തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തദ്ദേശ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ ശക്തമായ മത്സരമായിരിക്കും ഇക്കുറിയും നടക്കുക. ഇടത്, വലത് ശക്തികൾക്ക് പുറമേ ബിജെപിയും ഇക്കുറി അരയും തലയും മുറുക്കി മത്സര രംഗത്തുണ്ടാകും. വിവാദങ്ങളിൽ കുളിച്ചു നിൽക്കുന്ന സംസ്ഥാനത്തെ ഭരണം അടക്കം ഇക്കുറി തെരഞ്ഞെടുപ്പു വേദികളിൽ ചർച്ചയാകും. പൊതുവേ തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിന് രാഷ്ട്രീയ മേൽക്കൈ കിട്ടാറുണ്ട്. ഇപ്പോഴത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ഭരണം പരിശോധിച്ചാലും ഇക്കാര്യം വ്യക്തമാകും.

സംസ്ഥാനത്ത് ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ നാലിലും ഭരണം എൽഡിഎഫിനാണ്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കോഴിക്കോട് കോർപ്പറേഷനുകളാണ് ഇടതു മുന്നണി ഭരിക്കുന്നത്. യുഡിഎഫ് ആകട്ടെ കൊച്ചിയും കണ്ണൂരുമായി ഒതുങ്ങി. ഈ കോർപ്പറേഷനുകളിൽ തിരുവനന്തപുരം കോർപ്പറേഷനാണ് ഇക്കുറി ശ്രദ്ധേയ മത്സരം നടക്കുക എന്നത് ഉറപ്പാണ്. കാരണം ഇവിടെ ബിജെപിയുടെ സാന്നിധ്യമാണ് ത്രികോണ മത്സര പ്രതീതി ഉണ്ടാക്കിയിരിക്കുന്നത്. ഇക്കുറി അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരത്ത് ബിജെപി മത്സരത്തിന് ഇറങ്ങുന്നത്. മറ്റ് കോർപ്പറേഷനുകളിൽ ബിജെപി ശക്തമായ സാന്നിധ്യമല്ല.

14 ജില്ലാ പഞ്ചായത്തുകളുടെ കണക്കെടുത്താലും മുൻതൂക്കം എൽഡിഎഫിനാണ്. ഇക്കുറി കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം കൂടി എത്തിയതോടെ ഇടതു മുന്നണി കൂടുതൽ ജില്ലാ പഞ്ചായത്തുകളിൽ ഭരണത്തിന് എത്താമെന്ന് കണക്കൂകൂട്ടുന്നു. ജജോസ് കെ മാണിയുടെ സാന്നിധ്യം തന്നെയാകും ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്ന ഘടകം. കഴിഞ്ഞ തവണ ഉണ്ടായിരുന്ന ബിഡിജെഎസ് ഫാക്ടർ ഇക്കുറി ഉണ്ടാകില്ല. ബിഡിജെഎസ് നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി തന്നെയാണ് ഈതിൽ വിഷയം.

തദ്ദേശ സ്ഥാപനങ്ങളുടെ പൊതുചിത്രത്തിലും മുന്നിൽ ഇടതു മുന്നണിയാണ്. അതുകൊണ്ട് തന്നെ മത്സരവും കടക്കുമെന്നത് ഉറപ്പാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോഴുള്ള പൊതുചിത്രമാണ് ചുവടേ:

തിരുവനന്തപുരം
നിലവിൽ
ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് ഭരണം.

ആകെ26, സിപിഎം 16, സിപിഐ 3, കോൺഗ്രസ് 6, ബിജെപി 1

കോർപറേഷൻ

100 വാർഡുള്ള തിരുവനന്തപുരം കോർപറേഷനിൽ എൽഡിഎഫ് ഭരണമാണ്. എൽഡിഎഫ് 44, ബിജെപി 34, യുഡിഎഫ് 21, സ്വതന്ത്രൻ 1 എന്നിങ്ങനെയാണു കക്ഷിനില.

നഗരസഭ (4)

എല്ലായിടത്തും എൽഡിഎഫ് ഭരണം.

ബ്ലോക്ക് പഞ്ചായത്ത് (11)

എൽഡിഎഫ്10 ,യുഡിഎഫ്1

ഗ്രാമ പഞ്ചായത്ത് (73)

എൽഡിഎഫ് 49, യുഡിഎഫ് 21,

ബിജെപി 3

പ്രതീക്ഷ
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിലും നേടിയ വിജയങ്ങളാണ് എൽഡിഎഫിന്റെ പ്രതീക്ഷ. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യംയുഡിഎഫിനു പ്രതീക്ഷ നൽകുന്നു. പാർട്ടിയുടെ ഏക എംഎൽഎയുള്ള ജില്ലയായ തിരുവനന്തപുരത്ത് ബിജെപി ഏറെ പ്രതീക്ഷ അർപ്പിക്കുന്നു;

ചർച്ചാ വിഷയങ്ങൾ
കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഉൾപ്പെടെ നടക്കുന്ന വിവിധ കേസുകൾ.

കൊല്ലം
നിലവിൽ
ജില്ലാപഞ്ചായത്തിൽ എൽഡിഎഫ് ഭരണം

ആകെ 26, എൽഡിഎഫ് - 22, യുഡിഎഫ്: 4

കോർപറേഷൻ (55)

എൽഡിഎഫ് - 37, യുഡിഎഫ് - 15 ,ബിജെപി -2, എസ്ഡിപിഐ -1.

ബ്ലോക്ക് പഞ്ചായത്ത് (11)

എല്ലായിടത്തും ഇടതുമുന്നണി ഭരണം.

ഗ്രാമപഞ്ചായത്ത് (68)

എൽഡിഎഫ്- 57, യുഡിഎഫ്- 11

പ്രതീക്ഷ
മേൽക്കൈ നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. സംഘടനാ സംവിധാനത്തിൽ അടുത്തിടെയുണ്ടായ ഉണർവ് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നതിനു പുറമേ, രാഷ്ട്രീയ സ്ഥിതിഗതികൾ അനുകൂലമാകുമെന്ന പ്രതീക്ഷയും യുഡിഎഫിനുണ്ട്.

ചർച്ചാ വിഷയങ്ങൾ
പരമ്പരാഗത വ്യവസായങ്ങളുടെ നാട്ടിൽ കശുവണ്ടിത്തൊഴിലാളികളുടെ മനസ്സ് ആണു വോട്ടെടുപ്പിൽ പ്രധാനമായും പ്രതിഫലിക്കുക. തോട്ടണ്ടി അഴിമതിക്കേസിൽ പ്രതികളെ സംരക്ഷിക്കുന്ന സർക്കാർ തീരുമാനത്തിനെതിരെ സിപിഎമ്മിൽപ്പോലും അമർഷം നിലനിൽക്കുന്നു. മത്സ്യമേഖലയിൽ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി ഗൗരവമുള്ള വിഷയമാണ്.

പത്തനംതിട്ട
കോൺഗ്രസ് ഒറ്റയ്ക്ക് ഭരിക്കുന്ന ജില്ലാ പഞ്ചായത്ത്
ആകെ, 16, യുഡിഎഫ്10,എൽഡിഎഫ്6

കേരള കോൺഗ്രസ് (എം) അംഗം ജോസ് വിഭാഗത്തോടൊപ്പം എൽഡിഎഫിൽ പോയി. 5 വർഷവും ഒരാൾക്കു തന്നെ പ്രസിഡന്റായി ഭരണം നടത്താൻ കഴിഞ്ഞു.

നഗരസഭ (4)

എൽഡിഎഫ്2, യുഡിഎഫ്2

ബ്ലോക്ക് പഞ്ചായത്ത് (8)

എൽഡിഎഫ്4, യുഡിഎഫ്4

ഗ്രാമ പഞ്ചായത്ത് (53)

എൽഡിഎഫ് 25, യുഡിഎഫ് 21, ബിജെപി 3, സംയുക്ത മുന്നണി (ബിജെപി സിപിഎം കോൺഗ്രസ് സഖ്യം) 4

പ്രതീക്ഷ
എല്ലാ നിയമസഭാ മണ്ഡലങ്ങളിലും എൽഡിഎഫാണ്. സർക്കാരിന്റെ അഴിമതികളും വന്യമൃഗങ്ങളിൽ നിന്നു കർഷകരെ രക്ഷിക്കാൻ നടപടിയില്ലാത്തതും സിൽവർ ലൈൻ അതിവേഗ പാതയ്ക്കായി തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലെ ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കവും അനുകൂലമാകുമെന്നു യുഡിഎഫ് കണക്കുകൂട്ടുന്നു. അഴിമതിയും ശബരിമലയോടുള്ള അവഗണനയും ഉയർത്തിക്കാട്ടിയാകും ബിജെപിയുടെ പ്രചാരണം.

ചർച്ചാവിഷയങ്ങൾ
കോന്നി മെഡിക്കൽ കോളജ് പ്രതിസന്ധി,കാട്ടുപന്നി ശല്യം, ആരബിൾ ഭൂമി വനഭൂമിയാക്കിയ ഡിഎഫ്ഒ ഉത്തരവ്, ചിറ്റാർ മത്തായി കസ്റ്റഡി മരണക്കസ്, പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസ് തുടങ്ങിയവ.

ആലപ്പുഴ
നിലവിൽ
ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് ഭരണം.

ആകെ23, എൽഡിഎഫ്: 17, യുഡിഎഫ്: 6

നഗരസഭ (6)

യുഡിഎഫ് 4, എൽഡിഎഫ് 2

(യുഡിഎഫ് ഭരിക്കുന്ന ചേർത്തല നഗരസഭയിൽ അധ്യക്ഷൻ കേരള കോൺഗ്രസ് (ജോസ്) വിഭാഗക്കാരനാണ്.)

ബ്ലോക്ക് പഞ്ചായത്ത് (12)

എൽഡിഎഫ് 10, യുഡിഎഫ് 2

ഗ്രാമപഞ്ചായത്ത് (72)

എൽഡിഎഫ് 48, യുഡിഎഫ് 23, എൽഡിഎഫ്, യുഡിഎഫ് പിന്തുണയോടെ ബിജെപി വിരുദ്ധ മുന്നണി 1

പ്രതീക്ഷ
ഭൂരിപക്ഷം വർധിപ്പിക്കാമെന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ. മാറ്റത്തിനു സാധ്യതയുണ്ടെന്നു യുഡിഎഫ് കണക്കുകൂട്ടുന്നു. കഴിഞ്ഞ തവണ മുന്നേറ്റമുണ്ടായ ചില ഡിവിഷനുകൾ ജയിക്കാൻ ഇത്തവണ പ്രയാസമില്ലെന്ന് എൻഡിഎ.

ചർച്ചാ വിഷയങ്ങൾ
പ്രളയാനന്തര നടപടികൾ, കോവിഡ് പ്രതിസന്ധി, പരമ്പരാഗത തൊഴിൽ മേഖലകളിലെ പ്രശ്‌നങ്ങൾ തുടങ്ങിയവ.

ഇടുക്കി
നിലവിൽ
ജില്ലാപഞ്ചായത്തിൽ യുഡിഎഫ് ഭരണം.

ആകെ 16, യുഡിഎഫ് 16, എൽഡിഎഫ് 6

നഗരസഭ (2)

യുഡിഎഫ് 2, എൽഡിഎഫ് 0

ബ്ലോക്ക് പഞ്ചായത്ത് (8)

യുഡിഎഫ് 6, എൽഡിഎഫ് 2

ഗ്രാമ പഞ്ചായത്ത് (52)

യുഡിഎഫ് 25, എൽഡിഎഫ് 27

പ്രതീക്ഷ
കഴിഞ്ഞ 2 തവണയായി ഭരിക്കുന്ന യുഡിഎഫ് ഇടുക്കിയിലെ ഭൂവിഷയങ്ങൾ അനുകൂലമാകുമെന്ന കണക്കൂകൂട്ടലിലാണ്. കേരള കോൺഗ്രസിന് കഴിഞ്ഞ തവണ 2 സീറ്റുകൾ കിട്ടി. ജോസ് വിഭാഗം ഒപ്പമുള്ളത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്.

ചർച്ചാ വിഷയങ്ങൾ
ഭൂപ്രശ്‌നങ്ങൾ തന്നെ യുഡിഎഫിന്റെ പ്രധാന ആയുധം. ഈ സർക്കാർ ഇരുപതിനായിരത്തോളം പട്ടയം നൽകിയതാണ് എൽഡിഎഫിന്റെ പ്രചാരണ വിഷയം.

കോട്ടയം
നിലവിൽ
ജില്ലാപഞ്ചായത്തിൽ എൽഡിഎഫിനു

ഭൂരിപക്ഷമുണ്ടെങ്കിലും യുഡിഎഫ് ഭരണം.

ആകെ 22, എൽഡിഎഫ്11,യുഡിഎഫ്10, ജനപക്ഷം അംഗം മരിച്ചതിനാൽ ഒരു സീറ്റ് ഒഴിവ്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കേരള കോൺഗ്രസ് (എം) പ്രതിനിധി. പ്രസിഡന്റ് സ്ഥാനം പി.ജെ. ജോസഫ് വിഭാഗത്തിനു നൽകുന്നതിലെ തർക്കത്തിൽ ജോസ് കെ. മാണി വിഭാഗം യുഡിഎഫ് വിട്ടു. എന്നാൽ യുഡിഎഫ് അവിശ്വാസം കൊണ്ടു വന്നിട്ടില്ല.

നഗരസഭ (6)

യുഡിഎഫ്5, എൽഡിഎഫ്1

ബ്ലോക്ക് പഞ്ചായത്ത് (11)

യുഡിഎഫ് 8, എൽഡിഎഫ് 3

ഗ്രാമപഞ്ചായത്ത് (71)

യുഡിഎഫ് 43, എൽഡിഎഫ് 28

പ്രതീക്ഷ
കേരള കോൺഗ്രസ് (എം) യുഡിഎഫ് വിട്ടതാണ് പ്രധാന ചർച്ച. എൽഡിഎഫും യുഡിഎഫും പരസ്പരം ചതി ആരോപിക്കുന്നു. കേന്ദ്ര സർക്കാരിന്റെ പ്രവർത്തനമാണ് ബിജെപി ഉയർത്തിക്കാട്ടുന്നത്.

ചർച്ചാ വിഷയങ്ങൾ
കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റം ,കാർഷിക മേഖലയുടെ തകർച്ചയും ശബരിമല വിഷയവും തുടങ്ങിയവ.

എറണാകുളം
നിലവിൽ
ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് ഭരണം.

ആകെ 27,യുഡിഎഫ് 14, എൽഡിഎഫ് 13

ഭരണം തുടങ്ങുമ്പോൾ യുഡിഎഫ് 16, എൽഡിഎഫ് 11 എന്നായിരുന്നു നില. ഒരു കോൺഗ്രസ് അംഗത്തിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവാക്കി, പകരം സിപിഎം സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചു. കേരള കോൺഗ്രസ് (എം) പ്രതിനിധി എൽഡിഎഫിലേക്കു മാറി.

കോർപറേഷൻ (74)

യുഡിഎഫ് 37, എൽഡിഎഫ്34, ബിജെപി 2

നഗരസഭ (13)

ആകെ13, യുഡിഎഫ് 6, എൽഡിഎഫ് 7

ബ്ലോക്ക് പഞ്ചായത്ത് (14)

യുഡിഎഫ് 9, എൽഡിഎഫ് 5

ഗ്രാമ പഞ്ചായത്ത് (82)

യുഡിഎഫ് 39, എൽഡിഎഫ് 42 , മറ്റുള്ളവർ (20 ട്വന്റി) 1

പ്രതീക്ഷ
യുഡിഎഫിനു മേൽക്കൈയുള്ള സ്ഥലമാണെങ്കിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇരു മുന്നണികളും ഒപ്പം വരാറുണ്ട്. കേരള കോൺഗ്രസ് (എം) എത്തിയതുവഴി കിഴക്കൻ മേഖലയിൽ നേട്ടം ഉണ്ടാകുമെന്നാണു എൽഡിഎഫ് പ്രതീക്ഷ.

ചർച്ചാ വിഷയങ്ങൾ
2 പ്രളയം, കോവിഡ് എന്നിവ വോട്ടർമാരുടെ മനസ്സിലുണ്ടാവും.

തൃശൂർ
നിലവിൽ
ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് ഭരണം

ആകെ 29, എൽഡിഎഫ് 20,

യുഡിഎഫ് 9)

കോർപറേഷൻ(1)

എൽഡിഎഫ് ഭരണം

നഗരസഭ (7)

എൽഡിഎഫ് 6, യുഡിഎഫ് 1

ജില്ലാ പഞ്ചായത്ത്

എൽഡിഎഫ് 20, യുഡിഎഫ് 9

ബ്ലോക്ക് പഞ്ചായത്ത് (16)

എൽഡിഎഫ് 13, യുഡിഎഫ് 03

ഗ്രാമ പഞ്ചായത്ത് (86)

എൽഡിഎഫ് 69, യുഡിഎഫ് 16, ബിജെപി 1

പ്രതീക്ഷ
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകളുടെ കണക്കെടുത്താൽ അറുപതിലേറെ പഞ്ചായത്തുകളും യുഡിഎഫിനൊപ്പം. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ രാഷ്ട്രീയം വേറെയാണെന്ന് എൽഡിഎഫ്. ശബരിമല വിഷയത്തിനു ശേഷം സ്ഥിതി അനുകൂലമായതായി ബിജെപി.

ചർച്ചാ വിഷയങ്ങൾ
സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ യുഡിഎഫും ബിജെപിയും വിഷയമാക്കും. ലോക്ഡൗൺ കാലത്ത് സൗജന്യ കിറ്റ് വിതരണം ചെയ്തതുൾപ്പെടെയുള്ള കാര്യങ്ങൾ എൽഡിഎഫും മുന്നോട്ടുവയ്ക്കും.

പാലക്കാട്
നിലവിൽ
ജില്ലാപഞ്ചായത്ത് ഭരണം എൽഡിഎഫ്

ആകെ 30 , എൽഡിഎഫ് 27,യുഡിഎഫ് 3

നഗരസഭ (7)

യുഡിഎഫ് 4, എൽഡിഎഫ് 2, ബിജെപി 1

ബ്ലോക്ക് പഞ്ചായത്ത് (13)

എൽഡിഎഫ്11, യുഡിഎഫ്2

ഗ്രാമപഞ്ചായത്ത് (88 )

എൽഡിഎഫ്71, യുഡിഎഫ്17

പ്രതീക്ഷ
കഴിഞ്ഞ തവണത്തെ നേട്ടം ആവർത്തിക്കാമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അട്ടിമറി വിജയം പ്രതിഫലിക്കുമെന്ന് യുഡിഎഫ്. പാലക്കാട് നഗരസഭ ഭരിക്കുന്ന ബിജെപി മുന്നേറ്റം പ്രതീക്ഷിക്കുന്നു.

ചർച്ചാ വിഷയങ്ങൾ
വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണം സജീവ ചർച്ചയാണ്. നെല്ല് സം ഭരണത്തിലെ പാളിച്ചകളും കാർഷിക മേഖലയിലെ പുതിയ നടപടികളും പ്രധാന വിഷയം.

പരിസ്ഥിതിലോല മേഖല സംബന്ധിച്ച കരട് വിജ്ഞാപനം, വന്യമൃഗശല്യം തുടങ്ങിയവ ചർച്ചാ വിഷയമാകും. അട്ടപ്പാടി മഞ്ചിക്കണ്ടി ഊരിൽ 4 മാവോയിസ്റ്റുകൾ വെടിയേറ്റു മരിച്ച സംഭവത്തിൽ സിപിഐ സർക്കാരിനെതിരെ വന്നിരുന്നു.

മലപ്പുറം
നിലവിൽ
ജില്ലാ പഞ്ചായത്ത് യുഡിഎഫ് ഭരണം

ആകെ 32, യുഡിഎഫ് 27, എൽഡിഎഫ് 5

നഗരസഭകൾ (12)

യുഡിഎഫ് 9, എൽഡിഎഫ് 3

ബ്ലോക്ക് പഞ്ചായത്ത്(15)

യുഡിഎഫ് 12, എൽഡിഎഫ് 3

ഗ്രാമ പഞ്ചായത്ത് (94)

യുഡിഎഫ് 51, മുസ്ലിം ലീഗ് (മുന്നണിയില്ലാതെ) 6, എൽഡിഎഫ് 35. ജനകീയ മുന്നണി 2.

പ്രതീക്ഷ
കഴിഞ്ഞ തവണ 24 തദ്ദേശ സ്ഥാപനങ്ങളിൽ കോൺഗ്രസും മുസ്ലിം ലീഗും വെവ്വേറെയാണ് മത്സരിച്ചത്. ഇത്തവണ പലയിടത്തും സീറ്റ് ധാരണയായി.സീറ്റുകൾ കുറയ്ക്കുന്നു എന്ന് സിപിഐക്കുള്ള ആക്ഷേപത്തിലാണ് എൽഡിഎഫിലെ ചർച്ച. എൻഡിഎ കൂടുതൽ സ്ഥലങ്ങളിൽ മത്സരിക്കും.

ചർച്ചാ വിഷയങ്ങൾ
വെൽഫെയർ പാർട്ടിയുടെ നിലപാടാണു പ്രധാന ചർച്ചാ വിഷയം. കഴിഞ്ഞ തവണ എൽഡിഎഫിന് അനുകൂലമായിരുന്നെങ്കിൽ ഇത്തവണ യുഡിഎഫിന് അനുകൂലമാണ്. കഴിഞ്ഞ തവണ വെൽഫെയർ പാർട്ടി ബന്ധം നിഷേധിച്ച എൽഡിഎഫ്, ഇത്തവണ യുഡിഎഫിനെതിരെ അതേ ബന്ധം ആയുധമാക്കുന്നു.

കോഴിക്കോട്
നിലവിൽ
ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫ്

ആകെ 27, എൽഡിഎഫ്18, യുഡിഎഫ് 9

കോർപറേഷൻ (1)

എൽഡിഎഫ് 50, യുഡിഎഫ് 18,

ബിജെപി 7

നഗരസഭ (7)

എൽഡിഎഫ് 6, യുഡിഎഫ് 1

ബ്ലോക്ക് പഞ്ചായത്ത് 12

എൽഡിഎഫ് 10, യുഡിഎഫ് 2

പഞ്ചായത്ത് (70)

എൽഡിഎഫ് 48, യുഡിഎഫ് 21,

ആർഎംപി 1

പ്രതീക്ഷ
40 വർഷമായി കോഴിക്കോട് കോർപറേഷനിൽ ഇടതുഭരണമാണ്. ജില്ലാ പഞ്ചായത്തിലും എൽഡിഎഫ് മാത്രമാണ് ഭരിച്ചത്. ജില്ലയിൽ സ്വാധീനമുള്ള എൽജെഡി മുന്നണിയിലെത്തിയതു നേട്ടമാകുമെന്നു എൽഡിഎഫ് പ്രതീക്ഷിക്കുന്നു. കോർപറേഷനിൽ ഇക്കുറി വിജയം നേടുമെന്നാണു യുഡിഎഫ് അവകാശവാദം. ആർഎംപിയും യുഡിഎഫും ഇക്കുറി സഹകരിച്ചാണു മത്സരം.

ചർച്ചാ വിഷയങ്ങൾ
അമൃത് പദ്ധതിയിലെ അഴിമതി,മലബാർ വന്യജീവി സങ്കേതത്തിനു ചുറ്റും പരിസ്ഥിതി ലോല മേഖലയാക്കുന്ന വിജ്ഞാപനത്തിനെതിരെയുള്ള പ്രതിഷേധം, കെറെയിൽ വേഗപാതയുമായി ബന്ധപ്പെട്ട സമരം.

വയനാട്
നിലവിൽ
ജില്ലാ പഞ്ചായത്ത് യുഡിഎഫ് ഭരണം.

ആകെ 16, യുഡിഎഫ് 11, എൽഡിഎഫ്5

നഗരസഭ (3)

എൽഡിഎഫ് 3

ബ്ലോക്ക് പഞ്ചായത്ത് (4)

യുഡിഎഫ് 3, എൽഡിഎഫ് 1

ഗ്രാമ പഞ്ചായത്ത് (23)

എൽഡിഎഫ് 15, യുഡിഎഫ് 8

പ്രതീക്ഷ
കൂടുതൽ പഞ്ചായത്തുകളിൽ അധികാരത്തിലെത്താൻ യുഡിഎഫ് ശ്രമം. ജില്ലാ പഞ്ചായത്ത് പിടിക്കാൻ ലക്ഷ്യമിടുന്നു എൽഡിഎഫ്. എൻഡിഎ ഇക്കുറി പരമാവധി വാർഡുകളിൽ ജയിക്കാൻ ശ്രമത്തിലാണ്.

ചർച്ചാ വിഷയങ്ങൾ
വയനാട് മെഡിക്കൽ കോളജ്, രാത്രിയാത്രാ നിരോധനം, വന്യമൃഗശല്യം, കാർഷിക പ്രതിസന്ധി തുടങ്ങിയവ പ്രധാനം. ബഫർ സോൺ കരട് വിജ്ഞാപനവും വിഷയമാകും.

കണ്ണൂർ
നിലവിൽ
ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫ്

ആകെ 24. എൽഡിഎഫ് 15, യുഡിഎഫ്9. ജെഡിയു (1), കേരള കോൺഗ്രസ് (എം- 1) എന്നീ കക്ഷികൾ ഇപ്പോൾ എൽഡിഎഫിലാണ്.

കോർപറേഷൻ

യുഡിഎഫ് ഭരണത്തിൽ.

നഗരസഭ (8)

എൽഡിഎഫ് 5, യുഡിഎഫ് 3 (ആന്തൂർ നഗരസഭയിൽ പ്രതിപക്ഷമില്ലാതെ എൽഡിഎഫ് ഭരണം)

ബ്ലോക്ക് പഞ്ചായത്ത് (11)

എല്ലായിടത്തും എൽഡിഎഫ്.

ഗ്രാമപഞ്ചായത്ത് (71)

എൽഡിഎഫ് 50, യുഡിഎഫ് 21

പ്രതീക്ഷ
വിമതശല്യവും അന്തഃഛിദ്രവുമില്ലാതെ നേരിട്ടാൽ കണ്ണൂർ കോർപറേഷനിൽ ഭരണം പിടിക്കുക എളുപ്പമാണെന്നു യുഡിഎഫ് കരുതുന്നു. ഇരിട്ടി നഗരസഭയും ഏതാനും പഞ്ചായത്തുകളും യുഡിഎഫിനു നഷ്ടപ്പെട്ടത് മുന്നണിയിലെ പ്രശ്‌നങ്ങൾ മൂലമാണ്. മലയോര പഞ്ചായത്തുകളിൽ കേരള കോൺഗ്രസ് എമ്മിനെ ഉപയോഗിച്ചു നേട്ടമുണ്ടാക്കാമെന്ന് എൽഡിഎഫ് പ്രതീക്ഷിക്കുന്നു.

ചർച്ചാ വിഷയങ്ങൾ
പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യ, മലയോരത്തെ വന്യമൃഗശല്യം, പ്രാദേശിക വികസന പ്രശ്‌നങ്ങൾ എന്നിവ.

കാസർകോട്
നിലവിൽ
ജില്ലാ പഞ്ചായത്ത് യുഡിഎഫ്.

ആകെ 17, യുഡിഎഫ്- 8, എൽഡിഎഫ്-7, ബിജെപി- 2.

നഗരസഭ (3)

എൽഡിഎഫ്2, യുഡിഎഫ്1

ബ്ലോക്ക് പഞ്ചായത്ത് (6)

എൽഡിഎഫ് 4, യുഡിഎഫ് 2

ഗ്രാമ പഞ്ചായത്ത് (38)

യുഡിഎഫ്19, എൽഡിഎഫ്16. ബിജെപി2, കോൺഗ്രസ് വിമത വിഭാഗമായ ഡിഡിഎഫ്1

പ്രതീക്ഷ
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേടിയ വിജയം യുഡിഎഫിന് പ്രതീക്ഷ നൽകുന്നു. ശക്തമായ സംഘടനാ സ്വാധീനമാണ് എൽഡിഎഫിന്റെ കരുത്ത്. കാറഡുക്ക, എന്മകജെ പഞ്ചായത്തുകളിൽ കൂടി ഭരണം ഉറപ്പിക്കാനാകുമെന്ന് ബിജെപി.

ചർച്ചാ വിഷയങ്ങൾ
പെരിയ ഇരട്ടക്കൊല, വന്യമൃഗ ശല്യം, എം.സി. ഖമറുദ്ദീൻ പ്രതിയായ ജൂവലറി നിക്ഷേപ തട്ടിപ്പ് കേസ് എന്നിവ.

കടപ്പാട്: മലയാള മനോരമ