കോഴിക്കോട്:  ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ ശ്രേയാംസ് കുമാറിന്റെ നിലപാടുകളും നടപടികളും ഇടതു വിരുദ്ധമാണെന്ന തരത്തിൽ സി പി എം കേന്ദ്രങ്ങളിൽ നിന്നു തന്നെ അഭിപ്രായമുയർന്നിരുന്നു. സ്വപ്ന കേസു വന്നപ്പോഴും ശ്രേയാംസ് കുമാറിന്റെ പത്രം മറ്റു പത്രങ്ങളെക്കാൾ വീറോടെ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തി. ഏറ്റവും ഒടുവിലിതാ പാർട്ടിയെ കാർട്ടൂണിലൂടെ പൊതു ജനമധ്യത്തിൽ അപമാനിച്ചിരിക്കുന്നു. വിവാദ കാർട്ടൂണിനെതിരെ സി പി എം സൈബർ സഖാക്കൾ ബദൽ കാർട്ടൂൺ പ്രചരിപ്പിച്ച് പകരം വീട്ടയെങ്കിലും ഈ വിഷയത്തിൽ സി പി എം കേന്ദ്രങ്ങൾ കടുത്ത അതൃപ്തിയിലാണ്.

കൂടാതെ എൽ ജെ ഡിക്ക് അവകാശപ്പെടും പോലെ പഴയ ജനപിന്തുണയോ സ്വീകാര്യതയോ ഇല്ലായെന്ന വാദവും സി പി എം തിരിച്ചറിയുന്നു. കൂടെ നിന്നിട്ട് ശത്രു പക്ഷത്തോട് എന്ന രീതിയിലുള്ള സമീപനവും സിപി എമ്മിന് സഹിക്കാനവുന്നില്ല. ഈ സാഹചര്യങ്ങൾ കൊണ്ടാണ് എൽ ജെ ഡിയെ മുന്നണിയിൽ നിന്നും ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ഇതിന്റെ ആദ്യപടിയായി എം വി ശ്രേയാംസ്‌കുമാറിനെ അവഗണിക്കനാണ് മുന്നണിക്ക് നേതൃത്വം നല്കുന്ന സി പി എം തീരുമാനിച്ചിരിക്കുന്നത്.

എം പി വീരേന്ദ്രകുമാർ അന്തരിച്ചപ്പോൾ ആ ഒഴിവിൽ ശ്രേയാംസിനെ രാജ്യസഭാ അംഗമാക്കിയിരുന്നു. എന്നാൽ ഒഴിവിൽ മറ്റു പലരെയും പരിഗണിക്കാമായിരുന്നിട്ടും ശ്രേയാംസിനെ പരിഗണിച്ചത് സി പി എം നുള്ള പ്രത്യേക താല്പര്യം കൊണ്ടായിരുന്നു. അതിനാണ് വിള്ളൽ വീണിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് ശ്രേയാംസിന്റെ കാലാവധി കഴിഞ്ഞത്. പിന്നീട് രാജ്യസഭാ സീറ്റ് നൽകിയില്ല. ഇനി ശ്രേയാംസിനും പാർട്ടിക്കും ഒരു സ്ഥാനമാനങ്ങളും നല്കില്ലന്ന് മാത്രമല്ല പരിപാടികളിലും വേണ്ട പരിഗണന നല്കില്ല. എൽ ജെ ഡി കഴിഞ്ഞ നിയമസഭാ തെരെഞ്ഞടുപ്പിൽ വടകര , കൽപ്പറ്റ. കൂത്തുപറമ്പ്, മണ്ഡലങ്ങളിലാണ് മത്സരിച്ചത്.

ഇതിൽ കൂത്തുപറമ്പിൽ കെ പി മോഹൻ മാത്രമാണ് വിജയിച്ചത്. അതും സി പി എമ്മിന്റെ കോട്ടയായതു കൊണ്ട്. കെ പി മോഹനെ കൂടെ നിർത്തണമെന്നു തന്നെയാണ് സി പി എം നിലപാട്. അതിനാൽ മോഹനനോട് ജനതാദൾ എസിൽ ചേരാൻ നിർദ്ദേശിക്കും. ശ്രേയാംസ് മത്സരിച്ചതു കൊണ്ട് മാത്രമാണ് കൽപ്പറ്റ പരാജയപ്പെട്ടതെന്നാണ് സി പി എം നിലപാട്. സെഞ്ച്വറി അടിക്കാൻ കഴിയാത്തതിന് പിന്നിൽ കൽപ്പറ്റയിലെ പരാജയമാണെന്നും സി പി എം വിലയിരുത്തുന്നു. വടകരയിൽ കെ കെ രമ ജയിച്ചതും എതിർ സ്ഥാനാർത്ഥി എൽ ജെ ഡി ആയതു കൊണ്ടാണ് എന്ന് സി പി എം പറയുന്നു.

ഇക്കാര്യം എളമരം കരീമും പി മോഹനനും പാർട്ടി കമ്മിറ്റികളിൽ പല വട്ടം പറഞ്ഞിട്ടുള്ളതാണ്. മാത്യു ടി തോമസ് അദ്ധ്യക്ഷനായ ജനതാദൾ എസിനെ കൂടുതൽ ചേർത്തു നിർത്താനാണ് സി പി എം താല്പര്യം. അവർ മൽസരിച്ച നാലു സീറ്റിൽ രണ്ടിലും വിജയിച്ചിരുന്നു. കൂടാതെ മന്ത്രി കെ കൃഷ്ണൻ കുട്ടിയും മാത്യു ടി തോമസും സി പി എം പറയുന്ന രീതിയിൽ തന്നെയാണ് മുന്നോട്ടു പോകുന്നത്. അനഭിമതനായ ശ്രേയാംസ് കുമാറിന് മുന്നിൽ പുറത്തേക്ക് വാതിൽ തുറന്നു കിടക്കുമ്പോഴും ഒരു വഴി ശേഷിക്കുന്നുണ്ട്. ഒരു ഡിമാന്റും വെയ്ക്കാതെ ജനതാദൾ എസിന്റെ ഭാഗമാകുക.

അതിന് ശ്രേയാംസ് മുതിരുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. കൂടാതെ ശ്രേയാംസിന്റെ പാർട്ടിയിലെ നല്ലൊരു വിഭാഗം അടുത്തിടെ കൊഴിഞ്ഞു പോയിരുന്നു. ഷെയ്ക്ക് പി ഹാരീസ് അടക്കമുള്ളവർ സി പി എം ലേക്ക് ചേക്കേറുകയും ചെയ്തു. ഇതിനിടെ ജനതാദൾ എസിൽ ലയിക്കാൻ കഴിഞ്ഞ മാസവും ശ്രേയാംസും കൂട്ടരും നീക്കം നടത്തിയിരുന്നു. ജനതാദൾ-എസിൽ ലയിച്ച് ഇടതുമുന്നണിയിൽ നിൽക്കാൻ അണിയറയിൽ കരുക്കൾ നീക്കുന്നതിനിടെ അവസാന മണിക്കൂറിൽ എതിർപ്പുമായി ഒരു വിഭാഗം നേതാക്കൾ രംഗത്ത് എത്തിയിരുന്നു.

ഡോ. വർഗീസ് ജോർജിന്റെ നേതൃത്വത്തിലാണ് എതിർ നീക്കമെന്നാണ് സൂചന. എന്നാൽ സംസ്ഥാനത്തെ ഭൂരിഭാഗം നേതാക്കളും ജനതാദൾ-എസുമായി ലയിക്കണമെന്ന ഉറച്ച നിലപാടിലാണ്. കഴിഞ്ഞ ഭാരവാഹിയോഗത്തിൽ ലയനത്തെ കാര്യമായി ആരും എതിർത്തിരുന്നില്ല. എന്നാൽ ഒരു വിഭാഗത്തിന്റെ എതിർപ്പ് കണക്കിലെടുത്ത് ബിഹാറിലെത്തി രാഷ്ട്രീയ ജനതാദൾ നേതൃത്വവുമായി ചർച്ചയാകാമെന്ന് എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാർ സമ്മതിച്ചിരുന്നു.

അതേസമയം 24ന് എൽ.ജെ.ഡിയുടെ സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്. ജനതാദൾ-എസുമായുള്ള ലയനത്തിൽ അന്തിമ തീരുമാനമെടുക്കാനാണ് യോഗമെന്നാണ് ഒരു വിഭാഗം ആവർത്തിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് ശ്രേയാംസ് കുമാർ ഇതേപ്പറ്റി മനസ് തുറന്നിട്ടില്ല. എന്നാൽ വിവിധ കക്ഷികളുമായി ചർച്ച നടത്തിയെന്ന് ബോധിപ്പിക്കാനാണ് ആർ.ജെ.ഡിയുമായുള്ള ചർച്ചയ്ക്ക് ബിഹാറിലേക്ക് പോകുന്നതെന്നും അതിന്റെ ഫലം എന്തായാലും ജനതാദൾ-എസുമായി ലയിക്കുമെന്നും വർഗീസ് ജോർജിനെ എതിർക്കുന്നവർ പറയുന്നു. ഇതുകാരണം എൽ.ജെ.ഡി വീണ്ടും പിളർപ്പിന്റെ വക്കിലേയ്ക്ക് എന്നാണ് സൂചന.

അതേ സമയം ലോക് താന്ത്രിക് ജനതാദൾ ജെഡിഎസിൽ ലയിക്കും എന്ന സൂചന കഴിഞ്ഞ മാസം ശ്രേയാംസ് നല്കിയിരുന്നു.. മാത്യു ടി തോമസിന്റെ അദ്ധ്യക്ഷ സ്ഥാനം അംഗീകരിച്ചാവും ലയനം. സ്ഥാനമാനങ്ങൾക്ക് വേണ്ടി ഐക്യം തകർക്കേണ്ടതില്ലെന്ന നിലപാടാണ് തനിക്കെന്നും ശ്രേയാംസ് വ്യക്തമാക്കിയിരുന്നു.