- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ ഏറ്റവും സൗന്ദര്യമില്ലാത്ത സ്ത്രീയെന്ന ഖ്യാതി മാറ്റാൻ ലിസ്സി ഡോക്യുമെന്ററി ഒരുക്കി; ആരാധനയോടെ ലോകത്തിന്റെ കയ്യടി
ലോകത്തൊട്ടാകെ പരിഹാസപാത്രമാകുന്നതിന്റെ അസഹനീയത ലിസി വലസ്‌കെസിനു നന്നായറിയാം. ലോകത്തിലെ ഏറ്റവും വിരൂപിയായ സ്ത്രീയെന്ന പേരിൽ യൂട്യൂബിൽ തന്നെ കുറിച്ചുള്ള ഒരു വീഡിയോയും അതിനോടൊപ്പമുള്ള കമന്റുകളും കണ്ട് തന്റെ ജീവിതം തന്നെ തുലഞ്ഞു പോയെന്ന് കരുതിയിടത്തു നിന്നാണ് ലിസി ഒരു പുനർജന്മം പോലെ ലോകത്തിനു മുന്നിൽ ഉശിരോടെ എഴുന്നേറ്റു നിന്ന
ലോകത്തൊട്ടാകെ പരിഹാസപാത്രമാകുന്നതിന്റെ അസഹനീയത ലിസി വലസ്‌കെസിനു നന്നായറിയാം. ലോകത്തിലെ ഏറ്റവും വിരൂപിയായ സ്ത്രീയെന്ന പേരിൽ യൂട്യൂബിൽ തന്നെ കുറിച്ചുള്ള ഒരു വീഡിയോയും അതിനോടൊപ്പമുള്ള കമന്റുകളും കണ്ട് തന്റെ ജീവിതം തന്നെ തുലഞ്ഞു പോയെന്ന് കരുതിയിടത്തു നിന്നാണ് ലിസി ഒരു പുനർജന്മം പോലെ ലോകത്തിനു മുന്നിൽ ഉശിരോടെ എഴുന്നേറ്റു നിന്നത്.
ഒരു ടെഡ് പ്രസംഗത്തിലൂടെ ഗംഭീരമായ രംഗപ്രവേശം നടത്തിയ ലിസി പിന്നീട് ലോകത്തിനു മുന്നിൽ താരമാകുന്ന കാഴ്ചയാണ് കണ്ടത്. ജീവിതത്തെ മാറ്റി മറിച്ച രണ്ടു വീഡിയോകൾക്കു ശേഷം നിരവധി പേർക്ക് പ്രചോദനമായ തന്റെ ജീവിതത്തെ കുറിച്ച് പുതിയ ഒരു ഡോക്യുമെന്ററിയുമായാണ് ലിസി ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത്.
എ ബ്രേവ് ഹാർട്ട്; ദി ലിസി വലസ്‌കെസ് സ്റ്റോറി ഇന്ന് ടെക്‌സാസിൽ പ്രഥമ പ്രദർശനം നടക്കും. സൈബർ പരിഹാസങ്ങൾക്കും ഭീഷണികൾക്കുമിരയായ ലിസി ഒരു ഭീഷണി വിരുദ്ധ ആക്ടിവിസ്റ്റായി മാറിയ കഥയാണ് ഡോക്യുമെന്ററിയുടെ ഉള്ളടക്കം. വൈകാരികമായും ശാരീരികമായുമുള്ള ന്യൂനതകളെ മറികടന്ന്് മുന്നേറുകയും ആദ്യമായി ഭീഷണി തടയൽ നിയമം കൊണ്ടുവരാൻ യുഎസ് സർക്കാരിനെ പ്രേരിപ്പിച്ചതു വരേയുമുള്ള ലിസിയുടെ മുന്നേറ്റങ്ങൾ ഈ 78 മിനിറ്റ് ഡോക്യുമെന്ററി വിശദീകരിക്കുന്നു. 17ാം വയസ്സിൽ യൂട്യൂബിൽ തന്നെ പരിഹസിക്കുന്ന വീഡിയോ ശ്രദ്ധയിൽപ്പെട്ട ലിസി പുറം ലോകത്തു നിന്നും പിൻവാങ്ങി കണ്ണീരുമായി മുറിക്കുള്ളിൽ അഭയം തേടുകയായിരുന്നു. നാൽപ്പത് ലക്ഷത്തോളം പേർ കണ്ട ആ വിഡീയോക്കൊപ്പമുള്ള കമന്റുകളും ലിസിയെ തകർത്തു.
എന്നാൽ നിരാശയിൽ നിന്നും കരകയറിയ ലിസി തന്നെ പരിഹസിച്ചവരോട് മധുരപ്രതികാരം ചെയ്യാൻ തന്നെ തീരുമാനിച്ചു മുന്നിട്ടിറങ്ങുകയായിരുന്നു. അങ്ങനെയാണ് 2013ൽ ടെഡ് ടോക്കിൽ പ്രഭാഷണം നടത്തുന്നത്. നിരവധി പേരെ പ്രചോദിതരാക്കുകയും പത്തു ലക്ഷത്തിലേറെ പേർ കാണുകയും ചെയ്ത ഈ പ്രഭാഷണം തന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചെന്നാണ് ലിസി വിശേഷിപ്പിച്ചത്. ടെഡ് പ്രഭാഷണം നടത്താൻ ലിസിയെ പ്രേരിപ്പിച്ച സാറ ഹിർശ് ബോർഡോ ആണ് പുതിയ ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. മൂന്ന് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബർമാരുള്ള സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ലിസി പുതിയ ഡോക്യുമെന്ററിയെ പരിചയപ്പെടുത്തുന്നത്. ഡോക്യുമെന്ററിയെക്കുറിച്ചുള്ള വീഡിയോയും ലിസി തന്റെ ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇനി എനിക്ക് സമാധാനമായി ഉറങ്ങാമെന്ന് ഈ വീഡിയോയിൽ ലിസി പറയുന്നു.
ജന്മനാ തന്നെ മർഫൻ സിൻഡ്രോം, ലിപോഡിസ്‌ട്രോഫി എന്നീ ആരോഗ്യ പ്രശ്‌നങ്ങളുള്ള ലിസിയുടെ ശരീരം വളരെ ശോഷിച്ചാണിരിക്കുന്നത്. ശരീരത്തിലെ കൊഴുപ്പിന്റെ വ്യാപനം തടയുന്ന രോഗാവസ്ഥയാണിത്. ശരീര ഭാരവും വളരെ കുറവാണ്. ഈ രോഗാവസ്ഥമൂലമാണ് കാഴ്ചയിൽ ലിസിയെ ഒരു സുന്ദരിയല്ലാതാക്കുന്നത്. എന്നാൽ തുറന്ന മനസ്സിന്റെ സൗന്ദര്യം കൊണ്ട് ലിസി ലോകം കീഴടക്കിയിരിക്കുകയാണിപ്പോൾ.