കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം ത്രൈമാസത്തിൽ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ മേഖലയിലെ വായ്പകൾ വർധിച്ചതായി ട്രാൻസ്യൂണിയൻ സിബിലും കേന്ദ്ര സ്ഥിതിവിവരക്കണക്ക് പദ്ധതി നടപ്പാക്കൽ മന്ത്രാലയവും സഹകരിച്ചു പുറത്തിറക്കിയ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ മേഖലയ്ക്കായുള്ള വായ്പാ ആരോഗ്യ സൂചിക ചൂണ്ടിക്കാട്ടുന്നു.

2020 സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തെ വളർച്ചാ സൂചിക 114 പോയിന്റിലാണെന്നും ശക്തി സൂചിക 89 പോയിന്റിലാണെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. കോവിഡിന്റെ ആഘാതങ്ങളിൽ നിന്നു തിരിച്ചു വരാനായി സർക്കാർ നടപ്പിലാക്കിയ പദ്ധതികളെ തുടർന്ന് 2020 ജൂൺ മുതൽ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ മേഖലയ്ക്കായുള്ള വായ്പകൾ ഗണ്യമായി വർധിക്കാൻ തുടങ്ങിയിരുന്നു.

കൃത്യ സമയത്തുള്ള നയപരമായ ഇടപെടലുകൾ ഹ്രസ്വകാലത്തിലും ദീർഘകാലത്തിലുമുള്ള നേട്ടങ്ങളാണ് സൃഷ്ടിച്ചതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ട്രാൻസ്യൂണിയൻ സിബിൽ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാർ പറഞ്ഞു. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ സംരംഭങ്ങൾക്കു വായ്പ നൽകുന്നതിൽ പൊതു മേഖലാ ബാങ്കുകളാണ് തുടക്കത്തിൽ നീക്കങ്ങൾ നടത്തിയത്. തുടർന്ന് സ്വകാര്യ ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ നടപടികളെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.