തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ മുസ്ലിംലീഗിന്റെ പിടിവാശിക്ക് മുന്നിൽ കോൺഗ്രസ് വീണ്ടും മുട്ടുകുത്തി. പപഴയ വാർഡുകളുടെ അടിസ്ഥാനത്തിൽ വോട്ടെടുപ്പ് നടത്തണമെന്ന കെപിസിസി - സർക്കാർ ഏകോപന സമിതിയുടെ നിർദ്ദേശം തള്ളിയ സർക്കാർ പഞ്ചായത്ത് - മുൻസിപ്പൽ രൂപീകരണം റദ്ദു ചെയ്ത ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകും. നാളെ അപ്പീൽ നൽകാനാണ് സർക്കാറിന്റെ നീക്കം. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ചെയ്ത ശേഷം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മന്ത്രിമാരും വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവംബർ ഒന്നിന് സർക്കാർ അധികാരത്തിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തിരഞ്ഞെടുപ്പ് കമ്മീഷനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി മാദ്ധ്യമങ്ങളെ കണ്ടത്. തിരഞ്ഞെടുപ്പ് നിശ്ചയിച്ച സമയത്ത് തന്നെ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. 15 ദിവസത്തിന് ശേഷം വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ പഞ്ചായത്തുകളുടെ രൂപവത്കരണം ചോദ്യം ചെയ്യുന്ന നാല്പതിലധികം ഹർജികൾ തീർപ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള ഇന്നലെ സുപ്രധാന വിധി പ്രസ്താവിച്ചത്. ഇതിനെതിരെയാണ് അപ്പീലിന് പോകുന്നത്. വില്ലേജുകൾ ഇങ്ങനെ വിഭജിക്കുന്നതിന് ഭരണഘടനാപരമായ വിലക്കുള്ളതിനാലാണ് കോടതി വിധി.

ഗവർണറുടെ മുൻകൂർ അനുമതിയോടെ മാത്രമേ വില്ലേജുകളെ വിഭജിക്കാവൂ എന്നാണ് ഭരണഘടനയിലെ 243 (ജി) അനുച്ഛേദം വ്യവസ്ഥ ചെയ്യുന്നത്. പഞ്ചായത്ത് വിഭജനക്കാര്യത്തിൽ സർക്കാർ ഈ വ്യവസ്ഥ പാലിച്ചില്ലെന്നതാണ് ഹർജിക്കാർ ഉന്നയിച്ച പ്രധാന വാദം. അത് ഹൈക്കോടതി അംഗീകരിച്ചു.

2015 ഏപ്രിൽ 25ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഇറക്കിയ പഞ്ചായത്ത് വിഭജന ഉത്തരവിൽ, ഗവർണറുടെ അനുമതിയില്ലാതെ വില്ലേജ് വിഭജിച്ച് പുതിയ പഞ്ചായത്ത് രൂപവത്കരിക്കുന്ന ഭാഗമാണ് ഹൈക്കോടതി റദ്ദാക്കിയിട്ടുള്ളത്. ഒരു വില്ലേജിന്റെ വിവിധ ഭാഗങ്ങൾ വ്യത്യസ്ത പഞ്ചായത്തുകളിലാവുന്നത് നാട്ടുകാർക്ക് വിഷമം സൃഷ്ടിക്കും. വില്ലേജിനെ പല പഞ്ചായത്തുകൾക്കായി മുറിച്ചു നൽകാനാവില്ല. ഒരു വില്ലേജ് അല്ലെങ്കിൽ ഒരു കൂട്ടം വില്ലേജുകൾ പൂർണമായി ഉൾപ്പെട്ടതാവണം പഞ്ചായത്ത് എന്നാണ് ഭരണഘടനാ വ്യവസ്ഥ.

ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന അഭിപ്രായമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചത്. പഴയ നിലയിൽ തന്നെ വോട്ടെടുപ്പ് നടത്താമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. എന്നാൽ, ഇക്കാര്യം അംഗീകരിക്കാൻ മുസ്ലിംലീഗ് മന്ത്രിമാർ തയ്യാറായില്ല. ഇതോടെയാണ് മുസ്ലിംലീഗിന്റെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങി മുഖ്യമന്ത്രി അപ്പീൽ നൽകാമെന്ന തീരുമാനം കൈക്കൊണ്ടത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും തർക്കമായ രൂക്ഷമാണ് ഉടലെടുത്തത്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഭാഗികമായി നടത്താനുള്ള സാധ്യതയാണ് സംസ്ഥാന സർക്കാർ ആരാഞ്ഞത്. ഇക്കാര്യം അംഗീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറിയില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും കോടതിയുടെ ഇടപെടലിനും ഇടയിൽ ഈ ആശയ വിനിമയം തികച്ചും അനൗദ്യോഗികമായിരുന്നു. കൂട്ടിച്ചേർക്കലുകളുടെ പേരിൽ കോടതി ഇടപെട്ടവ ഒഴിച്ചുള്ള നഗരസഭകളിൽ മാത്രമായി നിർദ്ദിഷ്ട സമയത്തുതന്നെ തെരഞ്ഞെടുപ്പു നടത്താൻ സാധിക്കുമോ എന്നാണു ചോദിച്ചത്. അതിലൂടെ സർക്കാരിനു താൽക്കാലികമായി മുഖം രക്ഷിക്കാൻ സാധിക്കുമെന്നാണു കണക്കുകൂട്ടൽ.

വിഭജനവും പുനർവിഭജനവും കോടതി റദ്ദാക്കിയ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും പിന്നീടു തെരഞ്ഞെടുപ്പു നടത്താമെന്നതായിരുന്നു സർക്കാറിന്റെ മറ്റൊരു നിർദ്ദേശം. എന്നാൽ ഇക്കാര്യവും തെരഞ്ഞെടുപ്പ് കമ്മീഷന് സ്വീകാര്യമായില്ല. അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരേ ശൃംഖലയുടെ ഭാഗമായതിനാൽ ഭാഗിക തെരഞ്ഞെടുപ്പ് എളുപ്പമാകില്ലെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ ചൂണ്ടിക്കാണിച്ചു. മാത്രമല്ല, അങ്ങനെ തെരഞ്ഞെടുപ്പു നടത്താൻ തയ്യാറായാലും കോടതിയിൽ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയും കമ്മീഷൻ മുന്നിൽ കാണുന്നുണ്ട്. 2010ലെ അതിർത്തികൾ പ്രകാരമാണെങ്കിൽ പ്രശ്‌നങ്ങളില്ലാതെ ഒക്ടോബറിൽ തന്നെ എല്ലായിടത്തും തെരഞ്ഞെടുപ്പു നടത്താൻ കഴിയുമെന്നാണ് കമ്മീഷന്റെ അഭിപ്രായം. സമയത്തു തെരഞ്ഞെടുപ്പു നടത്താതെ രാഷ്ട്രീയ താൽപര്യങ്ങൾക്കു വഴങ്ങി ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കാൻ കമ്മീഷനു താൽപര്യവുമില്ലെന്ന നിലപാടും തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചതോടെ സർക്കാർ ഹൈക്കോടതിയെ സമീപിക്കാമെന്ന തീരൂമാനം കൈക്കൊള്ളുകയായിരുന്നു.

നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കരുതെന്ന് കെപിസിസി-സർക്കാർ ഏകോപന സമിതി യോഗത്തിൽ തീരുമാനിച്ചിരുന്നു. പഞ്ചായത്തുകളും കോർപ്പറേഷനുകളും രൂപീകരിച്ചത് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്ന കാര്യം ആലോചിക്കാൻ മുഖ്യമന്ത്രിയേയും യോഗം ചുമതലപ്പെടുത്തി. ഘടകക്ഷികളുമായി ആലോചിച്ച ശേഷം നിയവിദഗ്ദ്ധരുമായി കൂടിയാലോചിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാനാണ് മുഖ്യമന്ത്രിയോട് യോഗം ആവശ്യപ്പെട്ടത്.

തദ്ദേശ തിരഞ്ഞെടുപ്പ് പുതിയ വാർഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിൽ നടത്താനാവാത്ത സാഹചര്യമുണ്ടായാൽ 2010ലെ രീതി അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിനെ എതിർക്കേണ്ടെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. അതേസമയം, വാർഡ് വിഭജനത്തിന്റെ പേരിൽ യു.ഡി.എഫിൽ തർക്കങ്ങൾ ഉണ്ടാവാതെ നോക്കണമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി യോഗത്തിൽ പറഞ്ഞു. മുസ്‌ളീം ലീഗിനെ പിണക്കരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു. തുടർന്ന് അന്തിമ തീരുമാനം കൈക്കൊള്ളാൻ മുഖ്യമന്ത്രിയെ യോഗം ചുമതലപ്പെടുത്തുകയായിരുന്നു.

യോഗത്തിന് ശേഷം ലീഗ് മന്ത്രിമാർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച്ച നടത്തി. മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, എംകെ മുനീർ, മഞ്ഞളാംകുഴി അലി എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. മന്ത്രി കെസി ജോസഫും ചർച്ചയിൽ പങ്കെടുത്തു. വാർഡ് വിഭജനം പൂർത്തിയായ ശേഷം മതി തെരഞ്ഞെടുപ്പെന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്. ഇക്കാര്യം കുഞ്ഞാലിക്കുട്ടി വ്യക്തമാക്കുകയും ചെയ്തു. ലീഗിന്റെ താൽപര്യത്തിനല്ല വാർഡ് വിഭജനത്തിന് ശ്രമിച്ചത്. പുതിയ വാർഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിലാകണം തെരഞ്ഞെടുപ്പ്. ഇക്കാര്യം യുഡിഎഫ് ചർച്ച ചെയ്യണം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുമ്പും വൈകി നടന്നിട്ടുണ്ടെന്നും മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് സാമുദായികാടിസ്ഥാനത്തിൽ വാർഡുകൾ വിഭജിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. പുതിയ വാർഡ് വിഭജന ആവശ്യത്തിൽ നിന്നും പിന്മാറിയാൽ തിരിച്ചടിയുണ്ടാകുമെന്നാണ് ലീഗ് മന്ത്രിമാരുടെ യോഗത്തിൽ വിലയിരുത്തൽ.

വാർഡ് വിഭജനം പൂർത്തിയാകാത്ത സാഹചര്യത്തിൽ 2010ലെ പഴയ വാർഡുകളുടെ അടിസ്ഥാനത്തിൽ കൃത്യസമയത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിനെയും ഗവർണറെയും നേരത്തെ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകാനുള്ള നീക്കത്തിലെ ആശങ്ക മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ കെ. ശശിധരൻ നായർ ഗവർണറെ കണ്ട് അറിയിക്കുകയും ചെയ്തിരുന്നു.

ഒക്ടോബർ രണ്ടാംവാരം തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഷെഡ്യൂൾ തയാറാക്കിയിരുന്നത്. ഇതനുസരിച്ച് മറ്റ് നടപടികളും ആരംഭിച്ചിരുന്നു. വാർഡ് വിഭജനം പൂർത്തിയാകാത്ത സാഹചര്യത്തിൽ 2010ലെ വാർഡ് വിഭജനം അടിസ്ഥാനമാക്കി നിശ്ചിത സമയത്ത് തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കമ്മീഷന്റെ നിലപാട്. എന്നാൽ പുതിയ വാർഡ് വിഭജനം അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടത്താനാണ് സർക്കാരിന് താൽപര്യം.