- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എം വി ശ്രേയാംസ് കുമാറിനെ പരസ്യമായി വെല്ലുവിളിച്ച വിമതർക്ക് എതിരെ നടപടി; വി.സുരേന്ദ്രൻ പിള്ളയ്ക്ക് സസ്പെൻഷൻ; ഷെയ്ക് പി ഹാരിസിനെ ജനറൽ സെക്രട്ടറി പദത്തിൽ നിന്ന് നീക്കി; എൽജെഡി പിളർപ്പിലേക്ക്
തിരുവനന്തപുരം : നേതൃത്വത്തെ വെല്ലുവിളിച്ച വിമത നേതാക്കൾക്കെതിരെ ലോക് താന്ത്രിക് ദളിൽ നടപടി. വി. സുരേന്ദ്രൻ പിള്ളയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക്ക് പി. ഹാരിസിനെ തത്സ്ഥാനത്ത് നിന്ന് നീക്കി. സെക്രട്ടറിമാരായ രാജേഷ് പ്രേം, അങ്കത്തിൽ അജയകുമാർ എന്നിവരെയും മാറ്റി.
ഓൺലൈനായി ചേർന്ന എൽ.ജെ.ഡി നേതൃയോഗത്തിലാണ് സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ്കുമാർ നടപടിയെടുത്തത്. നേതൃത്വത്തെ വെല്ലുവിളിച്ച് സമാന്തര യോഗം ചേർന്നതിൽ വിശദീകരണം നൽകാത്തതിനെ തുടർന്നാണ് നടപടി.എന്നാൽ സസ്പെൻഡ് ചെയ്ത നടപടി സുരേന്ദ്രൻ പിള്ള തള്ളി. തങ്ങളെ സസ്പെൻഡ് ചെയ്യാൻ ശ്രേയാംസ് കുമാറിന് അധികാരമില്ലെന്നും തന്നെ നിയമിച്ചത് ദേശീയ അധ്യക്ഷൻ ശരത് യാദവാണെന്നും സുരേന്ദ്രൻ പിള്ള പ്രതികരിച്ചു.
ഭാവി പരിപാടികൾ തീരുമാനിക്കാൻ ഉടൻ കമ്മിറ്റി ചേരുമെന്നും അദ്ദേഹം അറിയിച്ചു.ഈ മാസം 17ന് യോഗം ചേർന്ന് സംസ്ഥാന പ്രസിഡന്റ് ശ്രേയാംസ് കുമാറിനെതിരെ വിമതർ പരസ്യ നിലപാടെടുത്തിരുന്നു. തുടർന്ന് ശനിയാഴ്ച ചേർന്ന നേതൃയോഗത്തിൽ വിമതരോട് വിശദീകരണം തേടി. എന്നാൽ വിശദീകരണം നൽകാൻ നേതാക്കൾ തയ്യാറായില്ല. ഇതാണ് വിമതർക്കെതിരായ നടപടിയിലേക്ക് നയിച്ചത്.
കഴിഞ്ഞ ദിവസം നടന്ന അനുനയ നീക്കങ്ങൾ പാളിയിരുന്നു. പുതിയ സാഹചര്യത്തിൽ പാർട്ടി പിളർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. തങ്ങൾക്ക് എതിരെ നിലപാട് സ്വീകരിച്ചത് അച്ചടക്ക ലംഘനമാണെന്നാണ് നേതൃത്വത്തിന്റെ നിലപാട്. ഈ വിഷയത്തിൽ വിശദീകരണം നൽകണമെന്നും നേതൃത്വം വിമത നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിശദീകരണം നൽകില്ലെന്നും പാർട്ടി അധ്യക്ഷൻ ശ്രേയാംസ് കുമാർ രാജിവെക്കണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും വിമത വിഭാഗം ആവർത്തിച്ചതോടെയാണ് അനുനയ നീക്കം പാളിയത്.
എംവി ശ്രേയാംസ് കുമാർ എംപി എൽജെഡി സംസ്ഥാന പ്രസിഡന്റ് സ്ഥാനം 20നകം ഒഴിയണമെന്നായിരുന്നു ഷേക്ക് പി ഹാരിസ് വി സുരേന്ദ്രൻപിള്ള പക്ഷം ആവശ്യം ഉന്നയിച്ചത്.എന്നാൽ ഇക്കാര്യം ശ്രേയാംസ് കുമാർ നിരസിച്ചു. ഇതോടെ പ്രതിസന്ധിയും രൂക്ഷമാക്കി. തിരുവനന്തപുരത്ത് വിമത യോഗം ചേർന്നവർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകാൻ എൽജെഡി നേതൃയോഗത്തിൽ തീരുമാനമെടുത്തു.
ഷെയ്ഖ് പി ഹാരിസ്, വി സുരേന്ദ്രൻ പിള്ള എന്നിവരടക്കം ഒമ്പത് പേർക്കാണ് നോട്ടീസ് നൽകുകയെന്നും നോട്ടീസ് ലഭിച്ച് 48 മണിക്കൂറിനകം പാർട്ടി നേതൃത്വത്തിന് മറുപടി നൽകണമെന്നുമായിരുന്നു നിർദ്ദേശം. ഇക്കാര്യം വിമത നേതാക്കളും തള്ളിയതോടെ പ്രതിസന്ധി അനുനയ നീക്കങ്ങൾ പാളുകയായിരുന്നു.അച്ചടക്ക ലംഘനം നടത്തിയവർ തെറ്റുതിരുത്തി വന്നാൽ അവർക്കുമുന്നിൽ പാർട്ടി വാതിൽ അടയ്ക്കില്ലെന്നാണ് എൽജെഡി സംസ്ഥാന അധ്യക്ഷൻ എംവി ശ്രേയാംസ്കുമാർ എംപിയുടെ നിലപാട്. എന്നാൽ പാർട്ടി വിരുദ്ധ പ്രവർത്തനവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും കോഴിക്കോട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ