- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എൽജെഡി പിളർന്നു; ഷെയ്ക്ക് പി ഹാരിസിന്റെയും സുരേന്ദ്രൻ പിള്ളയുടെയും നേതൃത്വത്തിൽ വിമതയോഗം; തങ്ങളാണ് യഥാർത്ഥ എൽജെഡി എന്നും എൽഡിഎഫ് യോഗത്തിൽ പങ്കെടുക്കാൻ കത്ത് നൽകുമെന്നും വിമതർ
തിരുവനന്തപുരം: എൽഡിഎഫ് ഘടകക്ഷിയായ എൽജെഡി പിളർപ്പിലേയ്ക്ക്. ഷെയ്ക്ക് പി ഹാരിസ്, സുരേന്ദ്രൻ പിള്ള എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് തിരുവനന്തപുരത്ത് കൂടിയ വിമതയോഗം തങ്ങളാണ് യഥാർത്ഥ എൽജെഡിയെന്ന് അവകാശപ്പെട്ടു. ശ്രേയാംസ് കുമാർ രാജി വയ്ക്കണം. സംസ്ഥാന പ്രസിഡന്റ് ഏകപക്ഷീയമായി പെരുമാറുന്നു. പ്രസിഡന്റ് തന്നെ വിഭാഗീയ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നുവെന്നും അവർ ആരോപിച്ചു.
നവംബർ 20നുള്ളിൽ ശ്രേയാംസ് കുമാർ രാജിവെക്കണമെന്നാണ് വിമതരുടെ ആവശ്യം. ഇല്ലെങ്കിൽ സംസ്ഥാന കൗൺസിൽ വിളിച്ച് പുതിയ കമ്മറ്റി പ്രഖ്യാപിക്കാൻ യോഗം തീരുമാനിച്ചു. 26,27,29 തീയതികളിൽ മേഖലാ യോഗം വിളിക്കുമെന്നും. യഥാർത്ഥ എൽ.ജെ.ഡി തങ്ങളാണെന് അവകാശപ്പെട്ട് എൽ.ഡി.എഫ് കൺവീനർക്ക് ഇന്ന് തന്നെ കത്ത് നൽകാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
മുന്മന്ത്രി കെപി മോഹനൻ, മുൻ സെക്രട്ടറി ജനറൽ വർഗീസ് ജോർജ് തുടങ്ങിയ മുതിർന്ന നേതാക്കളുടെ പിന്തുണ തങ്ങൾക്കാണെന്ന് വിമതവിഭാഗം അവകാശപ്പെടുന്നു. 62 അംഗങ്ങൾ ഉള്ള സംസ്ഥാനകമ്മിറ്റിയിൽ 34 പേരും 4 ജില്ലാ പ്രസിഡന്റുമാരും 8 സംസ്ഥാനഭാരവാഹികളും ഇന്നത്തെ യോഗത്തിൽ പങ്കെടുത്തതായും അവർ അവകാശപ്പെടുന്നു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എൻഎം നായർ, ഇടുക്കി ജില്ലാ പ്രസിഡന്റ് ഖാലിദ്, ആലപ്പുഴ ജില്ലാ പ്രസിഡന്റ് നസീർ പുന്നയ്ക്കൽ, മലപ്പുറം ജില്ലാ പ്രസിഡന്റ് സബാഹ് പുൽപ്പറ്റ എന്നിവരാണ് ഇന്നത്തെ യോഗത്തിൽ പങ്കെടുത്ത ജില്ലാ പ്രസിഡന്റുമാർ. ഇതുകൂടാതെ രണ്ട് ജില്ലാ പ്രസിഡന്റുമാരുടെ പൂർണപിന്തുണ കൂടി തങ്ങൾക്കുണ്ടെന്നും അവർ പറയുന്നു.
സംസ്ഥാന നേതൃയോഗം വിളിച്ചിട്ട് ഒമ്പത് മാസമായിട്ടും സംസ്ഥാന പ്രസിഡന്റ് യോഗം വിളിക്കാൻ തയ്യാറായില്ല നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനവും നടന്നിട്ടില്ല. എൽ.ഡി.എഫിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന് മാത്രമല്ല മുന്നണി വിടാനുള്ള തീരുമാനം എടുത്ത യോഗത്തിൽ തീരുമാനിച്ച ഒന്നും നടപ്പാക്കിയില്ലെന്നും യോഗത്തിന് ശേഷം നടന്ന വാർത്ത സമ്മേളനത്തിൽ ഷെയ്ഖ് പി ഹാരിസ് പറഞ്ഞു.
''കൽപറ്റ സീറ്റിന് വേണ്ടി പ്രസിഡന്റ് നിർബന്ധം പിടിച്ചപ്പഴാണ് നൽകാമെന്ന് പറഞ്ഞ സീറ്റ് സിപിഎം വെട്ടിക്കുറച്ചത്. പ്രസിഡന്റ് തന്നെ വിഭാഗീയ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നു. സംസ്ഥാന പ്രസിഡന്റ് രാജിവെക്കണമെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റിൽ ആവശ്യം ഉയർന്നിരുന്നു. പ്രസിഡന്റിനെതിരെ സംസാരിച്ചവർക്ക് എതിരെ പ്രതികാര നടപടി സ്വീകരിക്കുന്നു. ജനാധിപത്യമില്ലാത്ത രീതിയിലാണ് പ്രവർത്തനങ്ങളെല്ലാം നടക്കുന്നത്. വർഗീസ് ജോർജിനോട് ആലോചിച്ച് മാത്രമേ തീരുമാനം എടുക്കാവൂവെന്ന കേന്ദ്ര നിർദേശവും പാലിക്കപ്പെട്ടില്ല'' ഷെയ്ഖ് പി ഹാരിസ് പറഞ്ഞു.
അതേസമയം സമാന്തര യോഗം ചേർന്നവർക്ക് സ്ഥാനമാനങ്ങളോട് ആർത്തിയെന്ന് ശ്രേയംസ് വിഭാഗം പ്രതികരിച്ചു. വിലപേശലിനുള്ള തന്ത്രമാണ് ഈ യോഗം. 20 ന് കോഴിക്കോട് നേതൃയോഗം വിളിച്ചിട്ടുണ്ട്. ഷെയ്ക്ക് പി ഹാരിസ് മനഃപൂർവ്വം ഉത്തരവാദിത്വം മറക്കുന്നു. എൽ ഡി എഫ് യോഗങ്ങളിൽ സ്ഥിരമായി പങ്കെടുക്കുന്നത് ഷെയ്ഖ് പി ഹാരിസ് ആണെന്നും ഔദ്യോഗിക പക്ഷം വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ എൽജെഡിയിൽ ഉടലെടുത്ത ഭിന്നതകളാണ് തുറന്ന പോരിലെത്തിയിരിക്കുന്നത്. സംസ്ഥാന സമിതി വിളിക്കണമെന്ന ആവശ്യം ശ്രേയാംസ്കുമാർ പരിഗണിച്ചില്ലെന്നും വിമത നേതാക്കൾ ആരോപിക്കുന്നു. സംസ്ഥാന അധ്യക്ഷൻ ശ്രേയാംസ്കുമാർ രാജിവയ്ക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വിമത നേതാക്കൾ കേന്ദ്രനേതൃത്വത്തെ കണ്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
പാർട്ടിയുടെ ഏക എംപി കൂടിയായ ശ്രേയാംസ്കുമാറിനെ കൈവിടില്ലെന്ന നിലപാടാണ് ആദ്യഘട്ടം മുതൽ കേന്ദ്രനേതൃത്വവും സ്വീകരിച്ചത്. ഇതിനെ തുടർന്നാണ് വിമത നേതാക്കൾ യോഗം ചേർന്നതും പരസ്യമായി പൊട്ടിത്തെറിച്ചതും. അതേസമയം തന്റെ പഴയ വിശ്വസ്തന്റെ നേതൃത്വത്തിൽ തനിക്കെതിരെ നടക്കുന്ന നീക്കങ്ങൾ ശ്രേയാംസ്കുമാറും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ശനിയാഴ്ച പാർട്ടി അധ്യക്ഷന്മാരുടെയും ഭാരവാഹികളുടെയും ഒരു യോഗം കോഴിക്കോട് വിളിച്ചുചേർത്തിട്ടുണ്ട്.
കഴിഞ്ഞ ജൂലൈയിൽ തന്നെ നേതൃമാറ്റം ആവശ്യപ്പെട്ട് ഷെയ്ഖ് പി ഹാരിസിന്റെ നേതൃത്വത്തിലുള്ള വിമത സംഘം ഡൽഹിയിലെത്തിയിരുന്നു. നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും പുനരാലോചന വേണമെന്നുമാണ് വിമതരുടെ ആവശ്യം. എന്നാൽ അവരുടെ പരാതികൾ ചെവികൊള്ളാൻ ദേശീയനേതൃത്വം തയ്യാറായില്ല.
വിമതവിഭാഗം ജെഡിഎസുമായി ലയിക്കുമെന്ന അഭ്യൂഹങ്ങളേയും ഇവർ തള്ളിക്കളയുന്നു. യഥാർത്ഥ എൽജെഡി തങ്ങളാണെന്നും എൽജെഡി ആയിട്ട് തന്നെ തുടരുമെന്നും അവർ അറിയിച്ചു. തങ്ങളുടെ ശക്തി തെളിയിക്കാൻ മൂന്ന് മേഖലായോഗങ്ങൾ 26,27,28 തീയതികളിൽ നടത്താനും വിമതർ തീരുമാനിച്ചിട്ടുണ്ട്. അതിനായി സുരേന്ദ്രൻ പിള്ള ചെയർമാനും ഷെയ്ഖ് പി ഹാരിസ് കൺവീനറുമായ 15 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
മറുനാടന് മലയാളി ബ്യൂറോ