- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിംലീഗ് വരച്ച വരയിൽ കോൺഗ്രസ്! സമ്മർദ്ദം കടുത്തപ്പോൾ വോട്ടെടുപ്പ് ഒരു മാസം നീട്ടിവച്ചേ മതിയാകൂവെന്ന നിലപാടിൽ സർക്കാർ; കോടതിയിൽ സത്യവാങ്മൂലം നൽകും; തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടുകൾ സംശയകരമെന്ന് മന്ത്രി സഭായോഗവും യുഡിഎഫും; പഞ്ചായത്തുകളിൽ ഭരണ പ്രതിസന്ധിക്ക് സാധ്യത
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ മുസ്ലിംലീഗിന്റെ ഭാഗത്തു നിന്നുള്ള കടുത്ത സമ്മർദ്ദങ്ങൾക്ക് വഴങ്ങി സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഏറ്റുമുട്ടലിന്റെ വഴിയേ നീങ്ങുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന നിലപാടിലേക്ക് സംസ്ഥാന സർക്കാർ എത്തിച്ചേർന്നിട്ടുണ്ട്. ഇക്കാര്യം ഹൈക്ക
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ മുസ്ലിംലീഗിന്റെ ഭാഗത്തു നിന്നുള്ള കടുത്ത സമ്മർദ്ദങ്ങൾക്ക് വഴങ്ങി സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഏറ്റുമുട്ടലിന്റെ വഴിയേ നീങ്ങുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന നിലപാടിലേക്ക് സംസ്ഥാന സർക്കാർ എത്തിച്ചേർന്നിട്ടുണ്ട്. ഇക്കാര്യം ഹൈക്കോടതിയിൽ ഉന്നയിക്കാൻ തീരുമാനിച്ചു. ഒരു മാസത്തേക്ക് തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നാണ് സർക്കാറിന്റെ ആവശ്യം. പുതുതായി രൂപം നൽകിയ 28 മുൻസിപ്പാലിറ്റികളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കില്ലെന്ന നിലപാട് ഇലക്ഷൻ കമ്മീഷൻ സ്വീകരിച്ചതോടെയാണ് സർക്കാർ ഇക്കാര്യത്തിൽ പിടിവാശി തുടരാൻ തീരുമാനിച്ചത്. ഒരു മാസത്തേക്ക് തിരഞ്ഞെടുപ്പ് നീട്ടണമെന്ന് കോടതിയിൽ ആവശ്യപ്പെടാനാണ് ഇന്നു ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്.
മന്ത്രിസഭാ യോഗത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് നേരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ലീഗ് മന്ത്രിമാരായിരുന്നു കൂടുതൽ വിമർശനം നടത്തിയത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടുകൾ സംശയങ്ങൾ ഉണർത്തുന്നതാണെന്നും ഇക്കാര്യത്തിൽ കമ്മിഷൻ അനാവശ്യ പിടിവാശി കാണിക്കുകയാണെന്നും മന്ത്രിമാർ വിമർശിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് തീരുമാനിക്കാൻ സർക്കാറും തെരഞ്ഞെടുപ്പ് കമീഷനും നടത്തിയ രണ്ടാംവട്ട ചർച്ചയിലും ധാരണയായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാനുള്ള തീരുമാനം. പുതിയ 28 മുനിസിപ്പാലിറ്റികളും കണ്ണൂർ കോർപറേഷനും യാഥാർഥ്യമാകണമെന്ന് സർക്കാറും കൃത്യസമയത്തുതന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കമീഷനും നിലപാടെടുക്കുമ്പോൾ വിഷയം വലിയ ഭരണഘടനാ പ്രതിസന്ധിയിലേക്ക് എത്തും.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തിൽ ആദ്യമാണ് ഇത്തരത്തിലൊരു പ്രതിസന്ധി ഉടലെടുക്കുന്നത്. നവംബർ 1ന് ഇപ്പോഴത്തെ സമിതികൾ അസാധുവാകും. തെരഞ്ഞെടുപ്പ് വൈകിയാൽ ഉദ്യോഗസ്ഥ ഭരണവും അനിവാര്യമാകും. ഇത് ഒഴിവാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ. എന്നാൽ മുമ്പത്തെ വാർഡുകൾ ഇടത് സർക്കാർ വിഭജിച്ചവയാണ്. അവിടെ സിപിഎമ്മിന് വ്യക്തമായ സ്വാധീനമുണ്ട്. അതുകൊണ്ട് തന്നെ പുതിയ വാർഡുകൾ വേണം. മുസ്ലിം ലീഗിനാണ് ഇക്കാര്യത്തിൽ പിടിവാശി. പ്രത്യേകിച്ച് മലബാറിലെ വാർഡ് വിഭജനത്തിലൂടെ വ്യക്തമായ രാഷ്ട്രീയ മുൻതൂക്കം നേടാൻ ലീഗിന് കഴിയുമെന്നാണ് വിലയിരുത്തൽ.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നിലനിൽക്കുന്ന കേസിൽ സെപ്റ്റംബർ മൂന്നിനാണ് വാദം തുടങ്ങുക. ഈ ഘട്ടത്തിൽ മുനിസിപ്പാലിറ്റികളുടെ കാര്യത്തിൽ കോടതിയുടെ തീർപ്പ് തേടാനാണ് തീരുമാനം. കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ 28 പുതിയ മുനിസിപ്പാലിറ്റികളും കണ്ണൂർ കോർപറേഷനും കോടതി അംഗീകരിച്ചതാണെന്നും അവയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും സർക്കാർ കമീഷനോട് ആവശ്യപ്പെട്ടു. എന്നാൽ, നവംബർ ഒന്നിന് പുതിയ ഭരണസമിതി അധികാരമേൽക്കുംവിധം തെരഞ്ഞെടുപ്പ് ഷെഡ്യൂൾ കമീഷണർ യോഗത്തിൽ വിശദീകരിച്ചു. സെപ്റ്റംബർ 16ന് വിജ്ഞാപനം പുറപ്പെടുവിച്ച് ഒക്ടോബർ 27ന് നടപടികൾ പൂർത്തിയാക്കും വിധമായിരുന്നു ഇത്.
എന്നാൽ, മുനിസിപ്പാലിറ്റികളുടെ കാര്യത്തിൽ സർക്കാർ വിട്ടുവീഴ്ചക്ക് തയാറായില്ല. രണ്ട് മണിക്കൂറോളം നീണ്ട ചർച്ചയിൽ കമീഷനും മന്ത്രിമാരും തമ്മിൽ ഇക്കാര്യത്തിൽ രൂക്ഷമായ തർക്കം നടന്നു. തെരഞ്ഞെടുപ്പ് നടത്താതെ പോകുന്ന കമീഷണറാകുമെന്ന അഭിപ്രായം വന്നപ്പോൾ താനതിനെ ഭയക്കുന്നില്ലെന്ന് കമീഷണർ മറുപടി നൽകി. ഇരുപക്ഷവും നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. ബ്‌ളോക് വിഭജനം വേണ്ടിവരുന്നതിനാൽ അതിന് സമയം നൽകണമെന്ന് കോടതിയോട് ആവശ്യപ്പെടാൻ സർക്കാർ കമീഷനോട് നിർദേശിച്ചു. ഇതിന് തയാറാകാതിരുന്ന കമീഷൻ സർക്കാർ തന്നെ കോടതിയെ സമീപിക്കണമെന്ന നിലപാടെടുത്തു. സർക്കാർ നിലപാടിനെ കോടതിയിൽ എതിർക്കില്ലെന്ന് കമീഷൻ അറിയിച്ചു. എന്നാൽ, മൂന്നാം തീയതിക്കുശേഷം കാത്തിരിക്കില്ലെന്ന് കമീഷൻ മുന്നറിയിപ്പ് നൽകി.
പുതിയ നഗരസഭകൾ വന്നാൽ തെരഞ്ഞെടുപ്പ് വൈകാൻ കാരണമാകുമെന്നാണ് കമീഷൻ നിലപാട്. ഇത് ചെയ്താൽ ബ്‌ളോക് പഞ്ചായത്ത് പുനഃസംഘടനയും വാർഡ് പുനർവിഭജനവും വേണം. അതിനുശേഷമേ ജില്ലാ പഞ്ചായത്ത് വാർഡ് വിഭജനം നടക്കൂ. ഏറെ നടപടികൾ ഇതിന് വേണ്ടിവരുമെന്ന നിലപാട് കമീഷൻ കൈക്കൊണ്ടു. പുതിയ മുനിസിപ്പാലിറ്റികളും കണ്ണൂർ കോർപറേഷനും റദ്ദാക്കി പുതിയ വിജ്ഞാപനം ഇറക്കാനാകുമെന്നും ഇതിന് അധികാരമുണ്ടെന്നും കമീഷൻ ചൂണ്ടിക്കാട്ടി. പുതിയ നഗരസഭകൾ ഇനി പഞ്ചായത്തുകളാക്കാൻ കഴിയില്ലെന്ന നിലപാടായിരുന്നു സർക്കാറിന്. പുതിയ നഗരസഭകൾ ഇല്ലാതായാൽ കേന്ദ്ര ഫണ്ടിൽ നഷ്ടംവരുമെന്ന് ഗവൺമെന്റ് സെക്രട്ടറിമാർ ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ച വാർത്താ സമ്മേളനം റദ്ദാക്കി
അതിനിടെ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മന്ത്രിമാർ നടത്തിയ വിമർശനത്തിന് മറുപടി പറയുന്നതിന് വേണ്ടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ച വാർത്താ സമ്മേളനം റദ്ദാക്കി. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിക്കായിരുന്നു കമ്മിഷൻ വാർത്താ സമ്മേളനം വിളിച്ചിരുന്നത്. എന്നാൽ, പന്ത്രണ്ട് മണിയോടെ വാർത്താ സമ്മേളനം റദ്ദാക്കിയതായി കമ്മിഷൻ അറിയിക്കുകയായിരുന്നു. വാർത്താ സമ്മേളനം നടത്തുന്നത് ഉചിതമല്ലെന്ന നിയമോപദേശത്തെ തുടർന്നാണ് കമ്മിഷൻ പിന്മാറിയതെന്നാണ് സൂചന. വാർഡ് വിഭജനം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിൽ സെപ്റ്റംബർ മൂന്നിന് കോടതി വിധി പറയുന്നുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് വാർത്താ സമ്മേളനം നടത്തുന്നത് ഉചിതമല്ലെന്ന് കമ്മിഷന് നിർദ്ദേശം ലഭിച്ചത്.
കമ്മിഷനെ ശാസിച്ച കുഞ്ഞാലിക്കുട്ടിയുടെ നടപടി ധിക്കാരപരം: വി എസ്
സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവർത്തിക്കുന്ന ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പു കമ്മീഷനെ ശാസിച്ച മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നടപടി ധിക്കാരപരമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദൻ അഭിപ്രിയാപ്പെട്ടു. രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങൾ നടപ്പാക്കുന്നതിനു വേണ്ടി ഭരണഘടനാ സ്ഥാപനങ്ങളെയും ജുഡീഷ്യറിയെയുമെല്ലാം ഭീഷണിപ്പെടുത്തി സ്വന്തം വരുതിയിലാക്കാനുള്ള ഉമ്മൻ ചാണ്ടി സർക്കാരിന്റെയും യു.ഡി.എഫ് നേതാക്കളുടെയും ശ്രമങ്ങൾ അപലപനീയവും പ്രതിഷേധാർഹവുമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറെ മുഖ്യമന്ത്രിയുടെ ചേംബറിൽ വിളിച്ചുവരുത്തി കുഞ്ഞാലിക്കുട്ടി അദ്ദേഹത്തെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് ജനാധിപത്യത്തിന് വിരുദ്ധമാണ്. കമ്മീഷനെ ശാസിക്കാനും കമ്മീഷന് നിർദേശങ്ങൾ നൽകാനും മുഖ്യമന്ത്രിക്കോ സർക്കാരിനോ നിയമപരമായി ഒരധികാരവുമില്ല. അതുപോലെ മന്ത്രി കെ.സി.ജോസഫും കമ്മീഷനെ വിമർശിച്ചു. 30 വർഷം മുമ്പുള്ള കമ്മീഷണറുടെ രാഷ്ട്രീയ ചായ്‌വിനെപറ്റി ഗവേഷണം നടത്തുകയാണ്. നേരത്തെ, പാമോലിൻകേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ വിധി പറഞ്ഞതിന്റെ പേരിൽ വിജിലൻസ് ജഡ്ജിയെ പാക്കിസ്ഥാൻകാരനെന്ന് ആക്ഷേപിച്ച് ഓടിച്ചുവെന്നും വി എസ് പറഞ്ഞു.
സംസ്ഥാനത്ത് മിനി അടിയന്തരാവസ്ഥയെന്ന് കോടിയേരി
തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഏറ്റുമുട്ടൽ തുടരുന്ന സംസ്ഥാന സർക്കാർ നടപടിയെ വിമർശിച്ച് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. സംസ്ഥാനത്ത് മിനി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷണറെ ഭീഷണിപ്പെടുത്തി തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദഹം പറഞ്ഞു.
അടിയന്തരാവസ്ഥ കാലത്തേതിന് സമാനമായ നിലപാടാണ് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ സർക്കാർ സ്വീകരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് വരെ തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടു പോകാനാണ് സർക്കാർ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനെ നോക്കുകുത്തിയാക്കി തദ്ദേശ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയം കളിക്കുന്നു: യുഡിഎഫ്
അതിനിടെ തദ്ദേശ കോവളത്ത് ചേർന്ന യുഡിഎഫ് യോഗത്തിലും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനം ഉയർന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഏകപക്ഷീയമായി രാഷ്ട്രീയം കളിക്കുകയാണെന്ന് യുഡിഎഫ് യോഗത്തിൽ വിമർശനം ഉയർന്നു. തിരഞ്ഞെടുപ്പ് വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയം കളിക്കുകയാണെന്ന് യു.ഡി.എഫ് യോഗത്തിൽ വിമർശനം. കോവളത്ത് ചേർന്ന യു.ഡി.എഫ് യോഗത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് പല നേതാക്കളും അഭിപ്രായപ്പെട്ടു. എന്നാൽ കമ്മീഷനുമായി ഏറ്റുമുട്ടൽ വേണ്ടെന്നും രാഷ്ട്രീയമായി തന്നെ നേരിടുകയാണ് വേണ്ടതെന്നുമാണ് യോഗത്തിലുയർന്ന പൊതുനിലപാട്.
വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് തങ്ങളുടെ അതൃപ്തി യോഗത്തിൽ അറിയിച്ചു. തുടർന്ന് ലീഗുമായി ഉഭയകക്ഷി ചർച്ചനടത്താനും തീരുമാനമായി. യു.ഡി.എഫിലെ ഘടകകക്ഷികളുമായുള്ള തർക്കങ്ങൾ എത്രയും വേഗം പരിഹരിക്കാനും ചർച്ചകളുണ്ടാകും. യു.ഡി.എഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പ് നേരിടാൻ സജ്ജമായിക്കഴിഞ്ഞുവെന്ന് തങ്കച്ചൻ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഘടകകക്ഷകളുമായുള്ള സീറ്റ് ചർച്ച ആദ്യം നടത്തും. അത് കഴിഞ്ഞ ശേഷമായിരിക്കും കോൺഗ്രസിലെ ചർച്ചകളെന്നും തങ്കച്ചൻ പറഞ്ഞു.