തിരുവനന്തപുരം: ഒരുമാസത്തിലേറെ നീണ്ട തിരിച്ചിലിനൊടുവിൽ സഹോദരിയുടെ തിരോധാനത്തിൽ വിവരം ലഭിച്ചത് ദൈവത്തോടുള്ള പ്രാർത്ഥന ഫലമായാണ് സഹോദരി എല്ലീസ് കണക്കാക്കുന്നത്. തന്റെ പിറന്നാൾ തലേന്ന് ലിഗയുടെ തിരോധാനത്തിൽ എന്തെങ്കിലും തുമ്പുണ്ടാകണേയെന്ന് പ്രാർത്ഥിച്ചു. പിറന്നാൽ ദിനത്തിൽ ദൈവകൃപയാൽ സഹോദരിയുടെ ഭൗതിക ശരീരം രണ്ട് പേർ കണ്ടെത്തി. എല്ലീസിന്റെ ഹൃദയസ്പർശിയായ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

'ഏപ്രിൽ 19 ന്, എന്റെ പിറന്നാൾ തലേന്ന് ദൈവത്തോട് പ്രാർത്ഥന ഒന്നുമാത്രമായിരുന്നു..അവൾ എവിടെയെന്ന് അറിയാൻ...അവളെ കണ്ടുപിടിക്കാൻ.ഒന്നുമറിയാതിരിക്കുന്ന അവസ്ഥ സഹിക്കാൻ കഴിയാതായിരുന്നു.എന്റെ പിറന്നാളിന്റെ അന്ന് വൈകുന്നേരം രണ്ടു ആൺകുട്ടികൾ എന്റെ സഹോദരിയുടെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തി.എന്റെ സഹോദരിക്ക് ഇതൊരുനീണ്ട യാത്രയായിരുന്നു. അവൾ വളരെയധികം ദുരിതമനുഭവിച്ചു. അവളുടെ ആത്മാവ് സർവശക്തനിൽ വിലയം കൊള്ളട്ടെ. പ്രിയപ്പെട്ട സഹോദരി നിന്നോടുള്ള ഞങ്ങളുടെ സ്‌നേഹം അനശ്വരമാണ്. ഈ യാത്രയിൽ ഞങ്ങൾക്ക് എല്ലാ സ്‌നേഹവും, പിന്തുണയും നൽകിയ സഹോദരീ-സഹോദരന്മാർക്ക് നന്ദി പറഞ്ഞുകൊള്ളട്ടെ.'

അതേസമയം ലിഗയുടെ മരണത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. രണ്ടു ദിവസത്തിനകം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. അതിനു ശേഷം മാത്രമേ കൊലപാതകമാണോ ആത്മഹത്യയാണോ എന്നതിൽ ഉൾപ്പെടെ വ്യക്തത വരുത്താൻ സാധിക്കൂ എന്നും പൊലീസ് പറയുന്നു. എന്നാൽ ലിഗയുടെ സഹോദരി എലീസയും ഭർത്താവ് ആൻഡ്രൂ ജോനാഥനും പൊലീസിനെതിരേ രൂക്ഷമായ ഭാഷയിലാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. പൊലീസിന്റെ അനാസ്ഥയാണ് തന്റെ സഹോദരിയുടെ ജീവനെടുത്തതെന്നും പറ്റുന്നത് പോലെ എല്ലാവരോട് കേണപേക്ഷിച്ചിട്ടും മാനുഷിക പരിഗണന പോലും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നുമായിരുന്നു അവരുടെ വാക്കുകൾ.

കാണാതായി ആദ്യ 24 മണിക്കൂറാണ് പ്രധാനമെന്ന് പോലും അറിയാത്ത പൊലീസുകാരാണോ ഇവിടെ ഉള്ളതെന്നും മനുഷ്യന്റെ ഫീലിങ്‌സ് ഇവർക്ക് മനസ്സിലാകില്ലെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് എലീസ പറഞ്ഞു. ലിഗയെ കാണാതായ വിവരം ഓരോ പൊലീസ് സ്റ്റേഷനിലും ക്യാമറയ്ക്ക് മുന്നിലും കരഞ്ഞു കൊണ്ട് തന്നെയാണ് ഞാൻ പറഞ്ഞത്. എന്നാൽ തന്നെ പരിഹസിക്കുകയായിരുന്നു പൊലീസുകാർ എന്നും അവർ ആരോപിച്ചിരുന്നു. എന്നാൽ ഇതെല്ലാം പുറത്തുവന്നിട്ടും സംഭവത്തെക്കുറിച്ചന്വേഷിക്കാനോ പൊലീസുകാർക്കെതിരേ നടപടിയെടുക്കാനോ ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായിട്ടില്ല. ഒരു വാക്കുപോലും ഇതുസംബന്ധിച്ച് അദ്ദേഹം മിണ്ടിയിട്ടുമില്ല.

വിഷാദരോഗത്തിനുള്ള ചികിത്സക്കുവേണ്ടി സഹോദരി എലീസിനൊപ്പം ഫെബ്രുവരി 21 നാണ് ലിഗ സ്‌ക്രോമാൻ എന്ന ലിത്വേനിയൻ യുവതി കേരളത്തിലെത്തിയത്. തിരുവനന്തപുരം പോത്തൻകോടുള്ള ധർമ്മ എന്ന ആയുർവേദ കേന്ദ്രത്തിൽ വിഷാദരോഗത്തിനുള്ള ചികിത്സയായിരുന്നു ലക്ഷ്യം. ഇതിനിടെ മാർച്ച് 14 ന് സഹോദരിയോടു പറയാതെ ലിഗ കോവളത്തേക്ക് പുറപ്പെട്ടു. ഇവിടെ വച്ചാണ് ലിഗയെ കാണാതാവുന്നത്. തുടർന്ന് എലീസയും ആൻഡ്രൂ ജോനാഥനും പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങി പരാതികൾ നൽകിയെങ്കിലും ഫലമുണ്ടായില്ല.

ഒടുവിൽ ഇരുവരും സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ കേരളത്തിലുടനീളം പോസ്റ്ററൊട്ടിച്ചും ഫോട്ടോ കാണിച്ചും അന്വേഷണം നടത്തിവരികയായിരുന്നു. ഇതിന്റെ ഭാഗമായി കാസർഗോട് എത്തിയപ്പോഴാണ് തിരുവല്ലം വാഴോമുട്ടത്തുനിന്ന് മൃതശരീരം കണ്ടെത്തിയത്. ഉടൻ ഇരുവരും ഇവിടെയെത്തുകയും മൃതദേഹം ലിഗയുടേതാണെന്ന ഉറപ്പിക്കുകയുമായിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് കരമന-കിള്ളിയാറിന്റെ തീരത്തോടടുത്ത ഭാഗത്ത് ചൂണ്ടയിടാൻ എത്തിയ യുവാക്കളാണ് ശിരസ്സറ്റ ഒരു മൃതദേഹത്തെക്കുറിച്ചുള്ള വിവരം പൊലീസിനെ അറിയിച്ചത്. തിരുവല്ലം പനത്തുറ ചേന്തിലക്കരി ഭാഗത്തെ കണ്ടൽക്കാട്ടിനുള്ളിലാണു ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്നു നടന്ന ഫൊറിൻസിക് പരിശോധനയിൽ അതു ലിഗയുടേതാണെന്നു വ്യക്തമാവുകയായിരുന്നു.

ലിഗയുടെ മരണത്തിൽ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും, ടൂറിസം സെക്രട്ടറി റാണി ജോർജിന്റെയും അനുശോചനവും ബാലകിരൺ ഇലീസിനെ അറിയിച്ചു. ഡപ്യൂട്ടി ഡയറക്ടർ വി എസ്.അനിൽ, അസി. പ്ലാനിങ് ഓഫിസർ ജി.ജയകുമാരൻ നായർ എന്നിവരും ഡയറക്ടറോടൊപ്പം ഉണ്ടായിരുന്നു.