- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പോളിങ് അവസാനിച്ചത് ആവേശകരമായി; ആദ്യ ഘട്ടത്തിൽ സമ്മതിദാന അവകാശം വിനിയോഗിച്ചത് 75 ശതമാനം ആളുകൾ; ആലപ്പുഴയിൽ 76.42 ശതമാനവും തിരുവനന്തപുരത്ത് 69.07 ശതമാനവും പോളിംഗ്; അഞ്ച് ജില്ലകളിൽ ഇന്ന് കൊട്ടിക്കലാശവും; കോവിഡിനെ വെല്ലുന്ന ആവേശമുയർത്തിയ തെരഞ്ഞെടുപ്പ് വിശേഷങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പോളിങ് അവസാനിച്ചു. വൈകുന്നേരം ആറ് മണി വരെ 75 ശതമാനം ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ പോളിങ് ആലപ്പുഴയിൽ രേഖപ്പെടുത്തിയപ്പോൾ തിരുവനന്തപുരത്ത് വോട്ടെടുപ്പിന് അത്ര ആവേശം കൈവന്നില്ല. തിരുവനന്തപുരം - 69.07, കൊല്ലം- 72.79, പത്തനംതിട്ട - 69. 33, ആലപ്പുഴ- 76.42, ഇടുക്കി - 73.99 എന്നിങ്ങനെയാണ് വോട്ടിംഗ് ശതമാനം.
തിരുവനന്തപുരം കോർപ്പറേഷനിൽ 59.02 ശതമാനം പേരും കൊല്ലം കോർപ്പറേഷനിൽ 65.11 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. കോവിഡ് നിയന്ത്രണങ്ങൾ വോട്ടെടുപ്പിനെ ബാധിച്ചില്ല. രാവിലെ മുതൽ പല ബൂത്തുകളിലും വോട്ട് രേഖപ്പെടുത്താനെത്തിയവരുടെ നീണ്ട നിരയായിരുന്നു. ഉച്ചയ്ക്ക് പോളിങ് അൽപം മന്ദഗതിയിലായെങ്കിലും അവസാന മണിക്കൂറോടെ വീണ്ടും കൂടി. ഉച്ചവരെ 50 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. ചിലയിടങ്ങളിൽ വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കിയിരുന്നു. ഒറ്റപ്പെട്ട തർക്കങ്ങളൊഴിച്ചാൽ വോട്ടിങ് സമാധാനപരമായിരുന്നു. ആലപ്പുഴയിലും പത്തനംതിട്ടയിലും രണ്ട് പേർ വോട്ടെടുപ്പിനിടെ കുഴഞ്ഞുവീണു മരിച്ചു. പത്തനംതിട്ട നാറണമൂഴി പഞ്ചായത്തിലെ ഒന്നാം വാർഡിൽ വോട്ട് ചെയ്യാനെത്തിയ പുതുപ്പറമ്പിൽ മത്തായി, ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി പഞ്ചായത്തിൽ മഹാദേവി കാട് സ്വദേശിയായ ബാലൻ എന്നിവരാണ് മരിച്ചത്.
കൊല്ലം കൊറ്റങ്കര പഞ്ചായത്തിലെ കോളശ്ശേരി വാർഡിലെ ഒന്നാം നമ്പർ ബൂത്തിൽ സിപിഎം ചിഹ്നം പതിച്ച മാസ്ക് ധരിച്ച പ്രിസൈഡിങ് ഉദ്യോഗസ്ഥ എത്തിയത് വിവാദമായി. കോൺഗ്രസ് പരാതി നൽകിയതിനെ തുടർന്ന് ഈ ഉദ്യോഗസ്ഥയെ മാറ്റി. ആലപ്പുഴയിൽ ബൂത്തിൽ വോട്ട് പിടിക്കാൻ ശ്രമിച്ചെന്ന പാർട്ടികളുടെ പരാതിയെ തുടർന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ചീഫ് ഏജൻറിനെ ബൂത്തിൽ നിന്നും പുറത്താക്കി. യന്ത്രത്തകരാറിനെ തുടർന്ന് പോളിങ് പലയിടത്തും തടസപ്പെട്ടു. കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ വോട്ടിംഗിനിടെ കോൺഗ്രസ് - സിപിഎം പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. കിളിമാനൂർ മടവൂർ വാർഡ് ആറിലെ പനപ്പാകുന്ന് സ്കൂളിൽ രണ്ടു മണിക്കൂറോളം വോട്ടിങ് മുടങ്ങി.
വൈകുന്നേരം അഞ്ച് മണി മുതൽ കോവിഡ് പോസിറ്റീവ് ആയവരും ക്വാറന്റീനിൽ കഴിയുന്നവരും വോട്ട് ചെയ്യാനെത്തിയിരുന്നു. പിപിഇ കിറ്റ് ധരിച്ചാണ് ഇവർ പോളിങ് ബൂത്തിലേക്കെത്തിയത്. മറ്റ് വോട്ടർമാർ വോട്ടിങ്ങിനെത്തുന്നില്ലെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് ഇവർക്ക് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാർഡുകളിലേക്കാണ് ഒന്നാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്നത്. 88,26,873 വോട്ടർമാർ ഇവിടെയുള്ളത്.
തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമായ ഡിസംബർ 10ന് അഞ്ച് ജില്ലകളിലെ വോട്ടർമാർ വിധിയെഴുതും. രണ്ടാംഘട്ടത്തിൽ വോട്ടിങ് നടക്കുന്ന അഞ്ച് ജില്ലകളിൽ ഇന്നായിരുന്നു കലാശക്കൊട്ട്. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളാണ് രണ്ടാംഘട്ടത്തിൽ. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ് പ്രചാരണ സമാപനം.
മറുനാടന് ഡെസ്ക്