- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജനതാദൾ എസിൽ ശ്രേയംസ് കുമാർ ലയിക്കാൻ സാധ്യത; കെപി മോഹനനെ ഉയർത്തിക്കാട്ടി എൽജെഡിയിലെ വിമതരും ഇടതുപക്ഷത്ത് തുടരും; ഷെയ്ഖ് പി ഹാരീസിനും സുരേന്ദ്രൻപിള്ളയ്ക്കും ആവേശം നൽകുന്നത് സിപിഎമ്മിന്റെ മൗന സമ്മതം; മൗനം തുടർന്ന് വർഗ്ഗീസ് ജോർജും; സോഷ്യലിസ്റ്റുകൾ വീണ്ടും തർക്കത്തിൽ
തിരുവനന്തപുരം: എൽ.ജെ.ഡി പിളർപ്പിലേക്കു പോകുമ്പോൾ ഷെയ്ക് പി ഹാരീസും കൂട്ടരും പ്രതീക്ഷിക്കുന്നത് ഇടതു മുന്നണിയിൽ തുടരാനാകുമെന്ന പ്രതീക്ഷ. പാർട്ടിയുടെ ഏക എംഎൽഎയായ കെപി മോഹനന്റെ പിന്തുണയോടെയാണ് ഷെയ്ക് പി ഹാരീസും കൂട്ടരും മുമ്പോട്ട് പോകുന്നതെന്നാണ് സൂചന. എൽജെഡി പ്രസിഡന്റായ എം ശ്രേയംസ് കുമാറിന്റെ ലയന നീക്കം കൂടി മനസ്സിലാക്കിയാണ് ഷെയ്ക് പി ഹാരീസിന്റെ നീക്കങ്ങൾ. ജനതാദൾ എസുമായി ശ്രേയംസ് ലയിക്കുമെന്നാണ് കണക്കുകൂട്ടൽ. എങ്ങനെ വന്നാൽ കെപി മോഹനനും ഷെയ്ക് പി ഹാരീസും അടക്കമുള്ളവർ എൽജിഡിക്കാരായി തുടരും. കെപി മോഹനൻ ഉള്ളതിനാൽ ഇടതുപക്ഷത്ത് സ്ഥാനം കിട്ടുമെന്നും കരുതുന്നു.
പാർട്ടി സംസ്ഥാന അധ്യക്ഷൻ എം.വി ശ്രേയാംസ്‌കുമാർ ഏകപക്ഷീയമായാണ് പെരുമാറന്നതെന്ന് വിമതപക്ഷം നേതാവ് ഷെയ്ഖ് പി.ഹാരീസ് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ശ്രേയാംസ്‌കുമാർ അധ്യക്ഷ സ്ഥാനം ഒഴിയണമെന്നും വിമത വിഭാഗം ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ തിരുവനന്തപുരത്ത് ചേർന്ന സമാന്തര യോഗത്തിനു ശേഷമാണ് നേതാക്കൾ മാധ്യമങ്ങളെ കണ്ടത്. നാല് ജില്ലാ പ്രസിഡന്റുമാർ യോഗത്തിൽ പങ്കെടുത്തതായി ഷെയ്ഖ് പി. ഹാരീസ് പറഞ്ഞിരുന്നു. ഈ യോഗത്തിൽ കെപി മോഹനൻ വന്നിരുന്നില്ല. മറ്റൊരു പ്രധാന നേതാവായ സുരേന്ദ്രൻ പിള്ള പങ്കെടുക്കുകയും ചെയ്തു. കേരളത്തിലെ സോഷ്യലിസ്റ്റ് പാർട്ടിയിൽ ഇത് വീണ്ടുമൊരു പിളർപ്പിന് സാഹചര്യമൊരുക്കുകയാണ്.
എൽജെഡിയിലെ വിമതരും ഇടതുപക്ഷത്ത് നിൽക്കാനാണ് ആഗ്രഹിക്കുന്നത്, നീലലോഹിത ദാസൻ നാടാർ അടക്കമുള്ളവർ വിമർക്കൊപ്പം നിൽക്കുമെന്നാണ് സൂചന. അങ്ങനെ എംഎൽഎ കെപി മോഹനൻ അടക്കമുള്ളവരെ കൂടെ നിർത്തനായാൽ വിമതർക്ക് ഇടതുപക്ഷത്ത് സ്ഥാനം കിട്ടും. ശ്രേയംസ് കുമാറിന് അതൊരു പ്രതിസന്ധിയുമാകും. എന്നാൽ ജനതാദൾ എസുമായി ലയിക്കാൻ ശ്രേയംസിന് താൽപ്പര്യം ഏറെയാണ്. പല തവണ ചർച്ചകൾ നടന്നു. കെപി മോഹനനും കൂട്ടരും സമ്മതിക്കാത്തതാണ് പ്രശ്‌നമായത്. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ എൽജെഡിക്ക് സിപിഎം നൽകി. എല്ലാം ഇടതുപക്ഷത്തിന്റെ സിറ്റിങ് സീറ്റുകൾ. എന്നാൽ എൽജെഡി ജയിച്ചത് കെപി മോഹനൻ മത്സരിച്ചിടത്ത് മാത്രമാണ്. ഇതു സിപിഎമ്മിനും ശ്രേയംസ് കുമാറിനോട് അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
വടകരയിൽ കെകെ രമ ജയിച്ചതും കൽപ്പറ്റയിൽ ശ്രേയംസ് കുമാർ തോറ്റതുമാണ് ഇതിന് കാരണം. ഇതെല്ലാം മനസ്സിലാക്കിയാണ് വിമതരുടെ നീക്കങ്ങൾ. തിരഞ്ഞെടുപ്പിനു മുമ്പ് തന്നെ എൽജെഡിയോട് ജനതാദൾ എസ്സിൽ ലയിക്കണമെന്ന് സിപിഎം നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് നടന്നില്ല. ഈ സാഹചര്യത്തിലാണ് മുന്നണിയുടെ ഭാഗമായിരുന്നിട്ടും എൽജെഡിയുടെ എംഎൽഎ കെപി മോഹനനെ സിപിഎം മന്ത്രിയാക്കാത്തത്. ഇതെല്ലാം പരിഗണിച്ചാണ് ജനതാദൾ എസ്സിലേക്ക് ചേക്കേറാനുള്ള ശ്രേയംസിന്റെ നീക്കം. വീരേന്ദ്രകുമാറിന്റെ മരണത്തോടെ വർഗ്ഗീസ് ജോർജ് അടക്കമുള്ള നേതാക്കൾ ശ്രേയംസുമായി അകലത്തിലാണ്. ഇതിനൊപ്പമാണ് വിമത നീക്കവും.
താൻ പുറത്തുപോകണോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന കൗൺസിലും കമ്മറ്റിയുമാണെന്ന് ശ്രേയാംസ് കുമാർ പറയുന്നു. 76 പേരാണ് സംസ്ഥാന കമ്മറ്റിയിലുള്ളത്. അതിൽ ഒൻപതു പേർ മാത്രമാണ് ഇന്നത്തെ ആരോപണത്തിന് പിന്നിലുള്ളത്. ഷെയ്ഖ് പി ഹാരിസിന്റെ ആരോപണത്തിൽ കഴമ്പില്ല. സീറ്റ് ചർച്ചയിൽ പങ്കെടുത്തയാളാണ് ആരോപണമുന്നയിക്കുന്നത്. വിഭാഗീയ പ്രവർത്തനം നടത്തുന്നത് ഷെയ്ഖ് പി ഹാരിസാണ്. എൽജെഡിക്ക് നാല് സീറ്റ് എൽഡിഎഫ് വാഗ്ദാനം ചെയ്തിരുന്നില്ല. വടകരയിലെ തോൽവിയെ കുറിച്ച് സിപിഎം തന്നെ അന്വേഷണം നടത്തിയതാണ്. നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിന്റെ പ്രതിഷേധമാണ് ഇപ്പോൾ കാണുന്നത്. പാർട്ടിയിലെ അഭിപ്രായവ്യത്യാസം പൊതുജന മാധ്യത്തിൽ വലിച്ചിഴക്കേണ്ടതില്ല. എൽജെഡി പിളരില്ലെന്നും ശ്രേയാംസ് കുമാർ പറഞ്ഞിരുന്നു
കൽപ്പറ്റയിൽ മത്സരിക്കാനില്ലെന്ന് പറഞ്ഞിരുന്നു. പാർട്ടി ഏകകണ്ഠേനയാണ് സ്ഥാനാർത്ഥിയാക്കിയത്. ഇത്തരം ആരോപണങ്ങളിൽ കഴമ്പില്ല. വിഭാഗീയ പ്രവർത്തനം നടത്തിയിട്ടില്ല. പാർട്ടിയുടെ തീരുമാനമാണ് നടപ്പിലാക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം രണ്ട് തവണ സംസ്ഥാനകമ്മിറ്റി ചേർന്നിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ 20ന് ചേരുന്ന യോഗത്തിൽ പറയുമെന്നും ശ്രേയാംസ് കുമാർ കൂട്ടിച്ചേർത്തു. 20നുള്ളിൽ ശ്രേയാംസ് കുമാർ രാജിവെക്കണമെന്നും ഇല്ലെങ്കിൽ സംസ്ഥാന കൗൺസിൽ വിളിച്ച് പുതിയ കമ്മറ്റി പ്രഖ്യാപിക്കാമെന്നും വിമത യോഗം തീരുമാനിച്ചിട്ടുണ്ട്. 26,27,29 തിയ്യതികളിൽ മേഖലാ യോഗം വിളിക്കും. യഥാർത്ഥ എൽജെഡി തങ്ങളാണെന്ന് അവകാശപ്പെട്ട് എൽഡിഎഫ് കൺവീനർക്ക് കത്ത് നൽകാനും ഈ യോഗം തീരുമാനിച്ചു.
ബോർഡ്-കോർപറേഷൻ വിഭജനത്തിൽ ശ്രേയാംസ് കുമാർ പാർട്ടി താൽപ്പര്യം സംരക്ഷിച്ചില്ലെന്നാണ് വിമതരുടെ വിമർശനം. രാജ്യസഭാ സീറ്റ് നിലനിർത്താൻ ശ്രേയാംസ് കുമാർ മറ്റ് നേതാക്കളെ തഴയുന്നെന്നും വിമതർ ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ