കൊവിഡ് ബാധയിൽ കുറവ് രേഖപ്പെടുത്തിയതോടെ മെൽബണിലെ ലോക്ക്ഡൗൺ വ്യാഴാഴ്ച അർദ്ധരാത്രി പിൻവലിക്കുമെന്ന് സർക്കാർ അറിയിച്ചു.എന്നാൽ നിയന്ത്രണങ്ങളോടെയാണ് ലോക്ക്ഡൗൺ പിൻവലിക്കുന്നത്.മെൽബണിലുള്ളവർക്ക് 25 കിലോമീറ്റർ പരിധിയിൽ യാത്ര ചെയ്യാം. നിലവിൽ 10 കിലോമീറ്റർ പരിധിക്കുള്ളിൽ മാത്രമാണ് യാത്ര ചെയ്യാവുന്നത്. ഇതോടെ അഞ്ച് കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവു എന്ന നിയന്ത്രണം ഇല്ലാതാകും.

കെട്ടിടത്തിനകത്ത് മാസ്‌ക് നിർബന്ധമായി തുടരും. എന്നാൽ, കെട്ടിടത്തിന് പുറത്ത് ഒന്നര മീറ്റർ അകലം പാലിക്കാൻ കഴിയുന്ന ഇടങ്ങളിൽ മാസ്‌ക് നിർബന്ധമല്ല.വെള്ളിയാഴ്ച മുതൽ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുമെന്നും, കുട്ടികൾക്ക് തിരികെ സ്‌കൂളുകളിലേക്ക് മടങ്ങാമെന്നും ജെയിംസ് മെർലിനോ അറിയിച്ചു.

മെൽബണിലുള്ളവർക്ക് വിക്ടോറിയയുടെ ഉൾപ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുവാദമില്ല.വീടുകളിൽ സന്ദർശനം അനുവദിക്കില്ല,പുറത്തു 10 പേർക്ക് വരെ ഒത്തുചേരാം, മരണാനന്തര ചടങ്ങുകൾക്ക് 50 പേർക്കും, വിവാഹത്തിന് 10 പേർക്കും ഒത്തുചേരാം. കെട്ടിടത്തിനകത്തുള്ള മതപരമായ ചടങ്ങുകൾക്ക് 50 പേർക്കാണ് ഒത്തുചേരാൻ അനുവാദമുള്ളത്.

റസ്റ്റോറന്റുകൾ, കഫേകൾ എന്നിവിടങ്ങളിൽ 100 പേർക്ക് വരെ പ്രവേശിക്കാം. എന്നാൽ കെട്ടിടത്തിനകത്ത് 50 പേർക്ക് വരെ മാത്രമേ അനുവാദമുള്ളൂ.വിക്ടോറിയയിലെ ഉൾപ്രദേശങ്ങളിൽ നടപ്പാക്കിയിരിക്കുന്ന നിയന്ത്രണങ്ങളും ഇളവ് ചെയ്യും. ഇതും വ്യാഴാഴ്ച അർദ്ധരാത്രി മുതലാണ് നടപ്പാക്കുന്നത്.

ഇവിടെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇതേതുടർന്ന് ഉൾപ്രദേശങ്ങളിലെ ലോക്ക്ഡൗൺ കഴിഞ്ഞയാഴ്ച നിയന്ത്രണങ്ങളോടെ പിൻവലിച്ചിരുന്നു.ഇവിടെ വീടുകളിൽ സന്ദർശനം അനുവദിക്കും. എന്നാൽ ഒരു ദിവസം രണ്ട്‌പേർക്ക് മാത്രമേ ഒരു വീട് സന്ദർശിക്കാൻ അനുവാദമുള്ളൂ. പൊതുയിടങ്ങളിൽ 20 പേർക്ക് വരെ ഒത്തുചേരാം.റസ്റ്റോറന്റുകൾ, കഫേകൾ എന്നിവിടങ്ങളിൽ 154 പേർക്ക് പ്രവേശിക്കാം.മതപരമായ ചടങ്ങുകൾക്ക് 154 പേർക്ക് പങ്കെടുക്കാം.മരണാനന്തര ചടങ്ങുകൾക്ക് 75 പേർക്കും, വിവാഹങ്ങൾക്ക് 20 പേർക്ക് വരെയും പങ്കെടുക്കാൻ അനുവാദമുണ്ട്.