പട്‌ന: ബീഹാറിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ഇനി എല്ലാ കണ്ണുകളും ഡൽഹിയിലേയ്ക്കാണ്. ബിജെപിയുടെ ദേശീയ അധ്യക്ഷൻ അമിത് ഷായുമായി മുഖ്യമന്ത്രി ജിതൻ റാം മഞ്ചി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മഞ്ചി കാണുന്നുണ്ട്. എന്നാൽ അവിടെ രാഷ്ട്രീയ ചർച്ചകളൊന്നും നടക്കില്ല. ബജറ്റിന് മുന്നോടിയായി മുഖ്യമന്ത്രിമാരുടെ യോഗത്തിനാണ് മഞ്ചി മോദിയുടെ വീട്ടിലെത്തുന്നത്. ഈ യോഗത്തിൽ മഞ്ചി പങ്കെടുക്കുന്നതോടെ മുഖ്യമന്ത്രി പദം ഉപേക്ഷിക്കാൻ തയ്യാറല്ലെന്ന വ്യക്തമായ സൂചനയും ജനതാദൾ യുണൈറ്റഡ് നേതൃത്വത്തിന് മഞ്ചി നൽകി കഴിഞ്ഞു.

നാടകീയ സംഭവ വികാസങ്ങൾ ക്കൊടുവിൽ ബിഹാറിൽ മുൻ മുഖ്യമന്ത്രി നിതീഷ് കുമാർ ഭരണകക്ഷിയായ ജനതാ ദൾ യുണൈറ്റഡിന്റെ നിയമസഭാ കക്ഷി നേതാവ് കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു. പാർട്ടിയിലെ ഭൂരിപക്ഷ അഭിപ്രായം മാനിക്കാതെ നിയമസഭ പിരിച്ചുവിടാൻ ഏകപക്ഷീയമായി ഗവർണറോടു ശിപാർശ ചെയ്ത മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയെ നേതൃസ്ഥാനത്തുനിന്ന് മാറ്റിയശേഷമാണ് പുതിയ നേതാവിനെ നിയമസഭാകക്ഷിയോഗം തെരഞ്ഞെടുത്തത്. സ്ഥാനമൊഴിയാനുള്ള നേതൃത്വത്തിന്റെ നിർദ്ദേശം അവഗണിച്ചതിന്റെ പേരിൽ മാഞ്ചിയെ പാർട്ടിയിൽനിന്നു പുറത്താക്കിയതായും റിപ്പോർട്ടുണ്ട്. എന്നാൽ, ഇതു വാസ്തവ വിരുദ്ധമാണെന്നും മാഞ്ചിയെ പുറത്താക്കുന്നതു സംബന്ധിച്ച തീരുമാനം പാർട്ടിനേതൃത്വം കൈക്കൊണ്ടിട്ടില്ലെന്നും ജെ.ഡി.യു. വൃത്തങ്ങൾ അറിയിച്ചു.

ഇതിനിടെയാണ് ബിജെപി നേതൃത്വവുമായി മഞ്ചി ചർച്ച ചെയ്യുന്നത്. നിയമസഭ പിരിച്ചുവിട്ടാൽ ബിജെപിയുമായി സഹകരിക്കാൻ മഞ്ചി തയ്യാറാകുമെന്നാണ് സൂചന. എന്നാൽ ബിഹാറിൽ ബിജെപി പിന്തുണയോടെ സർക്കാർ ഉണ്ടാക്കാനുള്ള പിന്തുണ മഞ്ചിക്കില്ല. ഈ സാഹചര്യത്തിൽ നിയമസഭ പിരിച്ചുവിടണമെന്ന മഞ്ചിയുടെ ആവശ്യത്തോട് ബിജെപി എന്ത് നിലപാട് എടുക്കുമെന്നതാണ് നിർണ്ണായകം. ഡൽഹി തെരഞ്ഞെടുപ്പിൽ തിരിച്ചടി കിട്ടിയ സാഹചര്യത്തിൽ നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കുന്ന തീരുമാനം ഗവർണ്ണറെ കൊണ്ട് കേന്ദ്ര സർക്കാർ എടുപ്പിക്കുമെന്നാണ് സൂചന. അല്ലാത്ത പക്ഷം വലിയ തിരിച്ചടി ഒക്ടോബറിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ബിഹാറിൽ ഉണ്ടാകുമെന്ന വിലയിരുത്തൽ സജീവമാണ്.

ഇതോടെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവച്ച നിതീഷിന് ഒരുവട്ടംകൂടി അതേനിയോഗം ഏറ്റെടുക്കാനുള്ള അവസരം കൈവന്നിരിക്കുകയാണ്. നിതീഷിനെ വീണ്ടും മുഖ്യമന്ത്രിപദത്തിൽ അവരോധിക്കാനുള്ള പാർട്ടി നീക്കത്തെ പ്രതിരോധിക്കാൻ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പു നടത്താൻ ജിതൻ റാം മാഞ്ചി ഗവർണർ കേസരി നാഥ് ത്രിപാഠിയോട് നേരത്തെ ശുപാർശ ചെയ്തിരുന്നു. അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചശേഷമായിരുന്നു മാഞ്ചിയുടെ നടപടി.

28 അംഗ മന്ത്രിസഭയിൽ 21 പേരും തീരുമാനത്തെ എതിർത്തെങ്കിലും സ്വന്തം നിലപാടിൽ മാഞ്ചി ഉറച്ചുനിന്നു. പ്രതിഷേധ സൂചകമായി നിതീഷ് കുമാർ അനുയായികൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. പ്രശ്‌നത്തിൽ മാഞ്ചിയുമായി അനുരഞ്ജനത്തിനുള്ള സാധ്യതകൾ മങ്ങിയതിനേത്തുടർന്ന് പാർട്ടി അധ്യക്ഷൻ ശരദ് യാദവിന്റെ നിർദ്ദേശാനുസരണം പിന്നീട് നിയമസഭാകക്ഷിയോഗം ചേർന്നു. ഈ യോഗത്തിലാണ് പുതിയ നിയമസഭാകക്ഷി നേതാവായി നിതീഷ് കുമാറിനെ തെരഞ്ഞെടുത്തത്. പാർട്ടിയുടെ 111 എംഎ‍ൽഎമാരിൽ 97 പേരും ലെജ്‌സ്‌ളേറ്റീവ് കൗൺസിലിലെ ആകെയുള്ള 41 അംഗങ്ങളിൽ 37 പേരും യോഗത്തിൽ സംബന്ധിച്ചു.

നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ പുതിയ സർക്കാരുണ്ടാക്കാൻ പാർട്ടി അവകാശവാദമുന്നയിക്കുമെന്നാണ് കരുതുന്നത്. അതേസമയം, പുതിയ സർക്കാർ രൂപീകരിക്കാൻ സമയം നീട്ടിനൽകണമെന്ന് പാർട്ടി പ്രസിഡന്റ് ശരദ് യാദവ് ഗവർണർ കേസരി നാഥ് ത്രിപാഠിയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് ജെ.ഡി.യു. ജനറൽ സെക്രട്ടറി കെ.സി. ത്യാഗി അറിയിച്ചു. ഗവർണർ ത്രിപാഠി നാളെ മാത്രമേ പട്‌നയിലെത്തുകയുള്ളൂവെന്നാണ് സൂചന. നാളെ രാവിലെ ഗവർണറെത്തിയശേഷം ശരദ് യാദവ് അദ്ദേഹത്തെ നേരിൽക്കണ്ട് നിതീഷ് കുമാറിനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്ത വിവരം ധരിപ്പിക്കും.

നിയമസഭ പിരിച്ചുവിടാനുള്ള മാഞ്ചിയുടെ ശിപാർശയിൽ വിയോജിപ്പ് പ്രകടിപ്പിച്ച 21 മന്ത്രിമാർ നാളെത്തന്നെ ഗവർണറെ സന്ദർശിച്ച് മന്ത്രിസഭയിൽനിന്ന് രാജിവച്ചുകൊണ്ടുള്ള കത്തു കൈമാറുമെന്ന് ത്യാഗി വ്യക്തമാക്കി.