പട്‌ന: വാട്ട്‌സ് ആപ്പിലൂടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ അശ്ലീലചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്റെ പാർട്ടിനേതാവിനെതിരെ പൊലീസ് കേസെടുത്തു.വാട്ട്‌സ് ആപ്പിലൂടെ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചതിനൊപ്പം നിരവധി ബിജെപി നേതാക്കൾക്കും ചിത്രങ്ങൾ മിശ്രയുടെ മൊബൈൽ ഫോണിലുടെ അയച്ചുകൊടുത്തിട്ടുണ്ട്. സംഭവത്തെത്തുടർന്ന് ബിജെപി നേതാവായ രാജീവ് രഞ്ജൻ തെളിവുകളുമായി പൊലീസ് സ്റ്റേഷനിലെത്തി പരാതിനൽകുകയായിരുന്നു.

പസ്വാന്റെ ലോക് ജനശക്തിപാർട്ടിയുടെ പ്രാദേശികനേതാവും സമസ്തപുർ ടൗൺ പ്രസിഡന്റുമായ ഉമാശങ്കർ മിശ്രയ്‌ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ബിജെപി നയിക്കുന്ന എൻ.ഡി.എ സർക്കാറിൽ പങ്കാളിയാണ് ലോക് ജനശക്തി. മിശ്രയ്‌ക്കെതിരെ കടുത്ത നടപടിയെടുക്കാൻ കേന്ദ്രമന്ത്രി രാംവിലാസ് പസ്വാനോടും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. ബിഹാർ പൊലീസിലെ സൈബർ ക്രൈം വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. ഇറാനിയേയും ബിജെപിയേയും അപമാനിക്കാനുള്ള ശ്രമമാണ് ഇതെന്നാണ് പരാതിക്കാരന്റെ വാദം

രണ്ടാഴ്ചമുമ്പ് ഗോവയിലെ ഫാബ് ഇന്ത്യ വസ്ത്രാലയത്തിൽ സാരി വാങ്ങാനെത്തിയ സ്മൃതി ഇറാനി വസ്ത്രംമാറുന്ന മുറിയിൽ ഒളിക്യാമറ കണ്ടെത്തിയത് വലിയ വിവാദമായിരുന്നു.