കോഴിക്കോട്: ദേശീയതലത്തിൽ മതനിരപേക്ഷ സോഷ്യലിസ്റ്റ് പശ്ചാത്തലമുള്ള പാർട്ടികളുമായി ആശയവിനിമയം നടത്തി എൽ ജെ ഡി കേരളഘടകത്തിന്റെ ഭാവി സംഘടനാ കാര്യങ്ങൾ നിശ്ചയിക്കാൻ ചേർന്ന എൽ ജെ ഡി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. ആർ ജെ ഡി, ജെ ഡി എസ്, സമാജ് വാദി പാർട്ടി തുടങ്ങിയ പാർട്ടികളുമായി ചർച്ച നടത്താനാണ് തീരുമാനം.

സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാർ, ദേശീയ ജനറൽ സെക്രട്ടറി ഡോ. വർഗീസ് ജോർജ്, കെ പി മോഹനൻ എം എൽ എ. പാർലമെന്ററി ബോർഡ് ചെയർമാൻ ചാരുപാറ രവി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി കുഞ്ഞാലി, എം കെ ഭാസ്‌കരൻ, സണ്ണി തോമസ് എന്നിവരടങ്ങുന്ന ഏഴംഗ കമ്മിറ്റിയെ സംസ്ഥാന കമ്മിറ്റീ നിയോഗിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി, സംസ്ഥാന കൗൺസിൽ എന്നീ സമിതികളിൽ ഈ കമ്മിറ്റിയുടെ റിപ്പോർട്ട് ചർച്ച ചെയ്ത് തീരുമാനിക്കും. എം പി വീരേന്ദ്രകുമാറിന്റെ രണ്ടാം ചരമവാർഷികദിനമായ മെയ് 28ന് മുൻപ് ഭാവി സംഘടനാ തീരുമാനം പ്രഖ്യാപിക്കും.

കെ- റെയിൽ പദ്ധതിയെക്കുറിച്ചുള്ള ആശങ്കയും യോഗത്തിൽ ഉയർന്നു. കെ-റെയിൽ പദ്ധതി നടപ്പിലാക്കുമ്പോൾ ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളേയും കുടിയിറക്ക് ഭീഷണിയേയും സംബന്ധിച്ച് യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ബലപ്രയോഗം നീതീകരിക്കാനാവില്ല. നഷ്ടപരിഹാര പാക്കേജിന്റെ പൂർണവിവരം ജനങ്ങളെ അറിയിക്കണം. യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാർ അധ്യക്ഷതവഹിച്ചു. ഡോ. വർഗീസ് ജോർജ് രാഷ്ട്രീയകാര്യങ്ങൾ വിശദീകരിച്ചു. കെ പി മോഹനൻ എം എൽ എ, എം കെ പ്രേംനാഥ്, എൻ കെ വത്സൻ, എസ്. ചന്ദ്രകുമാർ, അഡ്വ. ആനി സ്വീറ്റി, സലീം മടവൂർ, മനയത്ത് ചന്ദ്രൻ, യൂജിൻ മൊറേലി, പി. കിഷൻചന്ദ്, എ. ഭാസ്‌കരൻ തുടങ്ങിയവർ പ്രസംഗിച്ചു.