ക്ഷണത്തിനായി ജീവജാലങ്ങളെ കൊന്നൊടുക്കുന്ന മനുഷ്യർ, ചാകുന്ന നേരത്ത് അവ അനുഭവിക്കുന്ന വേദനയെപ്പറ്റി ചിന്തിക്കാറുണ്ടോ? അത്തരമൊരു ചിന്തയാണ് സ്വിറ്റ്‌സർലൻഡ് സർക്കാരിനെക്കൊണ്ട് ഈ തീരുമാനമെടുപ്പിച്ചത്. വലിയ കൊഞ്ചുകൾ വിഭവങ്ങളാകുന്നതിന് മുമ്പ് നേരിടേണ്ടിവരുന്ന അതിക്രൂരമായ മരണം അവയെ വേദനിപ്പിക്കുന്നുണ്ടെന്ന് സർക്കാർ തിരിച്ചറിഞ്ഞു. ജീവനോടെ തിളച്ച വെള്ളത്തിലിട്ട് കൊഞ്ചുകളെ കൊല്ലുന്ന രീതി സ്വിറ്റ്‌സർലൻഡ് നിരോധിച്ചു.

കൊഞ്ചിനെ ജീവനോടെ തിളയ്ക്കുന്ന വെള്ളത്തിലിട്ട് വേവിച്ചെടുക്കുന്നതാണ് പരമ്പരാഗതമായ സ്വിസ് പാചക രീതി. എന്നാൽ, മാർച്ച് മുതൽ ആ രീതിക്ക് നിരോധനം വരികയാണ്. കൊല്ലന്നതിന് മുമ്പ് അവ അബോധാവസ്ഥയിലാണെന്ന് ഉറപ്പുവരുത്തിയിരിക്കണം. ഇലക്ട്രിക് ഷോക്കടിപ്പിച്ച് താൽക്കാലികമായി മരവിപ്പിച്ച ശേഷം മാത്രമേ മുറിച്ച് കറിക്ക് പാകമാക്കാവൂ എന്ന് പുതിയ നിയമം അനുശാസിക്കുന്നു. കൊഞ്ച് പാചകത്തിന് ഇത്തരം കർശന നിയമങ്ങളുള്ള ലോകത്തെ ഏക രാജ്യമാണ് സ്വിറ്റ്‌സർലൻഡ്.

പാചകത്തിനായി കൊല്ലുന്ന ജീവികളുടെയും വേദന തിരിച്ചറിയണമെന്ന തിരിച്ചറിവിലാണ് ഇത്തരമൊരു നിയമം കൊണ്ടുവന്നത്.. യൂറോപ്യൻ രാജ്യങ്ങളിൽ പലതും സമാനമായ രീതിയിലുള്ള നിയമങ്ങൾ സൃഷ്ടിക്കാൻ തയ്യാറെടുക്കുന്നുണ്ട്. ഞണ്ട്, ചെമ്മീൻ തുടങ്ങിയവയെ കൊലപ്പെടുത്തുന്നതിന് മുമ്പ് അവയെ മരവിപ്പിച്ചിരിക്കണമെന്ന നിയമം ബ്രിട്ടനിലും ഉടൻ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. ഇത്തരം ജീവികൾക്ക് പാചകം ചെയ്യുമ്പോഴും വേദന അനുഭവപ്പെടുന്നുണ്ടെന്നതിന് തെളിവുണ്ടെന്നാണ് മൃഗസ്‌നേഹികളുടെ വാദം.

ഇതൊരു ഗൗരവമുള്ള പ്രശ്‌നമാണെന്ന് മൃഗസ്‌നേഹികൾ പറയുന്നു. വലിയ കൊഞ്ചുകളും മറ്റുമാണ് പാകം ചെയ്യുമ്പോഴും വേദനയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുള്ളത്. അതൊഴിവാക്കുന്നതിന് കൊല്ലുന്നതിന് മുമ്പ് അവയെ ഫ്രിഡ്ജിലും മറ്റും സൂക്ഷിച്ച് മരവിപ്പിക്കുകയോ വൈദ്യുതാഘാതമേൽപ്പിക്കുകയോ വേണമെന്ന് മൃസസ്‌നേഹികൾ പറയുന്നു. സ്വിറ്റ്‌സർലൻഡിനു പിന്നാലെ ബ്രിട്ടനിലും നിയമം വന്നാൽ മറ്റു യൂറോപ്യൻ രാജ്യങ്ങളും ആ വഴിക്ക് നീങ്ങും.