- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇളവുകളോടെ ലോക്ഡൗൺ ജൂൺ 9 വരെ നീട്ടും; മദ്യശാലകൾ ഉടൻ തുറക്കേണ്ടെന്നും വിദഗ്ധ സമിതി യോഗത്തിന്റെ തീരുമാനം; ടിപിആർ 10 ശതമാനത്തിൽ താഴെ ആകും വരെ നിയന്ത്രണങ്ങൾ തുടരാനും ധാരണ; വിശദ ഉത്തരവ് ഇറക്കാൻ സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇളവുകളോടെ ലോക്ഡൗൺ നീട്ടും. ജൂൺ 9 വരെ ലോക്ഡൗൺ നീട്ടാനാണ് തീരുമാനം. രോഗസ്ഥീരകരണനിരക്ക് പത്തുശതമാനത്തിൽത്താഴെ എത്തുന്നതുവരെ നിയന്ത്രണങ്ങൾ തുടരണമെന്ന് കേന്ദ്രം കത്തുനൽകിയതിന്റെ അടിസ്ഥാനത്തിൽ കൂടിയാണിത്.
വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ജൂൺ ഒന്നുമുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിനാൽ കൂടുതൽ ഇളവുകൾ നൽകിയേക്കും. ശനിയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന അവലോകനയോഗത്തിൽ ഇക്കാര്യത്തിലും തീരുമാനമുണ്ടായി. വിശദ ഉത്തരവ് പിന്നീട് പുറത്തിറക്കും.
സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് നോട്ട്ബുക്കുകളും മറ്റ് പഠന സാമഗ്രികളും വിൽക്കുന്ന കടകൾ തുറക്കാൻ അനുമതി നൽകിയേക്കും. അതോടൊപ്പം വിവിധ പരീക്ഷകളുടെ മൂല്യനിർണയം ആരംഭിക്കുന്നതിനാൽ നിയന്ത്രണങ്ങളോടെയെങ്കിലും പൊതുഗതാഗതത്തിനും അനുമതി നൽകേണ്ടിവരും.
കയർ, കശുവണ്ടി ഫാക്ടറികൾക്ക് 50 % ജീവനക്കാരെ വച്ച് പ്രവർത്തിക്കാം. ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതി നൽകിയേക്കും. ഇളവുകൾ സംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളും. ഉച്ചക്ക് ശേഷം ചേരുന്ന കോവിഡ് അവലോകന യോഗത്തിലാവും അന്തിമ തീരുമാനം കൈക്കൊള്ളുക. തീരുമാനം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിക്കും. ഇളവുകൾ ഘട്ടം ഘട്ടമായി നൽകുന്നതാണ് പരിഗണനയിലുള്ളത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെ എത്തിയാലെ നിയന്ത്രണങ്ങൾ ഇളവുചെയ്യാവൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം. 16.4 ആണ് കഴിഞ്ഞ 24 മണിക്കൂറിലെ ടിപിആർ. നേരത്തെ ട്രിപ്പിൾലോക്ക് ഡൗൺ ഏർപ്പെടുത്തിയ നാല് ജില്ലകളിലും ടിപിആർ കൂടുതലാണ്.
ഏതൊക്കെ മേഖലകളിൽ ഇളവ് നൽകണമെന്നത് സംബന്ധിച്ച് വിവിധ വകുപ്പുകളുടെ അഭിപ്രായം ആരായും. തീവ്രരോഗവ്യാപനം വന്നതിനാൽ അതീവ ശ്രദ്ധയോടെയാണ് സർക്കാർ ഇക്കാര്യത്തെ സമീപിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ