- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ രാത്രി 8 വരെ തുറക്കാം; ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളിൽ അഞ്ചു ദിവസവും ഇടപാടുകാർക്കു പ്രവേശനം നൽകും; ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു സർക്കാർ; ഇളവുകൾ ടിപിആർ 15 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിൽ മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനം. കടകളുടെ പ്രവർത്ത സമയം രാത്രി എട്ടുമണി വരെ നീട്ടി. വ്യാപാരികളുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് ഈ തീരുമാനം. ബാങ്കുകൾ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങളിൽ അഞ്ചു ദിവസം ഇടപാടുകാർക്കു പ്രവേശനം നൽകാനും തീരുമാനിച്ചിട്ടുണ്ട്.
രോഗ സ്ഥിരീകരണ നിരക്ക് പതിനഞ്ചു ശതമാനത്തിനു മുകളിൽ ഉള്ള പ്രദേശങ്ങളിൽ ഇളവുകൾ ബാധകമാവില്ല. അല്ലാത്ത പ്രദേശങ്ങളിൽ കടകൾ രാത്രി എട്ടു മണി വരെ തുറക്കാൻ അനുമതി നൽകും.യ തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ബാങ്കുകളിൽ ഇടപാടുകാർക്കു പ്രവേശിക്കാം. നിലവിൽ മൂന്നു ദിവസമാണ് ബാങ്ക് ഇടപാടുകൾക്ക് അനുമതിയുള്ളത്.
വാരാന്ത്യ ലോക്ക്ഡൗൺ തുടരാനും അവലോകന യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി ഡൽഹിയിൽ ആയതിനാൽ ഓൺലൈൻ ആയാണ് യോഗത്തിൽ പങ്കെടുത്തത്. ക്ഷേത്രങ്ങളിലെ ഇളവുകൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പ്രത്യേക യോഗം വിളിക്കും. ഇളവുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. എല്ലാ ദിവസങ്ങളിലും പെരുന്നാൾ പ്രമാണിച്ച് കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന ആവശ്യം വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നു.
ടി പി ആർ അടിസ്ഥാനമാക്കി തദ്ദേശഭരണസ്ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ നടപ്പാക്കരുതെന്നും, എത്ര കോവിഡ് രോഗികളുണ്ട് എന്നത് കണക്കാക്കി വേണം നിയന്ത്രണങ്ങൾ എന്നുമാണ് വിദഗ്ദ്ധസമിതി നിർദേശിച്ചത്.മിക്കയിടങ്ങളിലും ടെസ്റ്റുകളുടെ എണ്ണം കൂട്ടി, ടി പി ആർ കുറയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. കടകൾ തുറക്കുന്നത് ചില ദിവസങ്ങളിൽ മാത്രമാകുന്നതിലെ അശാസ്ത്രീയതയും വിദഗ്ദ്ധസമിതി ചൂണ്ടിക്കാട്ടിയിരുന്നു.
തുറക്കുന്ന ദിവസങ്ങളിൽ വലിയ തിരക്കാണ് കടകളിൽ അനുഭവപ്പെടുന്നത്. ഇന്നലെ മിഠായിത്തെരുവിലടക്കം കടകൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങൾ വ്യാപാരികൾ നടത്തിയിരുന്നു. മെയ് എട്ടിനാണ് സംസ്ഥാനത്ത് രണ്ടാംഘട്ട സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കിയത്. കോവിഡ് രണ്ടാംതരംഗത്തിലെ ലോക്ക്ഡൗണിൽ രണ്ട് മാസത്തിനിടെ ഒരിക്കൽ പോലും ഇളവ് കിട്ടാത്ത നിരവധി പഞ്ചായത്തുകളുണ്ട്.
നിയന്ത്രണം പ്രാദേശിക തലത്തിലേക്ക് മാറിയതോടെ പല പഞ്ചായത്തുകളും അറുപത് ദിവസമായി പൂട്ടിയിട്ടിരിക്കുകയാണ്. നിരന്തരം മാറുന്ന മാനദണ്ഡങ്ങളിൽ ജീവിതം വഴിമുട്ടിയതിലെ അതൃപ്തി ഇതിനോടകം സമൂഹ മാധ്യമങ്ങളിലൂടെയടക്കം പലരും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ