ഡബ്ലിൻ: അയർലണ്ടിൽ ജീവിതം നയിക്കണമെങ്കിൽ അല്പം ബുദ്ധിമുട്ടാണെന്നു തന്നെയാണെന്നാണ് അനുഭവം പഠിപ്പിക്കുന്നത്. യൂറോപ്പിൽ ജീവിത ചെലവേറിയ രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്താണ് അയർലണ്ട്. അതേസമയം  2009നും 2013നും മധ്യേ നാണ്യപ്പെരുപ്പത്തിന്റെ കാര്യത്തിൽ വളരെ പിന്നിൽ നിൽക്കുകയാണെങ്കിലും രാജ്യത്ത് ജീവിതച്ചെലവ് വർധിച്ചു തന്നെയാണ് നിൽക്കുന്നതെന്നാണ് റിപ്പോർട്ട്.

2009 വരെ യൂറോപ്പിൽ ജീവിതച്ചെലവ് ഏറിയ രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്നു അയർലണ്ട്. ഇപ്പോൾ അത് അഞ്ചാം സ്ഥാനത്തെത്തിയത് തന്നെ അല്പം ആശ്വാസം എന്നാണ് പറയപ്പെടുന്നത്. അയർലണ്ടിലെ വിലസൂചികയും യൂറോപ്യൻ യൂണിയനിലെ 28 രാജ്യങ്ങളിൽ വച്ച് അഞ്ചാം സ്ഥാനത്താണ്. ഡെന്മാർക്ക്, സ്വീഡൻ, ഫിൻലാൻഡ്, ലക്‌സംബർഗ് എന്നീ രാജ്യങ്ങളാണ് അയർലണ്ടിന് മുമ്പിൽ പട്ടികയിലുള്ളത്.

2004നും 2009നും മധ്യേ അയർലണ്ടിലെ വിലസൂചിക യൂറോപ്യൻ യൂണിയനിലെ ശരാശരിയെക്കാൾ 25 ശതമാനം വർധിച്ചായിരുന്നു നിലനിന്നിരുന്നത്. ഇതിൽ 2008-ൽ മാത്രം യൂറോപ്യൻ യൂണിയനിലെ ശരാശരിയെക്കാൾ 30 ശതമാനം വർധിച്ച നിലയിലായിരുന്നു ഇവിടത്തെ വിലസൂചിക. എന്നാൽ 2010 ആയപ്പോഴേയ്ക്കും വില സൂചിക യൂറോപ്യൻ യൂണിയൻ ശരാശരിയെക്കാൾ 18.1 ശതമാനം ഉയർന്ന നിലയിലേക്ക് താഴ്ന്നു. പിന്നീട് 2013 വരെ ശരാശരിയെക്കാൾ 20 ശതമാനം ഉയർന്ന നിലയിൽ വിലസൂചിക തുടരുകയായിരുന്നു.

അതേസമയം തൊഴിലില്ലായ്മ നിരക്കിന്റെ കാര്യത്തിൽ യൂറോപ്യൻ യൂണിയനിൽ ഏഴാം സ്ഥാനത്താണ് അയർലണ്ട് നിലകൊള്ളുന്നത്. 2013-ലെ കണക്ക് അനുസരിച്ച് യൂറോപ്യൻ യൂണിയനിലെ ശരാശരിയെക്കാൾ 36 ശതമാനം വർധിച്ച നിലയിലാണ് ഐറീഷ് പ്രൊഡക്ടിവിറ്റി. ഒരു ഐറീഷ് വർക്കർ ദിവസവും ഏറെ മണിക്കൂറുകൾ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്.