തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തെച്ചെറുക്കാൻ സംസ്ഥാനം അടച്ചിട്ടിട്ട് നാളേക്ക് ഒരുമാസം തികയും.മൂപ്പത് ദിവസത്തെ അടച്ചിടൽ ഗുണം ചെയ്തുവെന്നാണ് കഴിഞ്ഞ ദിവസത്തെ കോവിഡ് വ്യാപന നിരക്കുകൾ സൂചിപ്പിക്കുന്നത്.കഴിഞ്ഞ മൂന്നുദിവസം തുടർച്ചയായി ടിപിആർ നിരക്ക് 15 ശതമാനത്തിൽ താഴെയാകുന്നതാണ് ആശ്വാസമാകുന്നത്. വരുംദിവസങ്ങളിൽ ഇത് പത്തിൽ കുറയുമെന്നാണ് ആരോഗ്യപ്രവർത്തകരും ബന്ധപ്പെട്ടവരും കണക്കുകൂട്ടുന്നത്.അങ്ങിനെയെങ്കിൽ ലോക്ഡൗൺ തുടരേണ്ട എന്നതുതന്നെയാണ് സർക്കാർ നിലപാട്. അതേസമയം നിരക്ക് കുറഞ്ഞില്ലെങ്കിൽ അടച്ചിടൽ തുടർന്നേക്കും.അതുകൊണ്ട് അടച്ചിടലിന്റെ കാര്യത്തിൽ അടുത്ത മൂന്നുദിവസത്തെ ടിപിആർ നിരക്ക് നിർണ്ണായകമാണ്.

നിലവിലെ തോതിൽ വ്യാപന നിരക്ക് ക്രമമായി കുറയ്ക്കാനായാൽ മൂന്നോ നാലോ ദിവസത്തിനിടെ ഇത് 10 ശതമാനത്തിൽ താഴെ എത്തിക്കാമെന്നും, ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ കഴിയുമെന്നുമാണ് പ്രതീക്ഷ.ലോക്ക് ഡൗൺ ആരംഭിച്ച കഴിഞ്ഞ മാസം എട്ടിന് 28.25 ആയിരുന്നു ടി.പി.ആർ. 12 ന് അത് വീണ്ടുമുയർന്ന് 29.72 ആയി. അതീവഗുരുതരമായ ആ സാഹചര്യത്തിൽ നിന്ന് ടി.പി.ആർ 15 ശതമാനത്തിനു താഴേയ്ക്ക് എത്തിക്കാനായത് ആളുകൾ വീട്ടിലിക്കാൻ തുടങ്ങിയതിന്റെ അനുകൂല ഫലമായി ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച 14.82 ആയിരുന്നു ടി.പി.ആർ. ഞായർ 14.89. ഇന്നലെ അത് 14.27 ആയി.അതേസമയം സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് ഉയർന്നു നിൽക്കുന്ന പ്രതിദിന കണക്കുകൾ ആശങ്ക തോന്നിക്കുന്നതാണെങ്കിലും, അടുത്ത ദിവസങ്ങളിൽ രോഗബാധിതരായവരോ മരണമടഞ്ഞവരോ അല്ല ഇതെന്നുള്ളത് ആശ്വാസമാണ്. മരണം സംഭവിച്ച് ദിവസങ്ങൾക്കു ശേഷം കോവിഡ് സ്ഥിരീകരിക്കുന്ന കേസുകൾ കൂടി ഈ കണക്കിൽ ഉൾപ്പെടുന്നതിനാൽ നിലവിലെ കോവിഡ് സ്ഥിതിയും മരണസംഖ്യയും തമ്മിൽ ബന്ധമില്ലെന്ന് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നു.അതുകൊണ്ട് തന്നെ നിലവിലെ മരണനിരക്കില്ഡ ആശങ്കപ്പെടേണ്ടതില്ല എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ അതിവേഗം കുറവ് വരുത്താം എന്നലക്ഷ്യം മുൻനിർത്തിയാണ് 9 വരെ സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചത്.കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ടിപിആർ നിരക്ക് കുറഞ്ഞാലും ഒരുപാട് ഇളവുകൾ ഒരുമിച്ച് അനുവദിക്കരുത് എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.മൂന്നാം തരംഗ സാധ്യത ചൂണ്ടിക്കാട്ടിയാണ് വിദഗ്ദ്ധർ ഇങ്ങനെയൊരു നിർദ്ദേശം മുന്നോട്ട് വെക്കുന്നത്.അതുകൊണ്ട് തന്നെ അത് കൂടിപ്പരിഗണിച്ചാവും ഇനി ഗവൺമെന്റ് അനുവദിക്കുന്ന ഇളവുകൾ.എങ്കിലും അടച്ചിടൽ അനിശ്ചിതമായി മുന്നോട്ട് പോയാൽ അത് ജനജീവിതത്തെയും സാമ്പത്തിക മേഖലെയും ബാധിക്കുമെന്നതും സർക്കാരിന് തലവേദനയാകുന്നുണ്ട്.