- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടെടുപ്പ് സമാധാനപരവും നീതിപൂർവ്വകവുമായി നടത്തുന്നതിനും ക്രമസമാധാനപാലനത്തിനുമായി സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങളനുസരിച്ചുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി സംസ്ഥാന പൊലീസ് മേധാവി ടി.പി.സെൻകുമാർ അറ
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടെടുപ്പ് സമാധാനപരവും നീതിപൂർവ്വകവുമായി നടത്തുന്നതിനും ക്രമസമാധാനപാലനത്തിനുമായി സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങളനുസരിച്ചുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി സംസ്ഥാന പൊലീസ് മേധാവി ടി.പി.സെൻകുമാർ അറിയിച്ചു.
രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിൽ സുരക്ഷയ്ക്കും ക്രമസമാധാനപാലനത്തിനുമായി വനിതാ ഉദ്യോഗസ്ഥരുൾപ്പെടെ ആദ്യഘട്ടത്തിൽ 38000 പേരെയും രണ്ടാംഘട്ടത്തിൽ 42000 പേരെയും വിന്യസിക്കും. ഇതിൽ ആദ്യഘട്ടത്തിൽ ഡ്യൂട്ടിക്കു നിയോഗിക്കപ്പെടുന്ന 30000 പേരും രണ്ടാംഘട്ടത്തിൽ ഡ്യൂട്ടിക്കു നിയോഗിക്കപ്പെടുന്ന 32000 പേരും സംസ്ഥാന പൊലീസ് സേനാംഗങ്ങളാണ്.
ശേഷിക്കുന്നവർ എക്സൈസ്, വനം, മറൈൻ, മോട്ടോർ വെഹിക്കിൾ തുടങ്ങിയ ഇതര യൂണിഫോം സേനകൾ, സ്പെഷ്യൽ പൊലീസ് ഓഫീസർമാർ, ഹോംഗാർഡുകൾ എന്നീ വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഇവയ്ക്കെല്ലാം പുറമെ കർണാടക സംസ്ഥാനത്തുനിന്നും 10 കമ്പനി പൊലീസ് സേനാംഗങ്ങളെയും വിവിധ സ്ഥലങ്ങളിൽ വിന്യസിക്കും.
നവംബർ രണ്ടിന് ആദ്യഘട്ട വോട്ടെടുപ്പു നടക്കുന്ന തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 38000 പേരെ വിന്യസിച്ചു കഴിഞ്ഞു. നവംബർ അഞ്ചിന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ 42000 പേരെ വിന്യസിക്കും. കേരളത്തിൽ നടന്നിട്ടുള്ള മുൻ തദ്ദേശസ്വയംഭരണ തെരഞ്ഞടുപ്പുകളിൽ വിന്യസിച്ചിട്ടുള്ളതിലുമധികം പേരെ ഇത്തവണ നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
തെരഞ്ഞെടുപ്പ് സമാധാനപരമായും സുഗമമായും നടക്കുന്നുവെന്ന് ഉറപ്പുവരുത്താൻ അവശ്യം വേണ്ട ജാഗ്രതപുലർത്തണമെന്ന് എല്ലാ ജില്ലാപൊലീസ് മേധാവിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നതിനോ അക്രമങ്ങൾ നടത്തുന്നതിനോ മറ്റുതരത്തിലുള്ള അനിഷ്ടസംഭവങ്ങളുണ്ടാക്കുന്നതിനോ ഉള്ള ഏതൊരു ശ്രമത്തേയും കർശനമായി നേരിടണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. വോട്ടെടുപ്പ് സ്വതന്ത്രവും നീതിപൂർവ്വകവുമായി പൂർത്തിയാക്കുന്നതിന് ബൂത്തുതല സുരക്ഷയ്ക്കു പുറമേ അഞ്ച് കമ്പനി ഡിജിപി സ്ട്രൈക്കിങ് ഫോഴ്സ്, രണ്ട് കമ്പനി സോണൽ ലവൽ സ്ട്രൈക്കിങ് ഫോഴ്സ്, നാല് കമ്പനി റേഞ്ച് ലവൽ സ്ട്രൈക്കിങ് ഫോഴ്സ് എന്നിവയെയും നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമേ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് രണ്ടു ഘട്ടങ്ങളിലായി ഇരുനൂറ്റി എഴുപത്തിയഞ്ചിൽപ്പരം ഇല്ക്ഷൻ സർക്കിൾ സ്ട്രൈക്കിങ് ഫോഴ്സിനെയും നൂറോളം സബ് ഡിവിഷൻ സ്ട്രൈക്കിങ് ഫോഴ്സിനെയും 19 ജില്ലാ പൊലീസ് ചീഫ് സ്ട്രൈക്കിങ് ഫോഴ്സിനെയും നിയോഗിച്ചിട്ടുണ്ട്.
സമാധാനലംഘനത്തിനോ അക്രമത്തിനോ ഉള്ള ഏതൊരു ശ്രമത്തിനെതിരെയും തൽക്ഷണ നടപടി കൈക്കൊള്ളുന്നതിനായി വോട്ടെടുപ്പുദിവസങ്ങളിൽ രണ്ടു ഘട്ടങ്ങളിലുമായി രണ്ടായിരത്തോളം ഗ്രൂപ്പ് പട്രോൾ സംഘങ്ങളും തൊള്ളായിരത്തിൽപ്പരം ക്രമസമാധാനപാലന പട്രോൾ സംഘങ്ങളും രംഗത്തുണ്ടാകും. കുറ്റവാളികളെയും ആക്രമികളെയും കണ്ടെത്തുന്നതിനും അനിഷ്ട സംഭവങ്ങൾ കൈയോടെ പകർത്തുന്നതിനുമായി ഗ്രൂപ്പ് പട്രോൾ സംഘങ്ങൾക്ക് വീഡിയോ ക്യാമറകളും നൽകും. രണ്ടുഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിൽ ആകെയുള്ള 34424 പോളിങ് ബൂത്തുകളിൽ 4843 ബൂത്തുകൾ പ്രശ്നസാധ്യതകളുള്ളവയാണ്. ഇവിടങ്ങളിൽ അധികസുരക്ഷ ഏർപ്പെടുത്തും മാവോയിസ്റ്റുകളെ നേരിടുന്നതിനുള്ള സംവിധാനം ഇലക്ഷൻ ഡ്യൂട്ടികൾക്കായി മാറ്റുന്നില്ലെന്നും അവ നിലവിലുള്ള രീതിയിൽത്തന്നെ തുടരുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സംസ്ഥാന പൊലീസ് ആസ്ഥാനത്ത് ഇലക്ഷൻ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. ഫോൺ നമ്പർ. 0471 2726869.
ഇതോടൊപ്പം എല്ലാ ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലും കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ വയർലെസ്, മൊബൈൽ, ഇന്റർനെറ്റ് സംവിധാനങ്ങളോടുകൂടിയ വാർത്താവിനിമയ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കൺട്രോൾ റൂമുകളിലും ഈ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പുകഴിഞ്ഞുള്ള സുരക്ഷയ്ക്കുള്ള നടപടികളും കൈക്കൊണ്ടുകഴിഞ്ഞു. എല്ലാ കൗണ്ടിങ് സെന്ററുകൾക്കും ത്രീടയർ സുരക്ഷ ഏർപ്പെടുത്തും. വോട്ടെടുപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഘർഷങ്ങളും അതേത്തുടർന്നുണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങളും നേരിടുന്നതിന് വോട്ടെടുപ്പിന് ശേഷമുള്ള സുരക്ഷാ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. തെരഞ്ഞെടുപ്പ് സുഗമമാക്കുന്നതിനുള്ള പൊലീസിന്റെ സജ്ജീകരണങ്ങൾക്കും നടപടികൾക്കും എല്ലാവിധ പിന്തുണയും എല്ലാ വിഭാഗങ്ങളും നല്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ജില്ലാ പൊലീസ് ഇലക്ഷൻ കൺട്രോൾ റൂം നമ്പറുകൾ: തിരുവനന്തപുരം സിറ്റി 0471 2322682. തിരുവനന്തപുരം റൂറൽ 0471 2300304. കൊല്ലം സിറ്റി 0474 2744165. കൊല്ലം റൂറൽ 0474 2450858. പത്തനംതിട്ട 0468 2222927. ആലപ്പുഴ 0477 2237826. ഇടുക്കി 0486 2232354. കോട്ടയം 0481 2564700. കൊച്ചി സിറ്റി 0484 2385002. എറണാകുളം റൂറൽ 9497990072 . തൃശ്ശൂർ സിറ്റി 0487 2327574. തൃശ്ശൂർ റൂറൽ 9497990316. പാലക്കാട് 9497934159. മലപ്പുറം 9497963157. കോഴിക്കോട് സിറ്റി 0495 2721831. കോഴിക്കോട് റൂറൽ 0496 2523041. വയനാട് 04936 202525. കണ്ണൂർ 0497 2763332. കാസർഗോഡ് 04994 257371