കൊച്ചി : ഇനി ബാങ്ക് മാനേജർമാർ കൂടുതൽ കരുതലെടുക്കും. തിരിച്ചടവിന് കഴിവുള്ളവർക്ക് മാത്രമേ ലോൺ അനുവദിക്കൂ. അല്ലെങ്കിൽ പണികിട്ടുമെന്ന് വ്യക്തമാക്കുന്നതാണ് എറണാകുളം സിബിഐ കോടതിയുടെ ഉത്തരവ്. ബാങ്ക് ചട്ടങ്ങൾ പാലിക്കാതെ 10 ലക്ഷം രൂപയുടെ ഭവനവായ്പ അനുവദിച്ച കേസിൽ യൂണിയൻ ബാങ്ക് തൃശൂർ ചേർപ്പ് ശാഖയിലെ സീനിയർ മാനേജരായിരുന്ന കെ.കെ.വിശ്വംഭരന് (70) എറണാകുളം സിബിഐ കോടതി ഒരുവർഷം തടവുശിക്ഷ വിധിച്ചു. 50,000 രൂപ പിഴയും ഒടുക്കണം.

കേസിലെ രണ്ടും മൂന്നും പ്രതികളായ ചേർപ്പ് കുന്നത്ത് വീട്ടിൽ കെ.പി. ഫ്രാൻസിസ്, ഫിലോമിന എന്നിവരെ കോടതി വിട്ടയച്ചു. ഇവരാണു ബാങ്കിൽനിന്നു വായ്പയെടുത്തത്. തിരിച്ചടയ്ക്കാൻ രണ്ടും മൂന്നും പ്രതികൾക്കു കഴിയുമോയെന്നു പരിശോധിക്കാതെ വായ്പ അനുവദിച്ചെന്നായിരുന്നു ആരോപണം. ഇടപാടുകാർക്കെതിരെ കുറ്റം തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇരുവരെയും വിട്ടയച്ചത്. മറ്റൊരു കേസിലും വിശ്വംഭരനെ കോടതി ഒരു വർഷം തടവിനു ശിക്ഷിച്ചിരുന്നു.

ബാങ്കുകൾ പലപ്പോഴും രേഖകളൊന്നും കൃത്യമായി പരിശോധിക്കാതെ ലോൺ അനുവദിക്കാറുണ്ട്. ഇതാണ് കിട്ടാക്കടം കൂടാൻ കാരണമാകുന്നതും. അതുകൊണ്ടാണ് ഈ കേസിലെ വിധി നിർണ്ണായകമാകുന്നത്. ലോൺ അടയ്ക്കാത്തവർക്ക് പ്രശ്‌നമില്ല. എന്നാൽ അനുവദിക്കുമ്പോൾ അവർക്ക് ലോൺ അടയ്ക്കാനുള്ള കഴിവുണ്ടെന്ന് ബോധ്യപ്പെടുത്തേണ്ട ബാധ്യത ബാങ്ക് മാനേജരുടേതാവുകയും ചെയ്യുന്നു.

അതുകൊണ്ട് തന്നെ വലിയ വായ്പകൾ നൽകുമ്പോൾ മാനജർമാർ കരുതലുകൾ കൂടുതലായെടുക്കും. ഇത് വായ്പ നൽകലിനെ കുറക്കുമെന്ന വിലയിരുത്തലും സജീവമാണ്.