവെന്നും സൂചനയുണ്ട്. ഒരു ക്ലോസ്ഡ് ഫേസ്‌ബുക്ക് ഗ്രൂപ്പിൽ ഈ വിഡിയോ ബ്രോഡ്കാസ്റ്റ് ചെയ്തിരുന്നുവെന്നാണ് മറ്റൊരു ദൃക്സാക്ഷി പറയുന്നത്.