തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണൽ തുടങ്ങിയതോടെ യുഡിഎഫും എൽഡിഎഫും ഇഞ്ചോടിഞ്ച് മുന്നേറ്റത്തിൽ. ഗ്രാമപഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഇരുമുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ശക്തമായി മത്സരം നടക്കുമെന്ന് കടക്കുന്ന തിരുവനന്തപുരം ഇടതു മുന്നണിയാണ് മുന്നിൽ നിൽക്കുന്നത്. കോഴിക്കോട് കോർപറേഷനിലും ഇടതു മുന്നണിയാണ് മുന്നിൽ. കോട്ടയത്ത്, ജോസ് കെ മാണി ഫാക്ടർ എൽഡിഎഫിനെ തുണക്കുമെന്നാണ് പുറത്തുവരുന്ന ഫലസൂചനകൾ.

എട്ടേകാലോടെയാണ് ആദ്യ ഫല സൂചനകൾ പുറത്തു വന്നു തുടങ്ങി. തപാൽ ബാലറ്റും സ്പെഷ്യൽ ബാലറ്റുമാണ് ആദ്യമെണ്ണിത്തുടങ്ങിയത്. പിന്നാലെ മെഷീനിലേക്ക് എണ്ണൽ തുടങ്ങി. ഫലം സർക്കാരിനും മുന്നണികൾക്കും നിർണ്ണായകമാകുമെന്നാണ് പ്രതീക്ഷ. മുൻതൂക്കം നിലനിർത്താനാകുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. വിവാദങ്ങൾ തുണയ്ക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. കോവിഡ് ബാധിതർക്ക് വിതരണം ചെയ്ത സ്‌പെഷ്യൽ തപാൽവോട്ടുകൾ ഉൾപ്പെടെയുള്ള തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.

കൗണ്ടിങ് പാസ് ലഭിച്ചിട്ടുള്ള കൗണ്ടിങ് ഏജന്റുമാർ ഹാളുകളിൽ ഉണ്ട്. സ്ഥാനാർത്ഥിക്കും ചീഫ് ഇലക്ഷൻ ഏജന്റിനും ബ്ലോക്ക് വരണാധികാരിക്ക് കീഴിലുള്ള ഒരാൾക്കും കൗണ്ടിങ് ഹാളിൽ പ്രവേശനം അനുവദിച്ചിട്ടുണ്ട്. കൗണ്ടിങ് ഓഫീസർമാർ കൈയുറയും മാസ്‌കും ഫേസ് ഷീൽഡും ധരിച്ചാണ് ഹാളിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കൗണ്ടിങ് ഹാളിൽ എത്തുന്ന സ്ഥാനാർത്ഥികളും കൗണ്ടിങ് ഏജന്റുമാരും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് മാനദണ്ഡ പ്രകാരമാണ് ഇതെല്ലാം.

കോവിഡ് ബാധിതർക്ക് വിതരണം ചെയ്ത സ്‌പെഷ്യൽ തപാൽവോട്ടുകൾ ഉൾപ്പെടെയുള്ള തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണൽ ബ്ലോക്ക് തലത്തിലുള്ള വിതരണ, സ്വീകരണ കേന്ദ്രങ്ങളിൽ നടക്കും. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും അതത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ വോട്ടെണ്ണും. ഗ്രാമപ്പഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റൽ വോട്ടുകൾ അതത് വരണാധികാരികളാണ് എണ്ണുക.

പരമാവധി എട്ട് പോളിങ് സ്റ്റേഷനുകൾക്ക് ഒരു മേശ എന്ന രീതിയിൽ സാമൂഹിക അകലം പാലിച്ചാണ് കൗണ്ടിങ് മേശകൾ ഒരുക്കിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപ്പഞ്ചായത്തുകൾക്ക് പ്രത്യേക കൗണ്ടിങ് ഹാളുകളും സജ്ജീകരിക്കും. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിങ് ഹാൾ ഉണ്ടാകും. വോട്ടെണ്ണൽ മേശകളുടെ എണ്ണം കണക്കാക്കിയാണ് സ്ട്രോങ്റൂമിൽ നിന്നും കൺട്രോൾ യൂണിറ്റുകൾ എത്തിക്കുക.

കോഴിക്കോട് ജില്ലയിലെ അഞ്ചിടങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി ജില്ലാ കലക്ടർ സാംബശിവറാവു ഉത്തരവിറക്കി. നാദാപുരം, വളയം, കുറ്റ്യാടി, പേരാമ്പ്ര, വടകര പൊലീസ് സ്റ്റേഷൻ പരിധിയിൽ ആണ് നിരോധനാജ്ഞ ഏർപ്പെടുത്തിയത്. പൊതുവിടങ്ങളിൽ ക്രമസമാധാനം തകർക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ പാടില്ല. ആയുധങ്ങൾ കൈവശം വെക്കുന്നതും ജാഥകൾ നടത്തുന്നതും അഞ്ചു പേരിൽ കൂടുതൽ കൂട്ടം കൂടുന്നതും നിരോധിച്ചു. ഡിസംബർ 15 വൈകിട്ട് ആറ് മുതൽ ഡിസംബർ 17 വൈകീട്ട് ആറു വരെയാണ് നിരോധനാജ്ഞ. സ്ഥാനാർത്ഥിയോ റിട്ടേണിങ് ഓഫീസർ അംഗീകരിച്ച ഏജന്റ്മാരോ അല്ലാതെ വോട്ടെണ്ണൽ കേന്ദ്രത്തിന് 500 മീറ്റർ ചുറ്റളവിൽ അഞ്ചു പേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടില്ല.

ഫലം വന്ന ശേഷം വിജയം ആഘോഷിക്കാൻ ആളുകൾ ഒത്തുകൂടുന്നത് കോവിഡ് വ്യാപനത്തിന് കാരണമാവുമെന്ന സാഹചര്യവും കണക്കിലെടുത്താണ് നടപടി. റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ വിജയാഹ്ലാദ പ്രകടനങ്ങൾ, വാർഡ് അല്ലെങ്കിൽ ഡിവിഷൻ തലങ്ങളിൽ മാത്രമായി ചുരുക്കാനും ഇതിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 20 ആയി നിജപ്പെടുത്താനും നിർദ്ദേശിച്ചിട്ടുണ്ട്. കാസർകോട് ജില്ലയിലെ 10 പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ ഡിസംബർ 15ന് രാത്രി 12 മണി മുതൽ ഡിസംബർ 17ന് രാത്രി 12 മണിവരെ സിആർപിസി 144 പ്രകാരം ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധി, കാഞ്ഞങ്ങാട് മുൻസിപാലിറ്റി, അജാനൂർ പഞ്ചായത്ത് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധി, പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് ചന്തേര പൊലീസ് സ്റ്റേഷൻ പരിധി, പടന്ന, ചെറുവത്തൂർ, പിലിക്കോട് ഗ്രാമ പഞ്ചായത്തുകൾ നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധി, നീലേശ്വരം മുൻസിപാലിറ്റി മേൽപറമ്പ്, വിദ്യാ നഗർ, കാസർകോട് പൊലീസ് സ്റ്റേഷൻ പരിധികളിൽ പൂർണമായും , നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാസർകോട് മുൻസിപാലിറ്റിപൂർണമായും നിരോധനാജ്ഞ പ്രഖ്യാപിച്ചു.