തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരുടെ പിഴത്തുക കൂട്ടി. മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നവർക്ക് ഇനി മുതൽ 500 രൂപയാണ് പിഴ. ഇത്രയും നാൾ 200 രൂപയായിരുന്നു. പൊതുസ്ഥലങ്ങളിൽ തുപ്പുന്നവരുടെ പിഴയും 200ൽ നിന്ന് 500 ആയി ഉയർത്തി.

വിവാഹച്ചടങ്ങുകളിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചാൽ 5000 രൂപ പിഴ ഈടാക്കും. നേരത്തെ ഇത് ആയിരം രൂപയായിരുന്നു. മരണാനന്തര ചടങ്ങുകളിലെ നിയന്ത്രണ ലംഘനത്തിന് 2000 രൂപ പിഴ ചുമത്തും.കടകളിൽ ഉപഭോക്താക്കളുടെ എണ്ണം, സാമൂഹിക അകലം തുടങ്ങിയവ ലംഘിച്ചാൽ 3000 രൂപയാണ് പിഴ.ധർണ, റാലി എന്നിവയുടെ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് 3000രൂപ ഈടാക്കും. ക്വാറന്റീൻ ലംഘിച്ചാൽ 2000 രൂപയാണ് പിഴ.കൂട്ടംകൂടിയാൽ 5000 രൂപ പിഴ ഈടാക്കും.

കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന ആവർത്തിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കോവിഡ് മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ നേരത്തേ പാസാക്കിയ പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് ഭേദഗതി ചെയ്തു.