- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടെടുപ്പിന് തൊട്ടുമുമ്പ് കോവിഡ് പോസിറ്റീവ് ആകുന്നവർക്കും വോട്ടു ചെയ്യാം; ഓർഡിനൻസിൽ ഭേദഗതിയുമായി സർക്കാർ; കോവിഡ് ബാധിതർക്ക് വോട്ടു ചെയ്യാൻ വൈകീട്ട് അഞ്ചു മുതൽ ആറുവരെ പ്രത്യേക സംവിധാനം ഒരുക്കും
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന് തൊട്ടുമുമ്പ് കോവിഡ് പോസിറ്റീവ് ആകുന്നവർക്കും വോട്ടു ചെയ്യാൻ അവസരം. ഇതിനായി വൈകീട്ട് അഞ്ചു മുതൽ ആറുവരെ പ്രത്യേക സംവിധാനം സജ്ജീകരിക്കും. ഇതു സംബന്ധിച്ച മുൻ ഓർഡിനൻസ് ഭേദഗതി ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കോവിഡ് പോസിറ്റീവ് ആകുന്നവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും പോസ്റ്റൽ വോട്ട് ചെയ്യാൻ അനുമതി നൽകിക്കൊണ്ടുള്ള ഓർഡിനൻസ് സർക്കാർ നേരത്തെ പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് പോസ്റ്റൽ വോട്ടിന് വോട്ടെടുപ്പിന്റെ മൂന്നു ദിവസം മുമ്പ് അപേക്ഷിക്കണം.
ഇതോടെ തെരഞ്ഞെടുപ്പിന്റെ അന്നോ, തലേദിവസമോ കോവിഡ് പോസിറ്റീവ് ആകുന്നവർക്ക് വോട്ടു ചെയ്യാൻ സാധിക്കാത്ത അവസ്ഥ സംജാതമാകും. ഇത് പരിഗണിച്ചാണ് മുൻ ഓർഡിനൻസിൽ ഭേദഗതി വരുത്താൻ മന്ത്രിസഭ തീരുമാനിച്ചത്. വോട്ടെടുപ്പിന്റെ അവസാന ഒരു മണിക്കൂറാകും ഇത്തരത്തിൽ പോസിറ്റീവ് ആയവർക്ക് വോട്ടു ചെയ്യാൻ അവസരം നൽകുക.
പുതിയ നിർദ്ദേശം അനുസരിച്ച് പോസിറ്റീവ് ആകുന്നവർക്ക് മതിയായ സുരക്ഷാ മുൻകരുതൽ സ്വീകരിച്ചുകൊണ്ട് നേരിട്ട് പോളിങ് സ്റ്റേഷനിലെത്തി സമ്മതിദാനാവകാശം രേഖപ്പെടുത്താം. ഒന്നുകിൽ നിലവിലെ ക്യൂ അവസാനിച്ചശേഷമോ, അല്ലെങ്കിൽ തൊട്ടടുത്ത മുറിയിൽ സംവിധാനം ഉണ്ടാക്കിയോ ഇവരെ വോട്ടു ചെയ്യാൻ അനുവദിക്കാവുന്നതാണെന്നാണ് ഓർഡിനൻസ് ഭേദഗതിയിൽ വ്യക്തമാക്കുന്നത്.