- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ കുതിച്ചത് എൽഡിഎഫ്; വിജയം നേടിയത് 24 ഇടത്ത്; നിയമസഭാ ഉപതിരഞ്ഞെടുപ്പു നടക്കുന്ന തൃക്കാക്കര ഉൾപ്പെടുന്ന എറണാകുളം ജില്ലയിൽ നേട്ടം കൊയ്തത് ബിജെപിയും; ബിജെപി ആറ് വാർഡുകൾ നിലനിർത്തിയപ്പോൾ 16 സീറ്റുകൾ ഉണ്ടായിരുന്ന യുഡിഎഫ് 12 ലേക്ക് താഴ്ന്നു
കൊച്ചി: സംസ്ഥാനത്തെ 12 ജില്ലകളിലെ 42 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മിച്ച വിജയം. 24 ഇടത്ത് എൽഡിഎഫ് വിജയം നേടി. യുഡിഎഫ് 12, ബിജെപി 6 സീറ്റുകളിലും വിജയിച്ചു. 20 സീറ്റ് ഉണ്ടായിരുന്ന എൽഡിഎഫ് 24 ലേക്ക് ഉയർന്നു. 16 സീറ്റുകൾ ഉണ്ടായിരുന്ന യുഡിഎഫ് 4 വാർഡുകൾ നഷ്ടപ്പെട്ട് 12 ലേക്ക് താഴ്ന്നപ്പോൾ ബിജെപിക്ക് ഉണ്ടായിരുന്ന 6 വാർഡുകൾ അവർ നിലനർത്തി. ആകെ 9 വാർഡുകളാണ് എൽഡിഎഫ് പിടിച്ചെടുത്തത്. ഇതിൽ 7 എണ്ണം യുഡിഎഫിൽനിന്നും രണ്ടെണ്ണം ബിജെപിയിൽ നിന്നുമാണ്. 3 എൽഡിഎഫ് വാർഡുകളിൽ യുഡിഎഫും, രണ്ടിടത്ത് ബിജെപിയും വിജയിക്കുകയും ചെയത്ു.
എറണാകുളം ജില്ലയിലാണ് സിപിഎമ്മിന് കണക്കുകൂട്ടലുകൾ പാളിയത്. ഉപതിരഞ്ഞെടുപ്പു നടക്കുന്ന തൃക്കാക്കര ഉൾപ്പെടുന്ന ജില്ലയിലെ എൽഡിഎഫിന്റെ തോൽവി അവരെ ഞെട്ടിക്കുന്നതാണ് താനും. മറ്റിടങ്ങലിൽ സീറ്റ് ഉയർത്തിയത് ഇടതു മുന്നണിക്ക് നേട്ടമായി മാറുകയും ചെയ്തു. കൊല്ലം പെരിനാട് പഞ്ചായത്തിലെ നാന്തിരിക്കൽ, ശൂരനാട് വടക്ക് പഞ്ചായത്തിലെ സംഗമം, പത്തനംതിട്ട റാന്നി അങ്ങാടി പഞ്ചായത്തിലെ ഈട്ടിച്ചുവട്, ഇടുക്കി ഉടുമ്പന്നൂർ പഞ്ചായത്തിലെ വെള്ളന്താനം, എറണാകുളം കുന്നത്തുനാട് പഞ്ചായത്തിലെ വെമ്പിള്ളി, തശൂർ തൃക്കൂർ പഞ്ചായത്തിലെ ആലങ്ങോട്, മലപ്പുറം വള്ളികുന്ന് പഞ്ചായത്തിലെ പരുത്തിക്കാട് എന്നീ വാർഡുകളാണ് യുഡിഎഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തത്. കൊല്ലം ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി, പാലക്കാട് പല്ലശ്ശന പഞ്ചായത്തിലെ കുടല്ലൂർ വാർഡുകളാണ് ബിജെപിയിൽ നിന്ന് പിടിച്ചത്.
തിരുവനന്തപുരത്ത് നാല് വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും രണ്ടിടങ്ങളിൽ ജയം. അതിയന്നൂർ പഞ്ചായത്തിലെ കല്ലറവിള, നാവായിക്കുളത്തെ മരുതിക്കുന്ന് വാർഡുകൾ എൽഡിഎഫ് നേടി. പൂവാർ പഞ്ചായത്തിലെ അരശുംമൂട് യുഡിഎഫ് വിജയിച്ചു. കല്ലറ പഞ്ചായത്തിലെ കൊടിതൂക്കി കുന്ന് യുഡിഎഫ് നിലനിർത്തി.
അതിയന്നൂർ കല്ലറ വിളയിൽ 130 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി എൻ വിജയകുമാർ വിജയിച്ചത്. വിജയകുമാറിന് 564 വോട്ടും തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി യുഡിഎഫിലെ ഇ എൽ അരുൺലാലിന് 434, ബിജെപിയിലെ വി സജികുമാറിന് 117 വോട്ട് വീതവും കിട്ടി.
നാവായിക്കുളം പഞ്ചായത്തിലെ മരുതിക്കുന്ന് വാർഡ് 22 വോട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർത്ഥി സവാദ് വിജയിച്ചത്. സവാദിന് 4632 വോട്ട് കിട്ടി. യുഡിഎഫ് സ്ഥാനാർത്ഥി ബി രാമചന്ദ്രന് 440, എസ്ഡിപിഐയിലെ എം നസീറുദീന് 347, ബിജെപിയിലെ ഐ ആർ രാജീവിന് 340, ബിഎസ്‌പിയിലെ ദിനേഷ് കൂനൻചാലിലിന് 125, സ്വതന്ത്ര സ്ഥാനാർത്ഥി രാമചന്ദ്രന് അഞ്ച് വോട്ടും കിട്ടി.
പൂവാർ പഞ്ചായത്തിലെ അരശുംമൂട് വാർഡിൽ യുഡിഎഫിന്റെ വി എസ് ഷിനു 31 വോട്ടിന് ജയിച്ചു. ഷിനുവിന് 474 വോട്ടും എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എൻ സഞ്ജുവിന് 443 വോട്ടും കിട്ടി. ബിജെപി സ്ഥാനാർത്ഥി ശ്രീരഞ്ജിനിക്ക് 38 വോട്ടാണ് കിട്ടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 186 വോട്ടായിരുന്നു ബിജെപിക്ക് കിട്ടിയത്. അന്ന് എൽഡിഎഫ് 167 വോട്ടുകൾക്ക് വിജയിച്ചു.
കല്ലറ കൊടിതൂക്കികുന്നിൽ യുഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് ഷാ 150 വോട്ടിന് വാർഡ് നിലനിർത്തി. മുഹമ്മദ് ഷായ്ക്ക് 620 വോട്ടും എൽഡിഎഫിലെ അനസ് അൻസാരിക്ക് 470 വോട്ടും ലഭിച്ചു. ബിജെപിയിലെ എ സുരേഷ് കുമാറിന് 28 വോട്ടും കിട്ടി. കഴിഞ്ഞതവണ 314 വോട്ടിനായിരുന്നു ഇവിടെ യുഡിഎഫ് വിജയിച്ചത്.
കൊല്ലത്ത് ആറിൽ അഞ്ചിലും എൽഡിഎഫ് ഉജ്വലവിജയം നേടി. കോൺഗ്രസിന്റെ രണ്ടും ബിജെപിയുടെ ഒന്നും സിറ്റിങ് സീറ്റുകൾ ഉൾപ്പെടെ പിടിച്ചെടുത്താണ് എൽഡിഎഫ് ജയം. വെളിയം പഞ്ചായത്തിലെ കളപ്പില, ക്ലാപ്പന പഞ്ചായത്തിലെ ക്ലാപ്പന കിഴക്ക്, പെരിനാട്ടെ നാന്തിരിക്കൽ, ആര്യങ്കാവിലെ കഴുതുരുട്ടി, ശൂരനാട് വടക്ക് പഞ്ചായത്തിലെ സംഗമം എന്നീ വാർഡുകളാണ് എൽഡിഎഫ് വിജയിച്ചത്. ഇതിൽ നാന്തിരിക്കൽ, സംഗമം എന്നിവ കോൺഗ്രസിൽ നിന്നും കഴുതുരുട്ടി ബിജെപിയിൽ നിന്നുമാണ് പിടിച്ചെടുത്തത്.
കഴുതുരുട്ടി വാർഡിൽ സിപിഐ എമ്മിലെ മാമ്പഴത്തറ സലീം 245 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. എൽഡിഎഫ് 485, യുഡിഎഫ് 240, ബിജെപി 162 എന്നിങ്ങനെയാണ് വോട്ടുനില. ബിജെപി സംസ്ഥാന സമിതി അംഗമായിരുന്ന മാമ്പഴത്തറ സലീം രാജിവച്ച് സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നു. സലീം രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
ശൂരനാട് വടക്ക് സംഗമം വാർഡിൽ സിപിഐയിലെ ബി സുനിൽകുമാർ 169 വോട്ടിനാണ് വിജയിച്ചത്. സുനിൽകുമാർ 510 വോട്ട് നേടി. കോൺഗ്രസിലെ അഡ്വ.സുധികുമാറിനെയാണ് പരാജയപ്പെടുത്തിയത്( 341 വോട്ട്). ബിജെപിയിലെ ഗോപീഷ് 265 വോട്ട് നേടി. യുഡിഎഫ് അംഗമായിരുന്ന വേണു വൈശാലി അന്തരിച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ്.
കോൺഗ്രസിലെ ഷൈനി ജോൺസൺ രാജിവച്ചതിനെത്തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന പെരിനാട് നാന്തിരിക്കൽ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി ബിന്ദു മോൾ 365 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എൽഡിഎഫിന് 703, യുഡിഎഫ് 338,ബിജെപി 44 എന്നിങ്ങനെയാണ് വോട്ടുനില.
ക്ലാപ്പന കിഴക്ക് പതിനൊന്നാം വാർഡിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി സിപിഐ എമ്മിലെ വി ആർ മനുരാജ് വിജയിച്ചു. യു ഡി എഫിലെ വിക്രമനെ 379 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. എൽ ഡി എഫിലെ വി ആർ അനുരാജിന് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരെഞ്ഞെടുപ്പ് വേണ്ടി വന്നത്.
എൽഡിഎഫ് അംഗം ഇന്ദുകല അനിലിന്റെ നിര്യാണത്തെതുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്ന വെളിയം പഞ്ചായത്തിലെ കളപ്പില വാർഡിൽ എൽഡിഎഫിലെ ശിസ സുരേഷ് 269 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫ് - 671,ബിജെപി - 402, യുഡിഎഫ് - 222 എന്നിങ്ങനെയാണ് വോട്ട് നില. എൽഡിഎഫ് കഴിഞ്ഞതവണ വിജയിച്ച വെളിനല്ലൂരിലെ മുളച്ചാൽ വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി നിസാർ വട്ടപ്പാറ 399 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
പത്തനംതിട്ട ജില്ലയിലെ മൂന്നു പഞ്ചായത്ത് വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്ത് എൽഡിഎഫ് വിജയിച്ചു. ഒരുവാർഡ് യുഡിഎഫിൽ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. റാന്നി അങ്ങാടി പഞ്ചായത്തിലെ അഞ്ചാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് എൽഡി എഫ് പിടിച്ചെടുത്തു. ഇതോടെ നറുക്കെടുപ്പിലൂടെ ഭരിച്ച പഞ്ചായത്തിൽ എൽഡി എഫിന് കേവല ഭൂരിപക്ഷമായി. എൽഡിഎഫ് സ്ഥാനാർത്ഥി കുഞ്ഞു മറിയാമ്മയാണ് വിജയി. യുഡിഎഫ് സ്ഥാനാർത്ഥി സാറാമ്മ യെയാണ് പരാജയപ്പെടുത്തിയത്. യുഡിഎഫ് അംഗം വിദേശത്ത് ജോലിക്ക് പോയതാണ് ഒഴിവുവരാൻ കാരണം.
മല്ലപ്പള്ളി കൊറ്റനാട് പഞ്ചായത്തിലെ ഏഴാം വാർഡിൽ എൽഡിഎഫ് വിജയിച്ചു. റോബി ഏബ്രഹാമാണ് (സിപിഐ) വിജയി. തുല്ല്യ വോട്ട് വന്നതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയായിരുന്നു വിജയം. മനോജ് ചരളേൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കോന്നി പഞ്ചായത്തിലെ 18ാം വാർഡിൽ അർച്ചന ബാലൻ (യുഡിഎഫ്) വിജയിച്ചു. എൽഡിഎഫിലെ പി ഗീതയെയാണ് പരാജയപ്പെടുത്തിയത്. യുഡിഎഫ് അംഗത്തിന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.
ആലപ്പുഴ ജില്ലയിൽ ഒരിടത്ത് എൽഡിഎഫും ഒരിടത്ത് യുഡിഎഫും വിജയിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് മണയ്ക്കാട് ഡിവിഷൻ എൽഡിഎഫ് നിലനിർത്തി. കെ വി അഭിലാഷ് കുമാറാണ് (സിപിഐ എം ) വിജയി. ഭൂരിപക്ഷം 634. സുഹൈർ (കോൺഗ്രസ് (ഐ) ആണ് പരാജയപ്പെട്ടത്. ഹരീഷ് കാട്ടൂർ (ബിജെപി ) പി ചന്ദ്രബോസ് (സ്വതന്ത്രൻ) എന്നിവരും മത്സരിച്ചു.
സിപിഐ എമ്മിലെ അഡ്വ.എസ് രാജേഷിന്റെ നിര്യാണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബ്ലോക്ക് പഞ്ചായത്തിലെ 13 സീറ്റുകളിൽ 12 സീറ്റിലും വിജയിച്ചത് എൽ ഡി എഫ് ആണ്. ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്..
മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡായ പെരുംതുരുത്തിൽ യുഡിഎഫിലെ എം വി സുനിൽകുമാർ ( കോൺഗ്രസ് ) വിജയിച്ചു. സനൂപ് കുഞ്ഞുമോനെ (സിപിഐ) യാണ് പരാജയപ്പെടുത്തിയത്. കോൺഗ്രസിലെ ബഷീർ ചക്കനാടന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. ദീപു ചാക്കോമ്പള്ളി (ബിജെപി), അബ്ദുൽ ജബ്ബാർ ചക്കനാടൻ (എസ് ഡി പി ഐ) എന്നിവരും മത്സരിച്ചിരുന്നു.
കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ നഗരസഭയുടെ 35-ാംവാർഡി ( അമ്പലം) ൽ ബിജെപിയുടെ സുരേഷ് ആർ നായർ വിജയിച്ചു. ബിജെപി കൗൺസിലർ വിദേശത്തേക്ക് പോയതിനാലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബിജെപിക്ക് 307 വോട്ടും, എൽഡിഎഫിന് 224 വോട്ടും, യുഡിഫിന് 151 വോട്ടും ലഭിച്ചു. ഇത്തവണ സിപിഐ യുടെ സീറ്റിൽ എൽഡിഎഫ് സ്വതന്ത്രനായി കെ മഹാദേവൻ, യുഡിഎഫിൽ കോൺഗ്രസ് ഐയുടെ എൻ എസ് സുനിൽകുമാർ, എന്നിവർ മൽസരിച്ചിരുന്നു. കഴിഞ്ഞ തവണ ബിജെപി സ്ഥാനാർത്ഥിക്ക് 222 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്നു.
ഇടുക്കി ജില്ലയിലെ മൂന്നു പഞ്ചായത്ത് വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്ത് എൽഡിഎഫ് വിജയിച്ചു. ഉടുമ്പന്നൂർ പഞ്ചായത്ത് വെള്ളാന്താനം വാർഡ് 30 വർഷത്തിന് ശേഷം യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിലെ ജിൻസി സാജൻ 233 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫിലെ മിനി ബെന്നിയെ പരാജയപ്പെടുത്തി. ജിൻസി സാജന് 612 ഉം മിനി ബെനിക്ക് 381 ഉം ബിജെപിയിലെ കെ കെ ഷൈനി മോൾ 59 വോട്ടും നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസിലെ ബിന്ദു സജീവ് വിദേശത്ത് പോയതിനാലായിരുന്നു ഉപതെരഞ്ഞെടുപ്പ് .
അയ്യപ്പൻ കോവിൽ പഞ്ചായത്ത് നാലാം വാർഡ് ചേമ്പളത്ത് എൽഡിഎഫ് സ്ഥാനാർത്ഥി ഷൈമോൾ രാജൻ വിജയിച്ചു, യു ഡി എഫിലെ സുനിത ബിജു എൻ ഡി എ യിലെ സി എച്ച് ആശാമോൾ എന്നിവരാണ് മത്സരിച്ചത്. ആകെയുള്ള 13 സീറ്റിൽ എട്ടും നേടി എൽഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന സിപിഐ യിലെ മിനിമോൾ നന്ദകുമാർ രാജിവെച്ചതോടെയായിരുന്നു തെരഞ്ഞെടുപ്പ്.
ഇടമലക്കുടി ഗ്രാമ പഞ്ചായത്ത് ആണ്ടവൻകുടി വാർഡിൽ നിമലാവതി കണ്ണൻ (ബിജെപി) വിജയിച്ചു. പാർവ്വതി പരമശിവൻ (എൽഡിഎഫ്) രമ്യ ഗണേശൻ (യുഡിഎഫ്) എന്നിവരായിരുന്നു മറ്റ് സ്ഥാനാർത്ഥികൾ. ബിജെപി അംഗം കാമാക്ഷിയുടെ മരണത്തെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്.
എറണാകുളം ജില്ലയിലെ കുന്നത്തുനാട് പഞ്ചായത്ത് 11 -ാം വാർഡ് (വെമ്പിള്ളി) യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർത്ഥി എൻ ഒ ബാബുവാണ് വിജയി. പി പി ജോർജ് (യുഡിഎഫ്) എൽദോ പോൾ (ട്വന്റി20) എന്നിവരായിരുന്നു മറ്റ് സ്ഥാനാർത്ഥികൾ. ആകെയുള്ള 19 സീറ്റിൽ 11ൽ ട്വന്റി - 20, അഞ്ചിടത്ത് യുഡിഎഫ്, ഒന്നിൽ എൽഡിഎഫ് എന്നതാണ് കക്ഷിനില. കോൺഗ്രസ് അംഗമായിരുന്ന ജോസ് ജോർജ് മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
കൊച്ചി കോർപറേഷനിലെ എറണാകുളം സൗത്ത് 62-ാംഡിവിഷനിൽ പത്മജ എസ് മേനോൻ (ബിജെപി) വിജയിച്ചു. അശ്വതി എസായിരുന്നു എൽഡിഎഫ് സ്വതന്ത്രസ്ഥാനാർത്ഥി. അനിത വാര്യർ ആണ് യുഡിഎഫിൽ നിന്ന് മത്സരിച്ചത്. ബിജെപി അംഗം മിനി ആർ മേനോൻ അന്തരിച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. 2015ൽ കോൺഗ്രസിന്റെ സീറ്റായിരുന്നു. 74 അംഗ കൗൺസിലിൽ എൽഡിഎഫിന് സ്വതന്ത്രരുടെ ഉൾപ്പെടെ 38 പേരുടെ പിന്തുണയുണ്ട്. യുഡിഎഫ്-31, ബിജെപി -4 എന്നിങ്ങനെയാണ് കക്ഷിനില.
തൃപ്പൂണിത്തുറ നഗരസഭാ 11-ാം ഡിവിഷനിൽ (ഇളമനത്തോപ്പ്) ബിജെപി സ്ഥാനാർത്ഥി വള്ളി രവി വിജയിച്ചു. പ്രതീഷ് ഇ ടി (എൽഡിഎഫ്), ഷിബു മലയിൽ (യുഡിഎഫ്), എന്നിവരെയാണ് പരാജയപ്പെടുത്തിയത്. സിപിഐ എം ഏരിയ കമ്മിറ്റി അംഗവും നഗരസഭാ സ്ഥിരംസമിതി അധ്യക്ഷനുമായിരുന്ന കെ ടി സൈഗാൾ അന്തരിച്ച ഒഴിവിലായിരുന്നു. 46-ാം ഡിവിഷനിൽ (പിഷാരി കോവിൽ) രതി രാജു (ബിജെപി) വിജയിച്ചു. സംഗീത സുമേഷ് (എൽഡിഎഫ്) , ശോഭന തമ്പി (യുഡിഎഫ്), എന്നിവരാണ് പരാജയപ്പെട്ടത്. എൽഡിഎഫ് അംഗം രാജമ്മ മോഹൻ അന്തരിച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്.
നെടുമ്പാശേരി പഞ്ചായത്ത് 17-ാംവാർഡിൽ (അത്താണി ടൗൺ) ജോബി നെൽക്കര (യുഡിഎഫ്) വിജയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി. ഡോ. എം പി ആന്റണിയെയാണ് പരാജയപ്പെടുത്തിയത്. ജോഷി പൗലോസ് ആയിരുന്നു ബിജെപി സ്ഥാനാർത്ഥി. കോൺഗ്രസ് അംഗം പി വൈ വർഗീസ് രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. അദ്ദേഹത്തെ പിന്നീട് ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. ആകെയുള്ള 19 സീറ്റിൽ എൽഡിഎഫ്-9, കോൺഗ്രസ്-8, സ്വതന്ത്രൻ-1 എന്നതാണ് കക്ഷിനില.
വാരപ്പെട്ടി പഞ്ചായത്ത് വാർഡ് ആറിൽ (മൈലൂർ) യുഡിഎഫിലെ കെ കെ ഹുസൈൻ വിജയിച്ചു. എൽഡിഎഫിലെ ഷിബു വർക്കിയെയാണ് തോൽപ്പിച്ചത്. യുഡിഎഫ് സ്വതന്ത്രൻ സി കെ അബ്ദുൽ നൂർ അന്തരിച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. 13 സീറ്റിൽ എൽഡിഎഫ്-3, യുഡിഎഫ്-8, എൻഡിഎ-1 എന്നതാണ് കക്ഷിനില.
തൃശൂരിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻ നേട്ടം. ആറിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ നാലിടത്തും എൽഡിഎഫ് വിജയിച്ചു. കഴിഞ്ഞ തവണ യുഡിഎഫ് വിജയിച്ച തൃക്കൂർ ആലേങ്ങാട് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു.
വടക്കാഞ്ചേരി നഗരസഭ 13-ാം ഡിവിഷൻ ഒന്നാംകല്ലിൽ മല്ലിക സുരേഷ് യുഡിഎഫിലെ സിന്ധു സുബ്രഹ്മണ്യനെ 27 വോട്ടിന് പരാജയപ്പെടുത്തി. ഇരിങ്ങാലക്കുട ബ്ലോക്ക് ആനന്ദപുരം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഷീന രാജൻ, യുഡിഎഫിലെ ശാലിനി ഉണ്ണികൃഷ്ണനെ 597 വോട്ടിന് പരാജയപ്പെടുത്തി.
തൃക്കൂർ പഞ്ചായത്ത് ഒമ്പതാം വാർഡ് ആലേങ്ങാടിൽ എൽഡിഎഫിലെ ലിന്റോ തോമസ് അട്ടിമറി വിജയം കുറിച്ചു. യുഡിഎിലെ മാത്യു ഇലവുങ്കലിനെ 285 വോട്ടിനാണ് പരാജയപ്പെടുത്തിയത്. നിലവിൽ യുഡിഎഫ് വിജയിച്ച വാർഡ് എൽഡിഎഫ് തിരിച്ചു പിടിക്കുകയായിരുന്നു.
മുരിയാട് പഞ്ചായത്തിൽ തുറവങ്കാട് വാർഡിൽ എൽഡിഎഫിലെ റോസ്മി ജയേഷ് യുഡിഎഫിലെ ഷീജ ജോർജിനെ 45വോട്ടിനു പരാജയപ്പെടുത്തി.
കുഴൂർ പഞ്ചായത്തിലെ കുഴുർ സീറ്റ് യുഡിഎഫ് നിലനിർത്തി. എൽഡിഎഫിലെ ജെൻസൻ തെറ്റയിലിനെ യുഡിഎഫിലെ സേതുമോൻ ചിറ്റേത്ത് 185 വോട്ടിന് പരാജയപ്പെടുത്തി. ഇവിടെ യുഡിഎഫിന്റെ നിലവിലെ ഭൂരിപക്ഷം കുറയുകയും ചെയ്തു.
പാലക്കാട് ജില്ലയിൽ രണ്ട് വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഐ എം സ്ഥാനാർത്ഥികൾക്ക് ജയം. പല്ലശ്ശന പഞ്ചായത്തിലെ 11 -ാം വാർഡ് കൂടല്ലുർ ബിജെപിയിൽ നിന്ന് സിപിഐ എമ്മിന്റെ കെ മണികണ്ഠൻ തിരിച്ചുപിടിച്ചു. ചെർപ്പുളശേരി നഗരസഭ 23 -ാം വാർഡ് കോട്ടക്കുന്നിൽ 419 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഐ എമ്മിന്റെ ബിജീഷ് കണ്ണൻ വിജയിച്ചത്. പോൾ ചെയ്ത വോട്ട് - 793. ബിജീഷ് കണ്ണൻ - 587. യുഡിഎഫ് - 168, ബിജെപി - 38. കൂടല്ലൂർ വാർഡിൽ ഭൂരിപക്ഷം: 65. പോൾ ചെയ്ത വോട്ട് - 1114. കെ മണികണ്ഠൻ - 559, ബിജെപി 494, യുഡിഎഫ് 61. രണ്ടിടത്തും എൽഡിഎഫാണ് ഭരണത്തിൽ.
മലപ്പുറം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് വാർഡുകളിൽ രണ്ടെത്തിൽ യുഡിഎഫും ഒന്നിൽ എൽഡിഎഫും ജയിച്ചു. വള്ളിക്കുന്ന് പഞ്ചായത്ത് ഒമ്പതാം വാർഡ് യുഡിഎഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ ആലങ്കോട് പഞ്ചായത്തിലെ ഉദിനു വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. കണ്ണമംഗലം പഞ്ചായത്തിലെ 19 -ാം വാർഡ് യുഡിഎഫ് നിലനനിർത്തി.
വള്ളിക്കുന്ന് പരുത്തിക്കാട് മേലയിൽ യുഡിഎഫ് സിറ്റിങ് സീറ്റിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി എം രാധാകൃഷ്ണൻ 280 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യുഡിഎഫ് അംഗമായിരുന്ന കെ വിനോദ്കുമാർ രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. നിലവിൽ പഞ്ചായത്ത് ഭരിക്കുന്നത് എൽഡിഎഫാണ്. 23 അംഗ ഭരണ സമിതിയിൽ എൽഡിഎഫന് 14 അംഗങ്ങളും യുഡിഎഫിന് ഒമ്പത് അംഗങ്ങളുമാണുള്ളത്.
ആലങ്കോട് ഉദിനു വാർഡിൽ യുഡിഎഫിലെ ശശി പൂക്കേപ്പുറത്ത് 215 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കണ്ണമംഗലം 19-ാം വാർഡിൽ യുഡിഎഫിലെ സി കെ അഹമ്മദ് 273 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ 14-ാം ഡിവിഷൻ വാരിക്കുഴിത്താഴം ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ സി സോജിത്ത് 418 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. യു ഡിഎഫ് സ്ഥാനാർത്ഥി ഹരിദാസൻ കുടക്കഴിയിലിന് 115 വോട്ടും. ബിജെപി സ്ഥാനാർത്ഥിയായി കെ അനിൽ കുമാറിന് 88 വോട്ടും ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 340 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് വിജയിച്ചത്.
വാരിക്കുഴിത്താഴത്തെ കൗൺസിലർ കെ ബാബു സിപിഐ എം താമരശേരി ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ കൗൺസിലർ സ്ഥാനം രാജിവെച്ചതിതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കൊടുവള്ളിയിലെ എൽ ഡി എഫിന്റ ഉറച്ച കോട്ടയിൽ പത്രപ്രവർത്തകനും സിപിഐ എം വാരിക്കുഴിത്താഴം ബ്രാഞ്ച്അംഗവുമായ കെ സി സോജിത്താണ് സിപിഐ എം സ്ഥാനാർത്ഥിയായി നിർത്തിയത്. ഏറെകാലം ദേശാഭിമാനി താമരശേരി ലേഖകനായും പിആർഡിയിലും പ്രവർത്തിച്ചിരുന്ന സോജിത്തിന്റെ ജനകീയതയാണ് എൽഡിഎഫിന് ഭൂരിപക്ഷം വർദ്ധിപ്പിച്ചത്.
കണ്ണൂർ ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 5 വാർഡുകളിൽ മൂന്നിടത്തും എൽഡിഎഫിന് വൻ വിജയം. യുഡിഎഫും ബിജെപിയും ഓരോ വാർഡ് വീതം നേടി. പയ്യന്നൂർ നഗരസഭയിലെ മുതിയലം, കുറുമാത്തൂർ പഞ്ചായത്തിലെ പുല്ലാഞ്ഞിയൂർ, മുഴുപ്പിലങ്ങാട് പഞ്ചായത്തിലെ തെക്കേ കുന്നുംപുറം വാർഡുകളിലാണ് എൽഡിഎഫ് ജയിച്ചത്.മുതിയലത്ത് സിപിഐ എമ്മിലെ പി ലതയും പുല്ലാഞ്ഞിയോട് വാർഡിൽ എൽഡിഎഫിലെ വി രമ്യയും തെക്കേ കുന്നുംപുറത്ത് എൽഡിഎഫിലെ കെ രമണിയും വിജയിച്ചു.
കണ്ണൂർ കോർപറേഷനിലെ കക്കാട് വാർഡിൽ മുസ്ലിം ലീഗിലെ പി കൗലത്തും മാങ്ങാട്ടിടം പഞ്ചായത്തിലെ നീർവേലിയിൽ ബിജെപിയുടെ ഷിജു ഒറോകണ്ടിയും സീറ്റ് നിലനിർത്തി. പയ്യന്നൂർ നഗരസഭ ഒമ്പതാം വാർഡ് മുതിയലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി വിജയംനേടി. 828 വോട്ടിന്റെ ഭൂരിപക്ഷമാണ് സിപിഐ എം സ്ഥാനാർത്ഥി പി ലതയ്ക്ക് ലഭിച്ചത്. 2020ൽ നടന്ന തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 644 വോട്ട് മാത്രമായിരുന്നു. യുഡിഎഫ്, ബിജെപി സ്ഥാനാർത്ഥികൾക്ക് യഥാക്രമം 102, 86 വീതം വോട്ട് മാത്രമാണ് കിട്ടിയത്.
തൃപ്പൂണിത്തുറയിൽ ബിജെപിയുടെ അട്ടിമറി വിജയം
എറണാകുളം ജില്ലയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി എൽഡിഎഫിനെ ഞെട്ടിക്കുന്ന വിജയമാണ് നേടിയത്. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ആറു വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ മൂന്നിടത്തു ബിജെപിക്കു വിജയം. രണ്ടിടത്ത് യുഡിഎഫും ഒരു വാർഡിൽ എൽഡിഎഫും ജയിച്ചു. കൊച്ചി കോർപറേഷൻ എറണാകുളം സൗത്ത് ഡിവിഷൻ, തൃപ്പൂണിത്തുറ നഗരസഭയിലെ ഇളമനത്തോപ്പ്, പിഷാരിക്കോവിൽ വാർഡുകൾ എന്നിവിടങ്ങളിലാണു ബിജെപി വിജയിച്ചത്.
തൃപ്പൂണിത്തുറ നഗരസഭയിൽ സിറ്റിങ് സീറ്റുകളിൽ പരാജയപ്പെട്ടതോടെ എൽഡിഎഫിനു കേവല ഭൂരിപക്ഷം നഷ്ടമായി. വാരപ്പെട്ടി പഞ്ചായത്തിലെ മൈലൂർ, നെടുമ്പാശേരി പഞ്ചായത്തിലെ അത്താണി ടൗൺ വാർഡുകളിൽ യുഡിഎഫ് വിജയിച്ചു. അത്താണി ടൗണിൽ വിജയിച്ചതോടെ നെടുമ്പാശേരി പഞ്ചായത്തിലെ ഭരണം യുഡിഎഫ് നിലനിർത്തി. കുന്നത്തുനാട് പഞ്ചായത്തിലെ വെമ്പിള്ളി വാർഡ് യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു.
കൊച്ചി കോർപറേഷൻ എറണാകുളം സൗത്ത് 62ാം ഡിവിഷനിലേയ്ക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ പത്മജ എസ്.മേനോൻ ജയിച്ചു. യുഡിഎഫിന്റെ അനിത വാരിയരെ 75 വോട്ടിനു തോൽപ്പിച്ചാണു ബിജെപി വിജയത്തുടർച്ച നേടിയത്. സിപിഐയുടെ സ്വതന്ത്ര സ്ഥാനാർത്ഥി അശ്വതി സത്യന് 328 വോട്ടാണു ലഭിച്ചത്. പത്മജ 974 വോട്ട് പിടിച്ചപ്പോൾ അനിതയ്ക്ക് 899 വോട്ടു മാത്രമേ നേടാനായുള്ളൂ.
തൃപ്പൂണിത്തുറ നഗരസഭയിലേയ്ക്ക് ഉപതിരഞ്ഞെടുപ്പു നടന്ന രണ്ടു സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികൾ ജയിച്ചു. എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണു ബിജെപി പിടിച്ചെടുത്തത്. 11-ാം വാർഡിൽ വള്ളി രവി, 46-ാം വാർഡിൽ രതി രാജു എന്നിവരാണ് ജയിച്ചത്. 11-ാം വാർഡ് കൗൺസിലറായിരുന്ന സിപിഎമ്മിലെ കെ.ടി.സൈഗാൾ, 46-ാം വാർഡ് കൗൺസിലറായിരുന്ന സിപിഎമ്മിലെ രാജമ്മ മോഹനൻ എന്നിവരുടെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പുണ്ടായത്. എൽഡിഎഫ്: 23, ബിജെപി: 17, യുഡിഎഫ്: 8, സ്വതന്ത്രൻ: 1 എന്നിങ്ങനെയാണ് ഇവിടെ കക്ഷിനില.
നെടുമ്പാശേരി 17ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ജോബി നെൽക്കര 274 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇതോടെ ത്രിശങ്കുവിലായിരുന്ന കോൺഗ്രസിന് ഭരണം ഉറപ്പിക്കാനായി. വാരപ്പെട്ടി പഞ്ചായത്ത് ആറാം വാർഡ് യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ കെ.കെ.ഹുസൈൻ 25 വോട്ടിനാണു ജയിച്ചത്. ട്വന്റി20 ഭരിക്കുന്ന കുന്നത്തുനാട് പഞ്ചായത്ത് വാർഡ് 11ൽ എൽഡിഎഫ് സ്ഥാനാർത്ഥി എൻ.ഒ.ബാബു 139 വോട്ടിനു വിജയിച്ചു.
മറുനാടന് മലയാളി ബ്യൂറോ