ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കഴിഞ്ഞ ദിവസം ആഞ്ഞടിച്ച മുതിർന്ന എൽ കെ അദ്വാനി കേന്ദ്രമന്ത്രിമാർക്കെതിരെ വിമർശനവുമായി വീണ്ടും രംഗത്ത്. ഇക്കുറി ആരോപണവിധേയരായ മന്ത്രിമാർക്കെതിരെയാണ് അദ്വാനി ഒളിയമ്പെയ്തത്.

1996ൽ ഹവാല അഴിമതി സംബന്ധിച്ച് ആരോപണം ഉയർന്നപ്പോൾ എംപിയായിരുന്ന താൻ രാജി വച്ച കാര്യം ഓർമിപ്പിച്ചാണ് അദ്വാനി രംഗത്തെത്തിയത്. ലളിത് മോദി വിവാദത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയും ഉൾപ്പെട്ടതിനെ പരോക്ഷമായി സൂചിപ്പിച്ചാണ് അദ്വാനിയുടെ ഒളിയമ്പ്.

രാഷ്ട്രീയ നേതാക്കൾ പൊതുജീവിതത്തിൽ സംശുദ്ധി കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളുടെ വിശ്വാസവും ധാർമികതയുമാണ് രാഷ്ട്രീയക്കാർക്ക് വേണ്ടത്. തിരഞ്ഞെടുപ്പിൽ ജനങ്ങൾ രാഷ്ട്രീയ പാർട്ടികൾക്ക് വോട്ട് ചെയ്യുന്നു. അതിനാൽ അവരോട് പ്രതിബദ്ധത വേണമെന്നും ബംഗാളി പത്രമായ ആനന്ദ ബസാർ പത്രികയ്ക്കു നൽകിയ അഭിമുഖത്തിൽ അദ്വാനി പറഞ്ഞു.

എന്നാൽ, ലളിത് മോദി വിവാദത്തെപ്പറ്റി ഒന്നും പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ കാര്യങ്ങളിൽ നിന്നെല്ലാം താൻ അകന്നാണ് നിൽക്കുന്നത്. അതിനാൽ തന്നെ സമകാലീന വിഷയങ്ങളെ കുറിച്ച് പ്രതികരിക്കുന്നില്ല. പാർട്ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ താൻ ഭാഗമല്ലെന്നും അദ്വാനി പറഞ്ഞു.

എംപിയായിരിക്കെ 1996ലെ ഹവാലാ വിവാദത്തിൽ ആരോപണം നേരിട്ടതിനെ തുടർന്ന് അദ്വാനി രാജിവച്ചിരുന്നു. തുടർന്ന് കേസിൽ അദ്വാനിക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞതോടെയാണ് 1998ൽ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിട്ടത്.

അദ്വാനിയുടെ പരാമർശത്തെ ഏറ്റുപിടിച്ച് ബിജെപിക്കെതിരെ വിമർശനവുമായി കോൺഗ്രസും രംഗത്തെത്തി. ബിജെപിയിലെ കളങ്കിതർക്കുള്ള സന്ദേശമാണെന്ന് കോൺഗ്രസ് നേതാവ് റഷീദ് ആൽവി ചൂണ്ടിക്കാട്ടി.