ന്യൂഡൽഹി: ഫേസ്‌ബുക്ക് ലൈവിലൂടെ ആത്മഹത്യ ചെയ്യാനൊരുങ്ങിയ ദൃശ്യങ്ങൾ പുറത്തുവിട്ട യുവതിയെ രക്ഷിച്ചു. ന്യൂഡൽഹിയിലെ ലജ്പത് നഗറിലാണ് മൊറാദാബാദ് സ്വദേശിനിയായ പെൺകുട്ടിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഫേസ്‌ബുക്കിൽ വീഡിയോ കണ്ട ബന്ധുക്കളും സുഹൃത്തുക്കളും പെൺകുട്ടി താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയെ വിവരമറിയിക്കുകയായിരുന്നു. ഇയാൾ ഉടൻ മുറിയിലെത്തിയ ശേഷം പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം കുഴപ്പങ്ങളിലേക്കാണ് നയിക്കുന്നതെന്നും അതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നും പെൺകുട്ടി വീഡിയോയിൽ പറഞ്ഞു. വിവാഹിതയായ പെൺകുട്ടിയുടെ ഭർത്താവ് രാംപൂരിൽ വ്യാപാരിയാണെന്ന് അയൽവാസികൾ പറയുന്നു.

പഠനശേഷം രാത്രി വൈകി എത്തുന്നതിനെ ചൊല്ലി അയൽക്കാർ തന്നെ അപമാനിച്ചിരുന്നതായും ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി. ഇക്കാര്യം സംബന്ധിച്ചു പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും പെൺകുട്ടി ആരോപിക്കുന്നു.