- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് ശനിയാഴ്ച്ച മുതൽ സമ്പൂർണ ലോക്ക് ഡൗൺ; മെയ് 16 വരെ കേരളം പൂർണമായും അടച്ചിടും; മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമുള്ള അറിയിപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു; തീരുമാനം നിലവിലുള്ള മിനി ലോക്ക് ഡൗൺ കോവിഡ് വ്യാപനം കുറയ്ക്കാൻ പര്യാപ്തമല്ലെന്ന വിദഗ്ദ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; വിശദമായ ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ വൈകീട്ട് പുറത്തിറങ്ങും
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച്ച മുതൽ സമ്പൂർണ ലോക്ക് ഡൗൺ. മെയ് 16 വരെ കേരളം പൂർണമായും അടച്ചിടും. ഒമ്പത് ദിവസത്തേക്കാണ് സർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നത്. മെയ് എട്ടിന് രാവിലെ 6 മുതൽ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ ആയിരിക്കും. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് മാധ്യമങ്ങളെ അറിയിച്ചു.
നിലവിലുള്ള മിനി ലോക്ക് ഡൗൺ രോഗവ്യാപനം കുറയ്ക്കാൻ പര്യാപ്തമല്ലെന്നാണ്, പൊലീസും ആരോഗ്യ വകുപ്പും നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സമ്പൂർണ അടച്ചിടൽ തീരുമാനത്തിലേക്ക് സർക്കാർ കടന്നിരിക്കുന്നത്. സർവകക്ഷി യോഗത്തിലെ തീരുമാന പ്രകാരമാണ് സംസ്ഥാനത്ത് സമ്പൂർണ അടച്ചിൽ വേണ്ടെന്ന് സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നത്. പകരം ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങളോടെ മിനി ലോക്കഡൗൺ പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ ഇതു ഫലം ചെയ്യുന്നില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. ആരോഗ്യ വകുപ്പും ഇതേ അഭിപ്രായത്തിലാണ്.
കോവിഡ് വ്യാപനം തടയാൻ രണ്ടാഴ്ചയെങ്കിലും സംസ്ഥാനത്ത് അടച്ചിടൽ വേണമെന്ന് ഡോക്ടർമാരുടെ സംഘടനകൾ അഭിപ്രായപ്പെട്ടിരുന്നു. ആരോഗ്യവകുപ്പിനും ഇപ്പോൾ ഇതേ അഭിപ്രായമാണെന്നാണ് റിപ്പോർട്ടുകൾ. ഇതുകൂടി പരിഗണിച്ചാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് നിലവിൽ ഓക്സിജൻ പ്രതിസന്ധി ഇല്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വരും ദിവസങ്ങളിൽ സാഹചര്യം കൂടുതൽ വഷളാവുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമായിരിക്കും തുറക്കുക. ഇതിന് പ്രത്യേക സമയം നിശ്ചയിക്കും. ആശുപത്രി, കോവിഡ് പ്രതിരോധം തുടങ്ങിയ അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും അനുമതി ഉണ്ടായിരിക്കുക. നിയന്ത്രണങ്ങൾ സംബന്ധിച്ച സർക്കാരിന്റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചയായി വലിയ തോതിൽ രോഗികളുടെ എണ്ണം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ലോക്ക്ഡൗൺ. കഴിഞ്ഞ ദിവസം മാത്രം നാൽപതിനായിരത്തിലേറെ രോഗികളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 25.69 ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് നിയന്ത്രിക്കാനാണ് സർക്കാർ ശ്രമം.
കോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ സംസ്ഥാനത്തെ ഐ.സി.യുവുകളും വെന്റിലേറ്ററുകളും നിറയുന്നു. സർക്കാർ ആശുപത്രികൾക്ക് പുറമെ, സ്വകാര്യ ആശുപത്രികളിലെ സ്ഥിതിയും വ്യത്യസ്തമല്ല. തിരുവനന്തപുരം മെഡിക്കൽ കോളജിൽ 134 വെന്റിലേറ്ററുകളിൽ ബാക്കിയുള്ളത് നാലെണ്ണം. 161 ഐ.സി.യു കിടക്കകളിലും രോഗികളുണ്ട്. 161 ഐ.സി.യുവുകളടക്കം 538 കിടക്കകളാണ് കോവിഡ് രോഗികൾക്കാണ് നീക്കിവെച്ചത്. ജനറൽ ആശുപത്രിയിൽ 13-14 പേരെയാണ് പ്രതിദിനം പ്രവേശിപ്പിക്കുന്നത്. 25 ഐ.സി.യു കിടക്കകൾ ഉടൻ സജ്ജമാകും. ജില്ലയിൽ ആകെയുള്ള ഐ.സി.യു കിടക്കകളിൽ 54.3 ശതമാനമാണ് ഇതുവരെ നിറഞ്ഞത്. ഓക്സിജൻ കിടക്കകളിൽ 16.8 ശതമാനവും.
തിരുവനന്തപുരം, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളിൽ ഓരോ സി.എഫ്.എൽ.റ്റി.സികൾ വീതം പുതുതായി ആരംഭിച്ചിട്ടുണ്ട്. 200 പേർക്കുള്ള കിടക്കകൾ ഇവിടെയുണ്ട്. ചിറയിൻകീഴ് താലൂക്കിൽ കിളിമാനൂരിൽ പുതുതായി ഒരു ഡി.സി.സി (ഡൊമിസിലറി കെയർ സെന്റർ) ഏറ്റെടുത്തു. 100 പേരെ ഇവിടെ ഉൾക്കൊള്ളിക്കാം. സ്വകാര്യ ആശുപത്രികളിൽ 50 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി നീക്കിവെക്കാനുള്ള നടപടി പുരോഗമിക്കുന്നു. ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിനായി കലക്ടറേറ്റിൽ ഓക്സിജൻ വാർ റൂം തുറന്നു. വഴുതക്കാട് വിമൻസ് കോളജ് ഓഡിറ്റോറിയമാണ് ജില്ലതല ഓക്സിജൻ സംഭരണകേന്ദ്രം.
ആലപ്പുഴയിൽ സർക്കാർ മേഖലയിലുള്ള 43 വെന്റിലേറ്ററും ഒഴിവുള്ളതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൽ. അനിതകുമാരി പറഞ്ഞു. സ്വകാര്യ ആശുപത്രികളിൽ 12 വെന്റിലേറ്ററുണ്ട്. സർക്കാർ ആശുപത്രികളിൽ അറുനൂറോളം ഓക്സിജൻ ബെഡുകളുണ്ട്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൾ ലഭ്യമല്ലെന്നും ഡി.എം.ഒ അറിയിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ 600 കിടക്കയിൽ 480ലും രോഗികളായി.100 ഐ.സി.യുവിൽ 73ഉം 60 വെന്റിലേറ്ററിൽ 49ലും രോഗികളുണ്ട്. ആകെയുള്ള 2100 കിടക്കയിൽ കൂടുതലും കോവിഡ് ബാധിതർക്കായി നീക്കിവെച്ചു.
കോട്ടയം ജില്ല ആശുപത്രിയും പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, വൈക്കം ജനറൽ ആശുപത്രികളിലും രോഗികൾ നിറഞ്ഞു. ഇവിടങ്ങളിൽ ഐ.സി.യുവും വെന്റിലേറ്ററും പരിമിതമാണ്. ജില്ലയിൽ കൂടുതൽ സൗകര്യങ്ങളുള്ള 18 സ്വകാര്യ ആശുപത്രിയുണ്ട്. അവിടെയെല്ലാം ഐ.സി.യുകളും വെന്റിലേറ്ററുകളും നിറഞ്ഞു. എന്നാൽ, ഓക്സിജൻ ക്ഷാമം ഇല്ല. ഇടുക്കിയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ സംവിധാനത്തിന്റെ പരമാവധി ശേഷിയും വിനിയോഗിച്ച് ചികിത്സ ലഭ്യമാക്കുമെന്ന് ആരോഗ്യവകുപ്പ്. സർക്കാർ, സ്വകാര്യമേഖലകളിലായി 1304 കോവിഡ് ബെഡുകളും 42 വെന്റിലേറ്റർ ബെഡും 76 ഓക്സിജൻ ബെഡും 116 ഐ.സി.യു ബെഡുമാണുള്ളത്. ഇവയിലെല്ലാം രോഗികളുണ്ട്. വാക്സിൻ സ്റ്റോക്കും പരിമിതമാണ്.
മറുനാടന് മലയാളി ബ്യൂറോ