സിഡ്‌നി: ലിവർപൂൾ മലയാളി അസോസിയേഷന്റെ (lima) ഓണാഘോഷം വർണശബളമായ ചടങ്ങുകളോടെ ലിവർപൂൾ ആൾ സൈന്റ് ചർച്ച് ഹാളിൽ ഓഗസ്റ്റ് 22 ശനിയാഴ്ച കൊണ്ടാടി. ലിമയുടെ അധ്യക്ഷൻ ശ്രീ സന്തോഷ് സ്‌കറിയയുടെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ഉത്ഘാടന ചടങ്ങിൽ പ്രശസ്ത പ്രാസംഗികനും മുൻ അധ്യക്ഷനുമായ പ്രൊ. എം ഐ മാത്യു (റിട്ട. പ്രൊഫസർ, എം എ കോളജ്, കോതമംഗലം) നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം നടത്തി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ലിമയ്ക്ക് അയൂസാവഹമായ വളർച്ച നേടാനും സ്വന്തമായി ഒരു സ്ഥാനം ഉറപ്പിക്കാനും സാധിച്ചെന്ന് ഉദ്ഘാനപ്രസംഗത്തിൽ പ്രൊ. എം ഐ മാത്യു ചൂണ്ടിക്കാട്ടി. ലിമയുടെ വളർച്ചക്കു പിന്നിൽ അഹോരാത്രം പ്രവർത്തിച്ച കമ്മിറ്റി അംഗങ്ങളെ അധ്യക്ഷപ്രസംഗത്തിൽ സന്തോഷ് സ്‌കറിയ പ്രത്യേകം അഭിനന്ദിച്ചു. സിഡ്‌നി മലയാളി അസോസിയേഷൻ പ്രസിഡന്റ് -- ബാബു വർഗീസ് ആശംസകളർപ്പിച്ച ചടങ്ങിൽ ലിമ വൈസ് പ്രസിഡന്റ് ഷിബു ----, സെക്രട്ടറി ജോൺ സാമുവേൽ എന്നിവരും സന്നിഹിതരായിരുന്നു. തുടർന്ന് സ്റ്റീഫൻ സൈമന്റെ നേതൃത്വത്തിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടന്ന ഓപ്പണിങ് സെർമണി കേരളത്തിന്റെ തനതായ കലാരൂപങ്ങളെയും പൈതൃകത്തെയും ജനങ്ങളിലെത്തിച്ച ഒരു ദൃശ്യവിരുന്നായി.

കുട്ടികളും മുതിർന്നവരും ഒരുപോലെ പങ്കെടുത്ത കലാകായിക മത്സരങ്ങളും നൃത്തനൃത്തങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ജോയ്‌സ്, അനിത, ജെയമോൻ എന്നിവരും തമാശരൂപേണയുള്ള പ്രത്യേക അവതരണ ശൈലി പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. സിബി വർഗീസും കൂട്ടരും അവതരിപ്പിച്ച അമ്മൻകുടം, സുരേഷ് മാത്യുവിന്റെ നേതൃത്വത്തിൽ നടന്ന കോരഡി ബാലെ, മെറീന സുമേഷും സംഘവും അവതരിപ്പിച്ച ഗാനമേള തുടങ്ങിയവ ആഘോഷപരിപാടികളുടെ പ്രധാന ആകർഷണങ്ങളായിരുന്നു. സിഡ്‌നിയിലെ തന്നെ പ്രമുഖ ഓണാഘോഷ പരിപാടികളിലൊന്നായിരുന്നവെന്ന് പങ്കെടുത്തവർ ഒന്നടങ്കം അഭിപ്രായപ്പെട്ടു. കലാമത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാന ദാനം പ്രൊ. എം ഐ മാത്യു നിർവ്വഹിച്ചു. ആഘോഷ പരിപാടികൾക്കും തുടർന്ന് നടന്ന വിഭവസമൃദ്ധമായ സദ്യക്കും ലിമയുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ നോബി, ജോർജ്, ഉണ്ണികൃഷ്ണൻ, പോൾ, വിനു, എന്നിവർ നേതൃത്വം നൽകി.