തിരുവനന്തപുരം: ഇടതുതരംഗത്തിലും മുന്നണിമാറ്റത്തിന്റെ നേട്ടമുണ്ടാക്കാനാകാതെ ലോക്താന്ത്രിക് ജനതാദൾ പ്രതിസന്ധിയിലാണ് എൽഡിഎഫ് 3 സിറ്റിങ് സീറ്റുകൾ വിട്ടുനൽകിയെങ്കിലും പാർട്ടി അതിൽ രണ്ടിലും തോറ്റു. കൂത്തുപറമ്പിൽ മുന്മന്ത്രി കെ.പി.മോഹനന്റെ ജയം മാത്രമാണ് ആശ്വാസം. എന്നാൽ ഒറ്റ അംഗം മാത്രമുള്ളതിനാൽ മന്ത്രിസ്ഥാനം നൽകില്ല. ഇതിനായി ജെഡിഎസുമായി ലയിക്കാനാണ് സിപിഎം നിർദ്ദേശം. ജയിച്ചാലും മന്ത്രിയാകാൻ കെപി മോഹനന് കഴിയില്ല. പിന്നെ എന്തിനാണ് ലയനമെന്നാണ് എൽജെഡിയുടെ ചോദ്യം. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയൻ എൽജെഡിയുമായി അകലുകയാണ്.

യുഡിഎഫിൽ ഏഴ് സിറ്റിലാണ് എൽജെഡി മത്സരിച്ചിരുന്നത്. എൽഡിഎഫിൽ ഇത് മൂന്നായി ചുരുങ്ങി. കിട്ടിയ മൂന്നും ഇടതുപക്ഷത്തിന്റെ സിറ്റിങ് സീറ്റുകൾ. എന്നിട്ടും ഇടത് തരംഗത്തിൽ എൽജെഡിക്കാർ സിറ്റിങ് സീറ്റിൽ തോറ്റു. കൽപറ്റയിൽ സംസ്ഥാന പ്രസിഡന്റ് എം വിശ്രേയാംസ്‌കുമാറിന്റെ പരാജയം കനത്ത തിരിച്ചടിയായി. കഴിഞ്ഞവട്ടം എൽഡിഎഫ് 13,083 വോട്ടിനു ജയിച്ച മണ്ഡലത്തിലാണ് ശ്രേയാംസിന്റെ പരാജയം. മുന്നണി അധികാരത്തിലെത്തിയാൽ ശ്രേയാംസിന് മന്ത്രിസ്ഥാനം ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു.

സോഷ്യലിസ്റ്റ് ശക്തികേന്ദ്രമായ വടകരയിലേതാണ് ഏറ്റവും വലിയ തിരിച്ചടി. എൽജെഡി ഒപ്പമുണ്ടായിട്ടും കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് ജയിക്കാൻ കഴിയാതിരുന്ന ഇവിടെ എൽജെഡി മുന്നണി വിട്ടതോടെ യുഡിഎഫ് ജയിച്ചു. എൽജെഡി സ്ഥാനാർത്ഥികൾ യുഡിഎഫിനായി മത്സരിച്ച കൽപറ്റയിലും വടകരയിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ആണ് വിജയിച്ചത്. ഇക്കുറി എൽജെഡി കൂടി എൽഡിഎഫിനൊപ്പം ചേർന്നിട്ടും ഇവിടെ യുഡിഎഫ് ജയിച്ചതോടെ മണ്ഡലങ്ങളിലെ പാർട്ടിയുടെ സ്വാധീനത്തെക്കുറിച്ചും ചോദ്യങ്ങൾ ഉയരുന്നു. ഈ സാഹചര്യത്തിലാണ് എൽജെഡിക്ക് മാത്രമായി മന്ത്രിസ്ഥാനം കൊടുക്കേണ്ടതില്ലെന്ന സിപിഎം തീരുമാനം.

ജനതാ പാർട്ടികൾ ലയിച്ചാൽ മന്ത്രിസ്ഥാനം എന്ന ഓഫറാണു സിപിഎം ജെഡിഎസിനും എൽജെഡിക്കും മുൻപിൽ വച്ചിരിക്കുന്നത്. ജെഡിഎസിനു രണ്ട് എംഎൽഎമാരും (കെ.കൃഷ്ണൻകുട്ടി, മാത്യു ടി.തോമസ്), എൽജെഡിക്ക് ഒരാളുമാണുള്ളത് (കെ.പി.മോഹനൻ). മൂന്നു പേരും മുൻ മന്ത്രിമാർ എന്ന പ്രത്യേകതയുണ്ട്. എൽജെഡി ഉൾപ്പെടെ ഒറ്റ എംഎൽഎമാരുള്ള ആറു പാർട്ടികളെക്കാൾ മന്ത്രിസ്ഥാനത്തിനു 'ക്ലെയിം' ഉണ്ട് ജെഡിഎസിന്. എന്നാൽ ലയിച്ചാലേ മന്ത്രിസ്ഥാനം ലഭിക്കൂവെന്നു വന്നാൽ അവർ പ്രതിസന്ധിയിലാകും. ലയനത്തോടെ മൂന്ന് എംഎൽഎമാരാകുമെങ്കിലും രണ്ടുപേർക്കും കൂടിയാകെ ഒരു മന്ത്രിസ്ഥാനം മാത്രമേ ലഭിക്കൂവെങ്കിൽ ലയനംകൊണ്ട് എന്തു കാര്യമെന്നാണ് എൽജെഡിയുടെ വാദം. ലയനം നഷ്ടക്കച്ചവടമാകുമെന്നാണ് അവരുടെ കണക്കുകൂട്ടൽ.

തിരഞ്ഞെടുപ്പിനു മുൻപ് ലയിക്കണമെന്ന നിർദ്ദേശം സിപിഎം ജനതാ പാർട്ടികൾക്കു മുൻപിൽ വച്ചിരുന്നു. എന്നാൽ അത് അടഞ്ഞ അധ്യായമെന്നു പ്രഖ്യാപിച്ചാണ് എൽജെഡി തിരഞ്ഞെടുപ്പിലേക്കു നീങ്ങിയത്. തിരഞ്ഞെടുപ്പിനുശേഷം, കഴിഞ്ഞദിവസം ചേർന്ന സംസ്ഥാന നേതൃയോഗത്തിൽ ലയനം അജൻഡ ആയിരുന്നില്ല. ഭൂരിപക്ഷ വികാരം ലയനത്തിനെതിരായതിനാൽ ലയനത്തോട് ആഭിമുഖ്യമുള്ളവർ അക്കാര്യം ഉന്നയിച്ചുമില്ല. ലയനം കൊണ്ട് ജെഡിഎസ് കാണുന്ന ഗുണം മന്ത്രിസ്ഥാനം ഉറപ്പാണെന്നതാണ്. പാർട്ടി പ്രസിഡന്റ് സ്ഥാനം കൂടി കയ്യിൽവച്ചാൽ സർക്കാരിലും പാർട്ടിയിലും ജെഡിഎസിനു മുൻതൂക്കമാകും.

ജെഡിഎസിലെ കെ.കൃഷ്ണൻകുട്ടി വിഭാഗത്തിനാണു ലയനത്തോടു കൂടുതൽ താൽപര്യം. കെപി മോഹനനെ കൂടെ നിർത്തിയാൽ പാർട്ടിയിൽ ഭൂരിപക്ഷമാകും. അങ്ങനെ അഞ്ചു കൊല്ലവും മന്ത്രിയാകാനാണ് ഈ നീക്കം. ഇത് മനസ്സിലാക്കി മറുവിഭാഗവും ലയനത്തെ എതിർക്കുന്നുണ്ട്.