- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാറിന്റെ കള്ളക്കളി തുടരുന്നു; തദ്ദേശ തെരഞ്ഞടുപ്പ് നവംബർ 20നു ശേഷം നടത്താമെന്നു പുതിയ വാദം; 23നോ 25നോ തെരഞ്ഞെടുപ്പിന് ഒരുക്കമെന്നു കാട്ടി കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 20നു ശേഷം നടത്താമെന്നു സർക്കാർ. നവംബർ 23നോ 25നോ നടത്താമെന്നാണ് സർക്കാർ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയിൽ സത്യവാങ്മൂലം നൽകാൻ ഒരുങ്ങുകയാണു സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും കൂടിയാലോചന നടത്തിയതിനു ശേഷമാണ് ഈ തീരുമാനത്തിൽ എത്തി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 20നു ശേഷം നടത്താമെന്നു സർക്കാർ. നവംബർ 23നോ 25നോ നടത്താമെന്നാണ് സർക്കാർ പറയുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയിൽ സത്യവാങ്മൂലം നൽകാൻ ഒരുങ്ങുകയാണു സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും കൂടിയാലോചന നടത്തിയതിനു ശേഷമാണ് ഈ തീരുമാനത്തിൽ എത്തിയത്.
28 മുനിസിപ്പാലിറ്റികൾ കൂടി തെരഞ്ഞെടുപ്പിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെടും. 23നോ 25നോ തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കിൽ വരും ദിവസങ്ങളിൽ വോട്ടെണ്ണൽ പൂർത്തിയാക്കി ഡിസംബർ 1ന് പുതിയ ഭരണസമിതികൾ ചുമതലയിൽ എത്തുന്ന രീതിയിൽ സമയക്രമം നടത്താൻ സാധിക്കുമെന്ന നിലപാടിലാണു സർക്കാർ.
ഈ നിലപാട് കോടതിയെ അറിയിക്കുന്നതിനു മുൻപു തിരഞ്ഞെടുപ്പ് കമ്മിഷനുമായി കൂടിയാലോചന നടത്തും. സർക്കാർ നൽകുന്ന സത്യവാങ്മൂലത്തെ എതിർക്കില്ലെന്നു കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിരുന്നു. നവംബർ 23നു തിരഞ്ഞെടുപ്പിലേക്കു നീങ്ങുകയാണെങ്കിൽ അതിനു മുൻപു വാർഡ് പുനർവിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങളെല്ലാം പൂർത്തീകരിക്കേണ്ടതിനെ സംബന്ധിച്ചും വകുപ്പുകൾക്കുള്ളിൽ ധാരണയായിട്ടുണ്ടെന്നാണ് സൂചന.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാകും അടുത്തമാസം മൂന്നിനു സർക്കാർ കോടതിയെ സമീപിക്കുക. തുടർന്നു കോടതിയുടെ നിർദ്ദേശമനുസരിച്ച് സർക്കാർ രണ്ടാം ഘട്ടത്തിലുള്ള പ്രവർത്തനത്തിലേക്കു കടക്കും.
മുസ്ലിംലീഗിന്റെ ഭാഗത്തു നിന്നുള്ള കടുത്ത സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഏറ്റുമുട്ടലിന്റെ വഴിയേ നീങ്ങിയത്. സർക്കാരിന്റെ പിടിവാശി കൃത്യസമയത്തു തെരഞ്ഞെടുപ്പ് നടക്കാത്ത അവസ്ഥയിലേക്ക് എത്തിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഏതാണ്ട് ഇങ്ങനെ തന്നെയാകും കാര്യങ്ങളെന്നാണ് കോടതിയിൽ സമർപ്പിക്കാനുദ്ദേശിക്കുന്ന സത്യവാങ്മൂലത്തിന്റെ വാർത്ത പുറത്തുവന്നതോടെ വ്യക്തമാകുന്നത്.
ഒരു മാസത്തേക്കാണ് തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ സർക്കാർ ആവശ്യപ്പെടുന്നത്. പുതുതായി രൂപം നൽകിയ 28 മുൻസിപ്പാലിറ്റികളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കില്ലെന്ന നിലപാട് ഇലക്ഷൻ കമ്മീഷൻ സ്വീകരിച്ചതോടെയാണ് സർക്കാർ ഇക്കാര്യത്തിൽ പിടിവാശി തുടരുന്നത്. ഒരു മാസത്തേക്ക് തിരഞ്ഞെടുപ്പ് നീട്ടണമെന്ന് കോടതിയിൽ ആവശ്യപ്പെടാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗവും തീരുമാനിച്ചിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തിൽ ആദ്യമാണ് ഇത്തരത്തിലൊരു പ്രതിസന്ധി ഉടലെടുക്കുന്നത്. നവംബർ 1ന് ഇപ്പോഴത്തെ സമിതികൾ അസാധുവാകും. തെരഞ്ഞെടുപ്പ് വൈകിയാൽ ഉദ്യോഗസ്ഥ ഭരണവും വേണ്ടിവരും. ഇത് ഒഴിവാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ. എന്നാൽ മുമ്പത്തെ വാർഡുകൾ ഇടത് സർക്കാർ വിഭജിച്ചവയാണ്. അവിടെ സിപിഎമ്മിന് വ്യക്തമായ സ്വാധീനമുണ്ട്. അതുകൊണ്ട് തന്നെ പുതിയ വാർഡുകൾ വേണം എന്ന നിലപാടാണ് യുഡിഎഫിന്. മുസ്ലിം ലീഗിനാണ് ഇക്കാര്യത്തിൽ പിടിവാശി.

