ലിവർപൂൾ: ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സലയെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പിടിച്ചു നിർത്താൻ റെക്കോഡ് തുക വാഗ്ദാനം ചെയ്തു ലിവർപൂൾ. ക്ലബ് ചരിത്രത്തിലെ ഏറ്റവും വലിയ തുക തന്നെ താരത്തിനായി മുടക്കാനാണ് മാനേജ്മെന്റ്് ഒരുങ്ങുന്നത്.

2023 വരെ ലിവർപൂളുമായി കരാറുള്ള താരത്തിന് നിലവിൽ 200000 പൗണ്ടാണ് പ്രതിവാര വേതനമായി നൽകുന്നത്. രണ്ടു വർഷത്തേക്കു കൂടി കരാർ നീട്ടാൻ ക്ലബ് ആലോചിക്കുമ്പോൾ ഇത് ഇരട്ടിയാക്കി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ വിർജിൽ വാൻഡൈകാണ് ക്ലബിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരം-പ്രതിവാരം 220,000 പൗണ്ട്.

നാലു വർഷം മുമ്പാണ് സല ലിവർപൂളിൽ എത്തുന്നത്. ഇതുവരെ ക്ലബിനായി 204 കളികളിൽ ബൂട്ടണിഞ്ഞ സല 126 ഗോളുകളും നേടിയിട്ടുണ്ട്. ഈ സീസണിലും മികച്ച ഫോം പ്രകടിപ്പിക്കുന്ന താരം പ്രീമിയർ ലീഗിൽ സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ഇരട്ടഗോളുകൾ നേടിയിരുന്നു.

2013-14 സീസണിൽ ചെൽസിയിലാണ് സലാഹ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കരിയർ ആരംഭിച്ചത്. പിന്നീട് ഇറ്റാലിയൻ ക്ലബ്ബായ റോമ താരത്തെ സ്വന്തമാക്കി. അവിടെ നിന്നാണ് ലിവർപൂളിലേക്ക് ചേക്കേറിയത്.