തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശഭരണ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ നവംബർ രണ്ടിനും, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ നവംബർ അഞ്ചിനുമായിരിക്കും തിരഞ്ഞെടുപ്പ്. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരും വിജ്ഞാപനം പുറപ്പെടുവിച്ചു.

രാവിലെ ഏഴു മുതൽ വൈകുന്നേരം അഞ്ചുവരെയാണ് വോട്ടെടുപ്പ് സമയം. നാമനിർദ്ദേശ പത്രിക ബന്ധപ്പെട്ട വരണാധികാരികൾ ബുധനാഴ്ച മുതൽ സ്വീകരിച്ച് തുടങ്ങി. ഒക്‌ടോബർ 14 ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന ദിവസം. ഒക്‌ടോബർ 15ന് സൂക്ഷ്മപരിശോധന നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഒക്‌ടോബർ 17 ആണ്. തിരഞ്ഞെടുപ്പ് നവംബർ 17ന് പൂർത്തിയാകുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.