കോഴിക്കോട്: ഒറ്റകക്ഷികൾക്ക് മന്ത്രിസ്ഥാനം ഉണ്ടാകില്ലെന്ന വിലയിരുത്തലിലായിരുന്നു എൽജെഡി. എന്നാൽ കണക്കു കൂട്ടലുകൾ തെറ്റിച്ച് ഇടതുപക്ഷത്തെ നാല് ഒറ്റ എംഎൽഎമാരുള്ള പാർട്ടികൾക്കും മന്ത്രിസ്ഥാനം നൽകുകയാണ് ഇടതുപക്ഷം. ഐ എൻ എല്ലിന് ചരിത്രത്തിൽ ആദ്യമായി മന്ത്രിസ്ഥാനം. ജനാധിപത്യ കേരളാ കോൺഗ്രസിന്റെ ആന്റണി രാജുവിനും കോളടിച്ചു. രണ്ടരക്കൊല്ലം കഴിയുമ്പോൾ ഇവർ രാജിവയ്ക്കും. പകരം ബി ഗണേശ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകും. ഇടതുപക്ഷത്ത് അംഗമായിട്ടും എൽജെഡിക്ക് മാത്രം മന്ത്രിപദമില്ല. ഇടത് പക്ഷത്തു നിന്ന് ജയിച്ച കോവൂർ കുഞ്ഞുമോന്റെ പാർട്ടി ഇടതിൽ അംഗമല്ല. അതുകൊണ്ട് തന്നെ മന്ത്രിസഭാ രൂപീകരണത്തിൽ നാണക്കേട് എൽജെഡിക്ക് മാത്രമാണ്.

യുഡിഎഫിൽ ഏഴു സീറ്റിൽ മത്സരിച്ചവരാണ് വീരേന്ദ്രകുമാറിന്റെ എൽജെഡി. ഇടത് ആഭിമുഖ്യം കാരണമാണ് വീരൻ മുന്നണി മാറിയത്. വീരേന്ദ്രകുമാർ മരിച്ചതോടെ നേതൃത്വം മകൻ ശ്രേയംസ് കുമാറിലുമെത്തി. ഒഴിവുവന്ന സീറ്റിൽ ജയിച്ച് രാജ്യസഭാ അംഗവുമായി. ഇടതുപക്ഷത്ത് കുറഞ്ഞത് അഞ്ചു സീറ്റിൽ മത്സരിക്കാമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ കിട്ടിയത് മൂന്നും. ഈ മൂന്ന് സീറ്റും ഇടതുപക്ഷത്തിന്റെ സിറ്റിങ് സീറ്റായിരുന്നു. കൽപ്പറ്റയിലും കൂത്തുപറമ്പിലും സിപിഎം എംഎൽഎമാർ. വടകരയിൽ സികെ നാണുവെന്ന ജനതാദള്ളുകാരനും. ഈ മൂന്ന് സിറ്റിങ് സീറ്റും ശ്രേയംസിന്റെ പാർട്ടിക്ക് വിട്ടു കൊടുത്തു. മൂന്നിടത്തും ജയിക്കണമെന്നതായിരുന്നു സിപിഎം ആഗ്രഹം. അതിൽ വടകരയിൽ സോഷ്യലിസ്റ്റ് കരുത്തിൽ ജയിച്ചേ മതിയാകൂവെന്നും കണക്കു കൂട്ടിയിരുന്നു. എന്നാൽ ഫലം മറിച്ചായിരുന്നു.

വടകരയിൽ ആർഎംപിയുടെ കെകെ രമയുടെ തോൽവിക്ക് കാരണം എൽജെഡിയുടെ സ്ഥാനാർത്ഥിത്വമാണെന്ന് സിപിഎം കരുതുന്നു. കൽപ്പറ്റയിൽ ശ്രേയംസിനും ജയിക്കാനായില്ല. ടിപി ചന്ദ്രശേഖരന്റെ വിധവയെ നിയമസഭ കാണിക്കരുതെന്ന നിർബന്ധം സിപിഎമ്മിനുണ്ടായിരുന്നു. ഇത് പിഴച്ചത് ശ്രേയംസ് കുമാറിന്റെ പാർട്ടിയുടെ പിടിപ്പുകേടായി മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തുന്നു. അതുകൊണ്ടു മാത്രമാണ് എൽജെഡിക്ക് മാത്രം മന്ത്രിസ്ഥാനം നഷ്ടമാകുന്നത്. ഇത് എൽജെഡിയെ വലിയ പ്രതിസന്ധിയിലാക്കും. ശ്രേയംസ് കുമാറിന്റെ നേതൃത്വം പോലും ചോദ്യം ചെയ്യപ്പെട്ടേക്കും. ഷേയ്ഖ് പി ഹാരീസിനെ പോലുള്ളവർ പോലും ശ്രേയംസുമായി തെറ്റിലാണ്.

കേരള കോൺഗ്രസുകളോട് ഒരു നയവും തങ്ങളോടു മറ്റൊരു നയവും എന്നത് അനീതിയാണെന്ന് സിപിഎമ്മിനോട് എൽജെഡി വിശദീകരിച്ചിട്ടുണ്ട്. ജനതാദളുമായി(എസ്) ലയിച്ചില്ല എന്ന പേരിൽ മന്ത്രിസഭയ്ക്കു പുറത്തു നിർത്താനുള്ള തീരുമാനത്തിലെ പ്രതിഷേധവും സങ്കടവും സിപിഎമ്മുമായുള്ള ചർച്ചയിൽ എൽജെഡി വ്യക്തമാക്കി. ജനതാദളിലെ രണ്ടു വിഭാഗങ്ങളും ലയിക്കണം എന്നായിരുന്നു നേരത്തേ തന്നെയുള്ള സിപിഎം നിർദ്ദേശം. അതു നടപ്പിൽ വരാത്തതിനാൽ രണ്ടു വിഭാഗങ്ങൾക്കും പ്രത്യേകം മന്ത്രിസ്ഥാനം നൽകില്ലെന്നു സിപിഎം തീർത്തു പറഞ്ഞു. അതോടെ 2 എംഎൽഎമാരുള്ള ജനതാദളിന്(എസ്) മന്ത്രിസഭാ പ്രാതിനിധ്യം ലഭിക്കുകയും ഒറ്റ എംഎൽഎ ഉള്ള എൽജെഡി തഴയപ്പെടുകയും ചെയ്തു.

ഘടകകക്ഷികളിൽ ബാക്കിയുള്ള എല്ലാവർക്കും ഊഴം വച്ചെങ്കിലും പ്രാതിനിധ്യം ലഭിച്ചപ്പോൾ എൽജെഡി നോമിനി കെ.പി.മോഹനനു പുറത്തുനിൽക്കേണ്ടി വരുന്നു.രണ്ടു ദൾ വിഭാഗങ്ങൾ ഉണ്ടെങ്കിൽ മൂന്നു കേരള കോൺഗ്രസ് വിഭാഗങ്ങൾ ഇല്ലേയെന്ന് എൽജെഡി ചോദിച്ചു. മൂന്നു കൂട്ടർക്കും മന്ത്രിസ്ഥാനം നൽകുന്നുമുണ്ട്. എന്നാൽ ദളിലെ ഇരു വിഭാഗങ്ങളിലുമുള്ള 3 എംഎൽഎമാർക്കു 2 മന്ത്രി എന്നതു പ്രായോഗികമല്ല എന്നതിൽ സിപിഎം ഉറച്ചുനിന്നു. നേതാക്കളായ എം വിശ്രേയാംസ്‌കുമാർ, വർഗീസ് ജോർജ്, ഷേക്ക് പി.ഹാരിസ് എന്നിവരാണ് സിപിഎം നേതൃത്വത്തെ കണ്ടത്.എൽഡിഎഫ് ഘടകകക്ഷി അല്ല എന്നതുകൊണ്ടാണ് ആർഎസ്‌പി ലെനിനിസ്റ്റിലെ കോവൂർ കുഞ്ഞുമോനെ പരിഗണിക്കാതിരുന്നത്.

സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് എൽഡിഎഫ് മുന്നണി യോഗം ചർച്ച ചെയ്തു തീരുമാനിച്ചതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ അറിയിച്ചു. മന്ത്രിസഭയിൽ 21 അംഗങ്ങളുണ്ടാവും മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് തീരുമാനിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തിയെന്നും വിജയരാഘവൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സിപിഎം-12, സിപിഐ-4, ജനതാദൾ എസ്-1, കേരള കോൺഗ്രസ് എം- 1, എൻസിപി 1 വീതം മന്ത്രിസ്ഥാനം നൽകാൻ ധാരണയായി.

ബാക്കിയുള്ള രണ്ട് സ്ഥാനങ്ങളിൽ മുന്നണിയിലെ ഘടകകക്ഷികൾ രണ്ടര വർഷം വീതം ടേം അടിസ്ഥാനത്തിൽ ഭരിക്കും. ജനാധിപത്യ കേരള കോൺഗ്രസ്, ഐഎൻഎൽ എന്നിവർ ആദ്യ ടേമിലും കേരള കോൺഗ്രസ് ബി, കോൺഗ്രസ് എസ് പ്രതിനിധികൾ രണ്ടാമത്തെ ടേമിലും ഭരിക്കും. സ്പീക്കർ സ്ഥാനം സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കർ സിപിഐക്കും ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസിനും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ആദ്യമായി ചേരുന്ന എൽഡിഎഫ് യോഗമാണ് ഇത്. വിജയത്തിനു സഹായിച്ച കേരളത്തിലെ ജനങ്ങൾക്ക് എൽഡിഎഫ് യോഗം നന്ദി പ്രകടിപ്പിച്ചു. എല്ലാ വിഭാഗത്തിനും പങ്കാളിത്തം നൽകിക്കൊണ്ടുള്ള സർക്കാർ രൂപീകരിക്കാനാണ് മുന്നണി ശ്രമം. മെയ് 18ന് വൈകുന്നേരം എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കും. തുടർന്ന് ഗവർണറെ കണ്ട് സത്യപ്രതിജ്ഞയ്ക്കുള്ള നിർദ്ദേശങ്ങൾ വാങ്ങും. കോവിഡ് പശ്ചാത്തലത്തിൽ ആൾകൂട്ടമൊഴിവാക്കിയുള്ള ചടങ്ങാണ് ഇത്തവണ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.